വയനാട് : ഭൂമി തരംമാറ്റാനുള്ള നടപടി ക്രമങ്ങളില്‍ വീഴ്ച വരുത്തിയെന്ന പരാതിയില്‍ വയനാട് ഡെപ്യൂട്ടി കളക്ടര്‍ സി ഗീതയെ സസ്പന്‍ഡ് ചെയ്തു.കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ജെ ദേവസ്യയുടെ പരാതിയിലാണ് നടപടി.
ഭൂമി തരം മാറ്റുന്നതിന് അനാവശ്യ തടസങ്ങള്‍ ഉന്നയിച്ച് 10000 രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നത് ഉള്‍പ്പെടെയാണ് പരാതി. അന്വേഷണ വിധേയമായാണ് ഗീതയെ സസ്‌പെന്‍ഡ് ചെയ്തത്.
വയനാട് ജില്ലയിലെ നൂല്‍പ്പുഴ വില്ലേജിലെ ബ്ലോക്ക് 33ല്‍ സര്‍വെ നമ്പര്‍ 395/16ല്‍ ഉള്‍പ്പെട്ട പത്ത് സെന്റ് ഭൂമി ഹൈക്കോടതി വിധി പ്രകാരം ഡാറ്റാബാങ്കില്‍ നിന്ന് ഒഴിവാക്കി 2025 ഫെബ്രുവരി 27ന് ഉത്തരവായിട്ടുള്ളതാണ്. ഫോം ആറ് പ്രകാരം ഭൂമി തരം മാറ്റത്തിനുള്ള അപേക്ഷയില്‍ നടപടി സ്വീകരിക്കേണ്ട ഡെപ്യൂട്ടി കളക്ടര്‍ സി ഗീത അനാവശ്യ തടസങ്ങള്‍ ഉന്നയിച്ച് നിരസിക്കുകയായിരുന്നുവെന്നാണ് കെ ജെ ദേവസ്യ പരാതി നല്‍കിയത്. പതിനായിരം രൂപ നല്‍കിയാല്‍ ഡെപ്യൂട്ടി കളക്ടറെകൊണ്ട് ഭൂമി തരം മാറ്റി തരാമെന്ന് തനിക്ക് പരിചയമില്ലാത്ത ഒരാള്‍ ആവശ്യപ്പെട്ടുവെന്നും കെ ജെ ദേവസ്യ പരാതിയില്‍ പറയുന്നു.പണം നല്‍കാനുള്ള ആവശ്യം നിരസിച്ചതോടെ തരം മാറ്റത്തിനുള്ള അപേക്ഷ നിരസിച്ചുവെന്നുമാണ് പരാതി.
















