പാലക്കാട്: രാഷ്‌ട്രപതിഭവനില്‍ 26ന് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ നടന്‍ ഉണ്ണി മുകുന്ദന് രാഷ്‌ട്രപതിയുടെ ക്ഷണം. ‘റിപ്പബ്ലിക് ഡേ അറ്റ് ഹോം 2026’ പരിപാടിയില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കാനാണ് ഉണ്ണി മുകുന്ദന് രാഷ്‌ട്രപതിയുടെ പ്രത്യേക ക്ഷണം ലഭിച്ചത്.
ഉണ്ണി മുകുന്ദനടക്കം വിശിഷ്ടാതിഥികളെ അഭിസംബോധന ചെയ്ത് രാഷ്‌ട്രപതിയുടെ ഓഫീസില്‍ നിന്ന് അയച്ച വ്യക്തിഗത ക്ഷണക്കത്ത് തപാല്‍ വകുപ്പ് അധികൃതര്‍ ഒറ്റപ്പാലത്തെ വീട്ടിലെത്തി കൈമാറി. രാജ്യത്തെ വിവിധ മേഖലകളില്‍ നിന്നുള്ള 250 പ്രമുഖ വ്യക്തികളെയും സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളെയുമാണ് ആഘോഷത്തിനായി ക്ഷണിച്ചിട്ടുള്ളത്.
പോസ്റ്റ്മാന്‍ കെ.വി. മണികണ്ഠനാണ് കത്ത് കൈമാറിയത്. രാഷ്‌ട്രപതിയുടെ ക്ഷണം ഏറെ സന്തോഷവും, അഭിമാനവും അംഗീകാരവും നല്‍കുന്നതാണെന്നും തികഞ്ഞ ആദരവോടെ ക്ഷണക്കത്ത് സ്വീകരിക്കുന്നതായും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. രാഷ്‌ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ എന്തായാലും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒറ്റപ്പാലം പോസ്റ്റല്‍ സബ് ഡിവിഷണല്‍ ഓഫീസിലെ ഉദ്യോഗസ്ഥരായ കെ.വി. വിനോദ് കൃഷ്ണന്‍,- രോഹിത്ത്, എം.ജി. കൃഷ്ണന്‍, വി. രജില, കെ.കെ. ഉണ്ണികൃഷ്ണന്‍, കെ.ടി. ജയപ്രകാശന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
















