2004 മുതല്‍ 2014 വരെയുള്ള കാലയളവ് മാവോയിസ്റ്റ് ഭീകരവാദികളുടെ താണ്ഡവത്തിന്റെ കാലഘട്ടമായിരുന്നു. ഈ കാലയളവില്‍ മാത്രം ചെറുതും വലുതുമായ ഭീകരാക്രമണങ്ങളുണ്ടായി.
ഇതില്‍ മാത്രം 2907 ആക്രമണങ്ങളിലായി 6984 കൊലപാതകങ്ങള്‍ നടന്നു. നാട്ടുകാരും സുരക്ഷാ സൈനികരുമാണ് മരിച്ചവരിലേറെയും.
2004 ല്‍ മാത്രം 127 വ്യത്യസ്ത ഭീകരാക്രമണങ്ങളിലായി 280 നാട്ടുകാര്‍ കൊല്ലപ്പെട്ടു. 2005 ല്‍ 343 ഭീകരവാദ ആക്രമണങ്ങളില്‍ നാട്ടുകാരും സുരക്ഷാ ഉദ്യോഗസ്ഥരുമടക്കം 712 പേര്‍ കൊല്ലപ്പെട്ടു. സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ച് ഏറെ അസ്വസ്ഥത ഉണ്ടാക്കിയതും ആ മേഖലയിലെ വിദഗ്ധരെ ഏറെ ചിന്തിപ്പിച്ചതുമായ സംഭവം 2005 നവംബര്‍ 13-ന് ബീഹാറില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റ്, ജോഹന്നാബാദില്‍ നടത്തിയ ജയില്‍ ഭേദനമെന്ന നക്‌സലൈറ്റ് ഓപ്പറേഷനായിരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളെ പൂര്‍ണ്ണമായും നിസ്സഹായരാക്കിക്കൊണ്ട് 389 തടവുകാരെ മോചിപ്പിച്ചു. ജയില്‍, പോലീസ് സ്റ്റേഷന്‍, ആയുധപ്പുര എന്നിവയെല്ലാം തങ്ങളുടെ അധീനതയിലാക്കി. 2005ലെ ബീഹാര്‍ സംസ്ഥാന തെരഞ്ഞെടുപ്പ് സമയത്തുണ്ടായ ചെറിയ സുരക്ഷാ വീഴ്ച ഉപയോഗപ്പെടുത്തി നക്‌സലൈറ്റുകള്‍ നടത്തിയ ഈ അക്രമം ആസൂത്രണം ചെയ്തത് മാവോയിസ്റ്റ് ഗറില്ലാ ആര്‍മ്മിയായ പിഎല്‍ജിഎ ആയിരുന്നു. മാവോയിസ്റ്റുകളുടെ നേതൃത്വത്തില്‍ ജനങ്ങളെ പുകമറയാക്കി 1000-ല്‍ അധികം പേര്‍ ചേര്‍ന്ന് ജയിലില്‍ നിന്ന് 380 മാവോയിസ്റ്റുകളെ മോചിപ്പിച്ചു. ഈ സംഭവത്തെ ഡെക്കാന്‍ ഹെറാള്‍ഡ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത് കറുത്തരാത്രി എന്നാണ്.
വാര്‍ത്ത ഇങ്ങനെ തുടരുന്നു. ‘ജയിലിന് 50 അടി മാത്രം അകലെ താമസിക്കുന്ന സഞ്ജീവ്കുമാര്‍ യാദവിന്റെ വാക്കുകള്‍ ബീഹാറിലെ അന്നത്തെ ജംഗിള്‍ രാജിന്റെ ഫലമാണ് എന്നാണ്.(“Sanjiv Kumar Yadav, 45, whose house stood barely 50 steps from the jail, also remembers the long night. “At that time, people were afraid, but it was an exceptional case and has gone down as a black night in the history of Jehanabad,” he says. Asked whether it was the result of ‘jungle raj”)
2007 ല്‍ ജാര്‍ഖണ്ഡിലെ ഇസ്റ്റ് സിംഹും ജില്ലയില്‍ ഘട്ട് ശിലയ്‌ക്കടുത്ത് ഒരു പ്രാദേശിക ഫുട്‌ബോള്‍ മത്സരം വീക്ഷിക്കുകയായിരുന്ന ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ ലോക് സഭാംഗം സുനില്‍ മഹാതോയെ മാര്‍ച്ച് നാലിന് പരസ്യമായി വെടിവച്ച് കൊന്നുകൊണ്ട് മാവോയിസ്റ്റുകള്‍ ഭീകരവാദത്തിന്റെ വ്യത്യസ്തമായ മറ്റൊരു ഭീകരമുഖം അവതരിപ്പിച്ചു. ജനങ്ങളെ പൂര്‍ണ്ണമായും ഭയചകിതരാക്കുക എന്ന ഭീകരരുടെ ലക്ഷ്യമാണ് ഇത്തരം കൊലപാതകങ്ങളില്‍ കൂടി പ്രകടമാകുന്നത്.
മാവോയിസ്റ്റ് ഭീകരവാദത്തിന്റെ ചരിത്രത്തില്‍ 2010 വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. മാവോയിസ്റ്റാക്രമണത്തിന്റെ ചരിത്രത്തില്‍ ഏറ്റവും ഭീതിദവും രക്തരൂക്ഷിതവുമായ വര്‍ഷമായിരുന്നു 2010. 481 ഭീകരാക്രമണങ്ങളിലായി 1180 കൊലപാതങ്ങള്‍ നടത്തി ഭീകരര്‍ അഴിഞ്ഞാടി. മാവോയിസ്റ്റ് ചരിത്രത്തിലെ ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നായിരുന്നു ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ 2010 ഏപ്രില്‍ 6 ന് നടന്ന മിന്നലാക്രമണം. മാവോയിസ്റ്റ് ഭീകര വിരുദ്ധ സേന എന്ന നിലയില്‍ വനമേഖലയിലൂടെ നീങ്ങുകയായിരുന്ന സൈനികരെ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. ഈ ആക്രമണത്തില്‍ 76 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു.
മറ്റൊന്ന് പശ്ചിമ ബംഗാളിലെ വെസ്റ്റ് മിഡ്‌നാപ്പൂര്‍ ജില്ലയില്‍ 2010 മെയ് 28 ന് നടന്ന ജ്ഞാനേശ്വരി എക്്‌സ്പ്രസ് അട്ടിമറിയാണ്. ഹൗറയില്‍ നിന്ന് മുംബൈയിലേക്ക് പോ
വുകയായിരുന്ന ജ്ഞാനേശ്വരി എക്‌സ്പ്രസ് പാളം തെറ്റിക്കുകയും എതിര്‍ദിശയില്‍ വന്ന ചരക്ക് തീവണ്ടിയില്‍ ഇടിക്കുകയും ചെയ്തു. ഈ അട്ടിമറിയില്‍ 148 യാത്രക്കാര്‍ കൊല്ലപ്പെട്ടു. മാവോയിസ്റ്റുകള്‍ റെയില്‍വേ പാളത്തില്‍ അട്ടിമറി നടത്തിയതാണ് അപകടകാരണമെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഛത്തീസ്ഗഡില്‍ 2010 ജൂണില്‍ നാരായണ്‍പൂര്‍ ജില്ലയില്‍ സി.ആര്‍.പി.എഫ് സംഘത്തിന് നേരെ വീണ്ടും ആക്രമണം നടന്നു. ഈ ആക്രമണത്തില്‍ 27 ജവാന്മാര്‍ വീരമൃത്യു വരിച്ചു. വനത്തിനുള്ളില്‍ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സുരക്ഷ നല്‍കാന്‍ പോയ സംഘത്തെയാണ് പതിയിരുന്ന മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയത്. സാധാരണക്കാരെയും, യാത്രക്കാരെയും ഭടന്മാരെയും കൂട്ടമായി കൊന്നുതള്ളിയ വര്‍ഷം എന്ന നിലയില്‍ 2010 എല്ലായ്‌പോഴും ഓര്‍മ്മിക്കപ്പെടും.
നിലപാടില്ലാത്ത സര്‍ക്കാരും സുരക്ഷാനയവും
മാവോയിസ്റ്റ് ചരിത്രത്തിലെ ഏറ്റവും ശക്തമായ ആക്രമണം നടന്ന 2010 ന് ശേഷം 2011 സെപ്തംബര്‍ 21ന് പശ്ചിമബംഗാളിലെ കൊല്‍ക്കത്തയില്‍ നടന്ന സെമിനാറില്‍ അന്നത്തെ ആഭ്യന്തരമന്ത്രി പി. ചിദംബരം പറഞ്ഞത് ‘ഭാരതത്തിന്റെ ഏറ്റവും ശക്തമായ ആഭ്യന്തര വെല്ലുവിളിയാണ് മാവോയിസം. അത് ഭീകരതയെക്കാള്‍ വെല്ലുവിളിയാണ്. രാജ്യത്ത് മറ്റ് ഭീകരപ്രവര്‍ത്തനങ്ങളില്‍ കൊല്ലപ്പെട്ടതിനെക്കാള്‍ കൂടുതല്‍ പേര്‍ ഈ മാവോയിസത്തിന്റെ പേരില്‍ കൊല്ലപ്പെട്ടിരിക്കുന്നു’.
അതായത് മാവോയിസം ഭീരവാദത്തെക്കാള്‍ ഭയാനകമായ ആഭ്യന്തര ഭീഷണിയാണെന്ന ബോധ്യം ഉണ്ടായിട്ടും മാവോയിസത്തെ ഭീകരവാദമെന്ന് പറയാനോ അതിനനുസരിച്ച നടപടികള്‍ സ്വീകരിക്കാനോ സര്‍ക്കാര്‍ തയ്യാറായില്ല.
ജനാധിപത്യത്തോടുള്ള വെല്ലുവിളി
ഛത്തീസ്ഗഡിലെ രാഷ്‌ട്രീയ നേതൃത്വത്തെ പാടേ ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ട് നടത്തിയ ദര്‍ഭ ഘാട്ട് ആക്രമണം നടന്നത് 2013 മെയ് 25നാണ്. ബസ്തര്‍ ജില്ലയിലെ ഭര്‍ഭഘാട്ടില്‍ വെച്ച് കോണ്‍ഗ്രസ് നേതാക്കളായ മുന്‍ കേന്ദ്ര ക്യാബിനറ്റ് മന്ത്രി വി.സി. ശുക്ല, മന്ത്രി മഹേന്ദ്ര കര്‍മ്മ, ഛത്തീസ്ഗഡ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ നന്ദകുമാര്‍ പട്ടേല്‍ എന്നിവര്‍ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് നേരെയാണ് ഈ ആക്രമണം നടന്നത്. ‘പരിവര്‍ത്തന്‍ റാലി’ കഴിഞ്ഞ് മടങ്ങുകയായിരുന്നു നേതാക്കള്‍. വാഹനങ്ങളിലുണ്ടായിരുന്ന നേതാക്കളിലേറെയും കൊല്ലപ്പെട്ടു. കോണ്‍ഗ്രസ് ഭരണകാലത്ത് അതേ പാര്‍ട്ടിയുടെ സമുന്നതരായ രണ്ട് മന്ത്രിമാര്‍ ഉള്‍പ്പയെുള്ളവര്‍ ദാരുണമായി കൊല്ലപ്പെട്ടിട്ടും ശക്തമായ നടപടി സ്വീകരിക്കാനോ ഭീകരവാദം അടിച്ചമര്‍ത്താനോ അന്നത്തെ ഭരണനേതൃത്വത്തിന് സാധിച്ചില്ല. 2013ലെ ഈ സംഭവത്തിന് ശേഷം 2014ലും ആക്രമണം വര്‍ദ്ധിക്കുന്ന കാഴ്ചയാണ് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്.
നാളെ: മാവോയിസ്റ്റ് ഭീകരത: വൈദേശിക ബന്ധമുള്ള ആഭ്യന്തര ഭീഷണി
















