കെ.പി.ശശിധരന്‍/ എം. ശ്രീഹര്‍ഷന്‍
വി.എം.കൊറാത്തിനെ അനുസ്മരിച്ചുകൊണ്ട് 2008 ല്‍ എഴുതിയ ലേഖനത്തില്‍ ‘ചന്ദനഗന്ധം പോലുള്ള ഒരാള്‍’ എന്നാണ് കെ.പി.ശശിധരന്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ലേഖനത്തിന്റെ തലക്കെട്ടും അതായിരുന്നു. ചാലിയാര്‍ പുഴയുടെ ഇരുകരകളിലുമുള്ള കടല്‍ത്തീരഗ്രാമങ്ങളെന്ന് വിളിക്കാവുന്ന പ്രദേശത്താണ് കൊറാത്ത് സാറിന്റെയും തന്റെയും വീടുകള്‍ എന്നു പറഞ്ഞുകൊണ്ട് ആ വ്യക്തിത്വത്തിലേക്കുള്ള തീര്‍ഥസഞ്ചാരമായിരുന്നു ആ വരികള്‍.
”നമ്മുടെ കലാ-സാഹിത്യ-സാംസ്‌ക്കാരിക പ്രസ്ഥാനങ്ങളുടെ ഗതി നിയന്ത്രിച്ചിരുന്നവരില്‍ ഒട്ടേറെ കഴിവുകളും പൂജ്യം സദാചാര ശുദ്ധിയുമുള്ളവരും ധാരാളമുണ്ടായിരുന്നു. നിശാവിനോദങ്ങളും നേരമ്പോക്കുകളും കലാ-സാഹിത്യ-പ്രത്യയശാസ്ത്ര ചര്‍ച്ചകളും ഇഴചേര്‍ന്ന് പിരിക്കുന്ന ‘മദ്യമാര്‍ഗാ’വലംബികളായിരുന്നു അവര്‍. അതുകൊണ്ട് നമ്മുടെ സാംസ്‌ക്കാരിക മേഖലയ്‌ക്ക് പറയത്തക്ക നേട്ടമൊന്നുമുണ്ടായിട്ടില്ല. കലാബോധവും സഹൃദയത്വവുമില്ലാതെ, സാത്വികത വിളയിച്ച് തെളിയിച്ചാലും കലാരംഗം വളരില്ല. വ്യക്തമായ നയപരിപാടികളുടെ അടിസ്ഥാനത്തിലാണ് ‘തപസ്യ’ കേരളത്തില്‍ അതിന്റെ പ്രവര്‍ത്തനം ആരംഭിച്ചതെങ്കിലും, ചിലരുടെ വ്യക്തിമുദ്രകൂടി സംഘടനയുടെ സ്വഭാവത്തെ നിയന്ത്രിച്ചിട്ടുണ്ടെന്ന് പറയാതെ വയ്യ. തന്റെ ജീവിതാവസാനം വരെ പ്രത്യക്ഷമായും പരോക്ഷമായും തപസ്യയ്‌ക്ക് മാര്‍ഗദര്‍ശനം നല്‍കിയ വ്യക്തിയായിരുന്നു കൊറാത്ത് സാര്‍. ആരോഗ്യം ക്ഷയിച്ച് കഴിയുന്ന അവസാനനാളുകളില്‍ പോലും വളരെ ദുര്‍ബലമായ ശബ്ദത്തില്‍ ശ്രദ്ധിച്ചാല്‍ മാത്രം മനസ്സിലാവുന്ന രീതിയില്‍ ടെലിഫോണിലൂടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും നല്‍കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഇപ്രകാരമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് തികച്ചും അര്‍ഹതപ്പെട്ട ഒരു ജീവിതപശ്ചാത്തലം, പ്രത്യേകിച്ചും മാതൃഭൂമി പത്രവുമായുള്ള ബന്ധത്തിലൂടെ അദ്ദേഹം നേടിയെടുത്തിട്ടുണ്ടായിരുന്നു.
”സജ്ഞയന്റെ ആരാധകന്‍ കൂടിയായ കൊറാത്ത് സാര്‍ ചിരിയുടെയും ശുഭാപ്തി വിശ്വാസത്തിന്റെയും വഴിയില്‍നിന്ന് ഒരിക്കലും വ്യതിചലിച്ചിരുന്നില്ല. എങ്കിലും ചില സന്ദര്‍ഭങ്ങളില്‍ അദ്ദേഹത്തെ അസ്വസ്ഥനോ രോഷാകുലനോ ആയി ഞാന്‍ കണ്ടിട്ടുണ്ട്. ആദ്യത്തെ അനുഭവം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കാലത്തായിരുന്നു. ഈ കാലഘട്ടങ്ങളില്‍ ഞങ്ങള്‍ തമ്മിലുള്ള ബന്ധം ഏതാനും ചില കൂടിക്കാഴ്ചകള്‍ക്കപ്പുറത്തേക്ക് വളര്‍ന്നിരുന്നില്ല. അടിയന്തരാവസ്ഥയുടെ ഏറ്റവും വലിയ സദ്ഫലം, നമ്മുടെ നാട്ടിലെ നീതിന്യായ, ഭരണ, ക്രമസമാധാന, രാഷ്‌ട്രീയ, സാംസ്‌ക്കാരിക, സാമൂഹിക മേഖലകളിലെ ക്ഷുദ്രജീവികളെയും കള്ളനാണയങ്ങളെയും അത് തൊലിയുരിച്ചു കാണിച്ചുതന്നു എന്നതാണ്. അക്കാര്യത്തില്‍ ഇന്ദിരാഗാന്ധിയോട് നാം നന്ദി പറയണം. മാതൃഭൂമിയിലെന്നല്ല കേരളത്തില്‍ തന്നെയുള്ള മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ കൊറാത്തിനെ അടിയന്തരാവസ്ഥാവിരുദ്ധനെന്ന പേരില്‍ അറസ്റ്റ് ചെയ്യിപ്പിക്കാന്‍ മാതൃഭൂമിയുമായി അടുത്ത ബന്ധമുള്ള ഒരു കോണ്‍ഗ്രസ് നേതാവ് ശ്രമിച്ചിരുന്നത്രെ. ദേശീയപ്രസ്ഥാനത്തിന്റെ വിത്ത് മുളപ്പിച്ച മാതൃഭൂമിയിലെ, പഴയ കോണ്‍ഗ്രസുകാരന്‍ കൂടിയായ കൊറാത്തിനെ കെ.പി. കേശവമേനോന്‍ പത്രാധിപരായിട്ടുള്ള ഒരു സ്ഥാപനത്തില്‍നിന്ന് അറസ്റ്റു ചെയ്താലുണ്ടാവുന്ന വിപരീതഫലമോര്‍ത്തിട്ടായിരിക്കണം അധികൃതര്‍ ആ ഉദ്യമത്തില്‍നിന്ന് പിന്തിരിഞ്ഞത്. ആര്‍എസ്എസ്സിന്റെ നേതൃത്വത്തിലുള്ള അടിയന്തരാവസ്ഥാവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ തന്നാലാവുന്ന സഹായസഹകരണങ്ങള്‍ ചെയ്യാന്‍ കൊറാത്ത് സാര്‍ മടിച്ചിരുന്നില്ല. പകവീട്ടാന്‍ ഈ അവസരം ചിലര്‍ വിനിയോഗിച്ചുവെങ്കിലും ഫലിച്ചില്ല.
”അടിയന്തരാവസ്ഥയില്‍ കൊറാത്ത് സാറിനെ അസ്വസ്ഥനാക്കിയത് ഇതൊന്നുമായിരുന്നില്ല. ജനാധിപത്യം പുനസ്ഥാപിക്കുന്നതിനു വേണ്ടിയുള്ള സത്യഗ്രഹസമരങ്ങള്‍ ഭാരതമൊട്ടുക്കും കൊടുമ്പിരികൊള്ളുമ്പോള്‍ ‘സത്യം സമത്വം സ്വാതന്ത്ര്യം’ എന്നെഴുതിപിടിപ്പിച്ച പത്രത്തില്‍ ആത്മവഞ്ചനയ്‌ക്ക് വ്യാഖ്യാനമെഴുതുന്നതിനെ പത്രപ്രവര്‍ത്തനമെന്ന് വിശേഷിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. എക്കാലവും നെഹ്റുകുടുംബത്തില്‍ അടിയന്തരം നടത്തിക്കൊടുക്കാന്‍ അവകാശപ്പെട്ട ഒരു പത്രത്തിന് ഇന്ദിരയുടെ അടിയന്തരം നടത്തിക്കൊടുക്കാനും ബാധ്യതയുണ്ടല്ലോ. ഈ പല്ലക്ക് ചുമക്കാന്‍ കൊറാത്ത്സാര്‍ തയാറായില്ല. എന്നുമാത്രമല്ല തന്റെ കഴിവിന്റെ പരമാവധി അതിനെ ചോദ്യം ചെയ്യാനും അദ്ദേഹം മുന്നോട്ടു വന്നു.”
വാര്‍ത്തികത്തിന്റെ പത്രാധിപരാവുന്നു
പത്രത്തില്‍ ജോലി ലഭിക്കാതായതോടെയാണ് കെ.പി.ശശിധരന്‍ കോളജധ്യാപകനായത്. പക്ഷേ തപസ്യയുടെ ‘വാര്‍ത്തികം’ എന്ന മാസികയുടെ പത്രാധിപത്യത്തിലേക്ക് നിയോഗിക്കപ്പെട്ടതോടെ ആഗ്രഹം ഭാഗികമായി സാധിക്കുകയായിരുന്നു. വാര്‍ത്തികം മാസികയില്‍ എഴുതിയ പത്രാധിപക്കുറിപ്പുകളും കലാ-സാഹിത്യ രംഗത്തെ പ്രമുഖരെക്കുറിച്ചുള്ള നഖചിത്രങ്ങളും തുടക്കം മുതല്‍ക്കേ സാംസ്‌കാരികലോകം ശ്രദ്ധിച്ചു തുടങ്ങി. അതിലെ വിശകലനരീതിയും കാഴ്ചപ്പാടും നിലപാടുകളും ഭാഷയുടെ കരുത്തും ആശയസംക്രമണശേഷിയും വായനക്കാരെ വല്ലാതെ ആകര്‍ഷിക്കുകയുണ്ടായി. ഈ മാസിക കിട്ടുന്നവര്‍ മിക്കവരും അത് മറ്റുള്ളവര്‍ക്ക് വായനക്കായി കൈമാറുകയും സൂക്ഷിച്ചുവയ്‌ക്കുകയും ചെയ്തിരുന്നു. കേരളത്തിലെ ഏതാണ്ട് എല്ലാ പ്രമുഖരായ എഴുത്തുകാര്‍ക്കും അത് അയച്ചകൊടുത്തിരുന്നു. അവരൊക്കെ വളരെ ഗൗരവപൂര്‍വമാണ് കെ.പി.ശശിധരന്‍ എന്ന പത്രാധിപരെ നോക്കിക്കണ്ടിരുന്നത്. ഒ.വി.വിജയന്‍, വി.രാജകൃഷ്ണന്‍, വെട്ടൂര്‍ രാമന്‍നായര്‍ മുതലായ പ്രമുഖര്‍ വാത്തികത്തിലെ മുഖപ്രസംഗത്തിനുള്ള പ്രതികരണങ്ങള്‍ എഴുതിയയ്‌ക്കാറുണ്ടായിരുന്നു. സാഹിത്യവാരഫലത്തില്‍ എം.കൃഷ്ണന്‍നായര്‍ പല തവണ വാര്‍ത്തികത്തെ പരാമര്‍ശിക്കുകയും പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. ശശിമാഷുടെ ആ എഴുത്ത് സാംസ്‌കാരികരംഗത്ത് വലിയ ചലനങ്ങള്‍ സൃഷ്ടിക്കുകയുണ്ടായി. ഒരുപാട് ആരാധകരെയും.
”കേരളത്തിലെ സാംസ്‌കാരികരംഗത്ത് വലിയ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു കൊച്ചു പ്രസിദ്ധീകരണമായിരുന്നു അത്. എല്ലാവരും അത് അതീവഗൗരവമായി വായിച്ചിരുന്നു. ‘വാര്‍ത്തിക’ത്തിന്റെ മുഖപ്രസംഗത്തില്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഒരിക്കലും മുഖം നോക്കിയിട്ടില്ല. ‘തപസ്യ’യെപ്പോലും വിമര്‍ശിച്ചിട്ടുണ്ട്. പക്ഷേ എല്ലാവരും അത് തുറന്ന മനസ്സോടെയാണ് ഉള്‍ക്കൊണ്ടത്. ആ മുഖപ്രസംഗം എഴുതിയ കാലത്ത് വിഷയങ്ങള്‍ തെരഞ്ഞെടുക്കാനായി അച്ചടിക്കേണ്ടതിന്റെ തൊട്ടു തലേദിവസം വരെ കാത്തിരിക്കാറുണ്ട്. അല്ലെങ്കില്‍ വിഷയം പഴയതായിപ്പോവും. ചെറിയ കാര്യമായിരുന്നതുകൊണ്ട് അതിന് മൂര്‍ച്ച കൂട്ടാന്‍ പറ്റുമായിരുന്നു. ആശയത്തിന്റെ ശക്തി പൂര്‍ണമായി സന്നിവേശിപ്പിക്കാന്‍ ഭാഷയെ ബോധപൂര്‍വം കരുത്തുറ്റതാക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു.
”ആ മാസികയുടെ രൂപം ചെറുതായിരുന്നു. എങ്കിലും അതിനുള്ളിലുള്ളത് എറ്റവും കൂടുതല്‍ സംക്രമണശേഷിയുള്ളതാവണം എന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അക്കിത്തത്തിന്റെ ‘സഞ്ചാരീഭാവം’, കൊറാത്ത് സാറിന്റെ ‘മറുപുറം’ എന്നീ പംക്തികളും ആനുകാലികമായ സാംസ്‌കാരിക സംഭവവികാസങ്ങളോടുള്ള പ്രതികരണങ്ങളും അതിനെ ശ്രദ്ധേയമാക്കിയിരുന്നു.
”വാര്‍ത്തികത്തിനു വേണ്ടി പ്രവര്‍ത്തിച്ചവരെല്ലാം തികച്ചു ആത്മാര്‍ഥവും സൗജന്യവുമായി സേവനമനുഷ്ഠിച്ചവരായിരുന്നു. ഇരുപത്തിരണ്ട് വര്‍ഷം മുടങ്ങാതെ പ്രസിദ്ധീകരിച്ച ശേഷം അത് നിലച്ചുപോയി. അത് പ്രസിദ്ധീകരിക്കാന്‍ കഴിയാത്തതില്‍ ‘തപസ്യ’ക്ക് യാതൊരു അങ്കലാപ്പും ഇല്ല എന്നതും പ്രസിദ്ധീകരണം പുനരാരംഭിക്കുന്നതില്‍ അവര്‍ യാതൊരുവിധ മുന്‍കൈയും എടുക്കുന്നില്ല എന്നതും എന്നെ അദ്ഭുതപ്പെടുത്തുന്നു.”
നിലപാടുകളുടെ കൃത്യതയും വ്യക്തതയും വിമര്‍ശനങ്ങളില്‍ ഉപയോഗിക്കുന്ന ആക്ഷേപഹാസ്യത്തിന്റെ മൂര്‍ച്ചയും ‘വാര്‍ത്തികം’ മുഖപ്രസംഗങ്ങളുടെ മുഖമുദ്രയായിരുന്നു. കെ.പി.ശശിധരന്‍ എന്ന കരുത്തുറ്റ കോളമിസ്റ്റിന്റെ വാക്കുകള്‍ കൊള്ളേണ്ടിടത്ത് വേണ്ടവിധം കൊള്ളുകയും പൊള്ളിക്കുകയും ചെയ്തിരുന്നു. 1999 ല്‍ പമ്പയില്‍ 53 ശബരിമലതീര്‍ഥാടകര്‍ തിക്കിലും തിരക്കിലും പെട്ട് കൂട്ടമരണത്തിന് ഇടയായ അവസരത്തില്‍ എഴുതിയ മുഖപ്രസംഗം നോക്കുക:
”ഒന്നോ രണ്ടോ മാസം കഴിയുമ്പോള്‍ ശബരിമല ദുരന്തത്തിന്റെ അലയൊലി ഒടുങ്ങും. അടുത്തവര്‍ഷവും കഴിഞ്ഞതെല്ലാം വിസ്മരിച്ച് പൂര്‍വാധികം സംഖ്യയോടെ, തെലുങ്കരും തമിഴരും നഗ്നപാദരായി മല ചവിട്ടാനെത്തും. അവരുടെ വഴിപാടു തുകകൊണ്ട് ദേവസ്വംപത്തായം നിറയും. ദേവസ്വം ബോര്‍ഡിലെ ടിഎ-ഡിഎ സന്നദ്ധഭടന്മാരും ട്രേഡ് യൂണിയന്‍ കൂലിത്തല്ലുകാരും നിരീശ്വരവാദികളും ചേര്‍ന്ന് കുത്തുകയും മൂക്കറ്റം ഉണ്ണുകയും ചെയ്യും. വൃശ്ചികമാസാരംഭത്തില്‍ കായ്‌ക്കുകയും മകരമാസത്തില്‍ പഴുത്ത് വീഴുകയും ചെയ്യുന്ന ‘ഹ്രസ്വകാലഭക്തി’യുടെ ദുരന്തമാണ് കേരളത്തിലെ ഹിന്ദു ഇന്ന് പങ്കിട്ടെടുക്കുന്നത്. വ്യക്തിയുടെയും അയാളുടെ കുടുംബത്തിന്റെയും സങ്കുചിതതാല്പര്യങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും അപ്പുറത്തുള്ള മറ്റൊരു തലം നമ്മുടെ ഭക്തര്‍ക്ക് അപ്രാപ്യമാണ്. കാണിക്കയിടുന്ന പണം കള്ളുഷാപ്പിലേക്കോ പാര്‍ട്ടി ഓഫീസിലേക്കോ എവിടേക്ക് ഒഴുകിയാലും വിശ്വാസികള്‍ക്ക് വിരോധമില്ല. അമ്പത്തിമൂന്നുപേര്‍ക്കു പകരം അയ്യായിരം പേരാണ് പമ്പയുടെ കരയില്‍ മരിച്ചുവീണതെങ്കിലും ഈ പ്രതികരണ വിശേഷത്തിന് വല്ല മാറ്റവുമുണ്ടാകുമെന്ന് കരുതുക വയ്യ. കേരളത്തിലെ ഇടതും വലതുമായ എല്ലാ ഭരണക്കാര്‍ക്കും ഹിന്ദുവിന്റെ ഈ ദൗര്‍ബല്യം നല്ലവണ്ണമറിയാം. സ്വയം തീറെഴുതിക്കൊടുക്കാന്‍ തയാറായി, കുനിഞ്ഞ തലയും കാണിച്ച് നില്‍ക്കുന്ന ഒരു ജനതയ്‌ക്ക്, അവര്‍ക്ക് അര്‍ഹതപ്പെട്ടതെന്തോ അത് ലഭിക്കും. ശബരിമല ദുരന്തം ആവര്‍ത്തിക്കില്ല എന്ന ഭംഗിവാക്കില്‍ സൂര്യോദയസൗന്ദര്യം കണ്ടെത്തുന്നവരോട് സഹതപിക്കുകയല്ലാതെ മറ്റെന്തു ചെയ്യാന്‍ കഴിയും!”
ഈ വാക്കുകളില്‍നിന്ന് പ്രസരിക്കുന്ന വിമര്‍ശമത്തിന്റെ തീജ്വാല കാലങ്ങള്‍താണ്ടി ഈ വര്‍ത്തമാനകാലത്തും നമ്മുടെ മനസ്സിനെ പൊള്ളിക്കുന്നില്ലേ! നമ്മുടെ സത്യാവബോധത്തിന്റെ ഉടുപ്പില്‍ അത് കത്തിപ്പിടിക്കുന്നില്ലേ! ശബരിമലയില്‍ ‘രുദ്രവന പദ്ധതി’യെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പൊങ്ങിവന്നപ്പോള്‍ അതേക്കുറിച്ചെഴുതിയ മുഖപ്രസംഗത്തിന് ‘രുദ്രവനമോ ക്ഷുദ്രവനമോ’ എന്നാണ് ശശിമാഷ് പേരിട്ടത്.
(അടുത്തത്: ഇന്ത്യ, മോദിക്ക് മുന്‍പും പിന്‍പും)
















