മുംബൈ: മുംബൈയിലെ അന്ധേരിയിൽ അപ്പാർട്ട്മെന്റിന് നേരെ വെടിയുതിർത്ത സംഭവത്തിൽ വിവാദ നടനും നിരൂപകനുമായ കമാൽ ആർ ഖാൻ (KRK) അറസ്റ്റിലായി. കെട്ടിടത്തിൽ രണ്ടു റൗണ്ട് വെടിവെച്ചെന്ന് ഇയാൾ തന്നെ സമ്മതിച്ചു. മുംബൈയിലെ അന്ധേരിയിലെ ലോഖണ്ഡ്വാലയിലുള്ള നളന്ദ സൊസൈറ്റിക്ക് നേരെയാണ് വെടിവയ്‌പ്പ് നടത്തിയത് .ഓഷിവാര പോലീസിന്റെ കസ്റ്റഡിയിലുള്ള കെആർകെയെ വെള്ളിയാഴ്ച വൈകുന്നേരം ഓഷിവാര പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു.
സ്വന്തം ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് വെടിയുതിർത്തതായി KRK സമ്മതിച്ചതായും തോക്ക് പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു. ജനുവരി 18 നാണ് സംഭവം നടന്നതെന്നും അന്ധേരിയിലെ ഓഷിവാരയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന് നേരെ രണ്ട് റൗണ്ട് വെടിവെപ്പ് നടന്നതായും റിപ്പോർട്ടുകൾ പറയുന്നു.
എന്നാൽ, തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടിയതാണെന്നും, മരങ്ങൾക്കിടയിലേക്ക് വെടിയുതിർത്തപ്പോൾ കെട്ടിടത്തിൽ തട്ടിയതാണെന്നുമാണ് KRK-യുടെ മൊഴി. നേരത്തെ ഇയാളുടെ പേരിൽ ലൈംഗിക ആരോപണവും ഉയർന്നിരുന്നു. കൂടാതെ രാജ്യദ്രോഹപരമായ ട്വീറ്റുകളുടെ പേരിലും ഇയാൾക്കെതിരെ കേസുണ്ട്.















