ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനത്തലേന്ന് രാഷ്‌ട്രത്തെ അഭിസംബോധന ചെയ്ത രാഷ്‌ട്രപതി ദ്രൗപതി മുര്‍മു ജനങ്ങള്‍ക്ക് ആശംസ നേര്‍ന്നു.നമ്മുടെ ഭരണഘടന ലോകത്തിലെ മികച്ച ജനാധിപത്യം വിഭാവന ചെയ്യുന്നതാണെന്ന് രാഷ്‌ട്രപതി പറഞ്ഞു.
ലോക ചരിത്രത്തിലെ ഏറ്റവും വലിയ റിപ്പബ്ലിക്കിന്റെ അടിസ്ഥാന രേഖയാണ് ഇന്ത്യന്‍ ഭരണഘടന. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആശയങ്ങള്‍ അതില്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്- രാഷ്‌ട്രപതി പറഞ്ഞു.
ഭരണഘടനാ വ്യവസ്ഥകളിലൂടെ ദേശീയതയുടെ ആത്മാവിനും രാജ്യത്തിന്റെ ഐക്യത്തിനും ഭരണഘടനാ ശില്‍പികള്‍ ശക്തമായ അടിത്തറ നല്‍കിയെന്ന് രാഷ്‌ട്രപതി പറഞ്ഞു.സൈന്യത്തെയും പൊലീസ് സേനകളെയും രാഷ്‌ട്രപതി അഭിനന്ദിച്ചു. രാജ്യ പുരോഗതിക്ക് ,തെരഞ്ഞെടുപ്പില്‍ വനിതകളുടെ പങ്കാളിത്തം ആവശ്യമാണെന്നും രാഷ്‌ട്രപതി പറഞ്ഞു.
ഐസിസി വുമണ്‍ ക്രിക്കറ്റ് ലോകകപ്പും ബ്ലൈന്‍ഡ് ലോകകപ്പും നേടിയ താരങ്ങളെ രാഷ്‌ട്രപതി അഭിനന്ദിച്ചു.ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന ഇടമെന്ന ശ്രീനാരായണ ഗുരുവിന്റെ സന്ദേശവും രാഷ്‌ട്രപതി പരാമര്‍ശിച്ചു.
















