കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. എസ്ഐടി രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് തൊട്ടു പിന്നാലെയാണ് ഇഡി നടപടി. മുരാരി ബാബുവിന് ഉടൻ സമൻസ് അയക്കും.
ദ്വാരപാലക, കട്ടിളപ്പാളി കേസുകളിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. കൊല്ലം വിജിലന്‍സ് കോടതിയാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഇതോടെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്ന ആദ്യ വ്യക്തിയാണ് മുരാരി ബാബു. ഇരു കേസുകളിലും അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് സ്വാഭാവിക ജാമ്യം അനുവദിച്ചത്. രണ്ട് കേസുകളിലും ജാമ്യം ലഭിച്ച സാഹചര്യത്തില്‍ മുരാരി ബാബു ഉടന്‍ ജയില്‍ മോചിതനായി.
ദ്വാരപാലക ശിൽപത്തിലെ സ്വർണം ചെമ്പാക്കി രേഖപ്പെടുത്തിയതിന്റെ നിർണായക രേഖകൾ റെയ്ഡിനിടെ ഇ ഡിയ്‌ക്ക് ലഭിച്ചിരുന്നു. മറ്റു പ്രതികളുടെ ചോദ്യം ചെയ്യലും ഉടനുണ്ടാകും. കഴിഞ്ഞ ദിവസം മുരാരി ബാബുവിന്റെ വീട്ടിൽ ഇ ഡി റെയ്‌ഡ് നടത്തിയിരുന്നു. വരവിൽ കൂടുതൽ സ്വത്ത് ഇയാൾ സംബാധിച്ചിട്ടുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇത് മരവിപ്പിക്കാനുള്ള നീക്കവും ഇഡി നടത്തുന്നുണ്ട്.
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രണ്ട് കേസുകളായിരുന്നു എസ്‌ഐടി രജിസ്റ്റര്‍ ചെയ്തത്. ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണമോഷണവുമായി ബന്ധപ്പെട്ടായിരുന്നു ആദ്യ കേസ്. ഇതില്‍ രണ്ടാംപ്രതിയായിരുന്നു മുരാരി ബാബു. ഈ കേസില്‍ ഒക്ടോബര്‍ 23നായിരുന്നു മുരാരി ബാബുവിനെ എസ്‌ഐടി അറസ്റ്റ് ചെയ്യുന്നത്. പെരുന്നയിലെ വീട്ടില്‍നിന്ന് കസ്റ്റഡിയില്‍ എടുത്ത ശേഷമായിരുന്നു അറസ്റ്റ്.
ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണപ്പാളികള്‍ ചെമ്പ്പാളികള്‍ എന്ന് തെറ്റായി രേഖപ്പെടുത്തിയത് മുരാരി ബാബുവായിരുന്നുവെന്ന് എസ്‌ഐടി കണ്ടെത്തിയിരുന്നു. മുരാരിബാബു ഇടപെട്ടാണ് സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം നവീകരണത്തിന് അയച്ചതെന്നും എസ്‌ഐടി അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മുരാരി ബാബുവിന്റെ അറസ്റ്റ്. കട്ടിളപ്പാളി കേസിലും മുരാരി ബാബുവിന്റെ പങ്ക് വ്യക്തമായതോടെയായിരുന്നു എസ്‌ഐടി അന്ന് തന്നെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ ആറാം പ്രതിയാണ് മുരാരി ബാബു.
അതേസമയം, കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നേരത്തെ ദ്വാരപാലക ശില്‍പ കേസില്‍ സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ കട്ടിളപ്പാളി കേസില്‍ 90 ദിവസം പൂര്‍ത്തിയാകാത്തതിനാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി റിമാന്‍ഡില്‍ തുടരുകയാണ്. കേസിലെ മറ്റൊരു പ്രതിയായ തന്ത്രി കണ്ഠര് രാജീവരുടെ റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇന്നലെ കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. തന്ത്രിയുടെ റിമാന്‍ഡ് 14 ദിവസം കൂടി നീട്ടി. കഴിഞ്ഞദിവസം തന്ത്രിയെ എസ്‌ഐടി കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു. തന്ത്രിയുടെ ജാമ്യാപേക്ഷ ഈ മാസം 28ന് പരിഗണിക്കും.
















