ഏഴരശനി, കണ്ടകശനി, ശനിദശ, ശനിയുടെ അപഹാരം എന്നുവേണ്ട ശനി കഴിഞ്ഞിട്ട് ഒരു നേരം ഇല്ലേ എന്ന് തോന്നിപ്പോകും. ശനിദശ പത്തൊൻപത് വർഷമാണ്, ഏഴരശനി ഏഴരവർഷവും, കണ്ടകശനി രണ്ടരവർഷവും. ദശാകാലം ഒരിക്കൽ മാത്രമേ വരൂ.
ചന്ദ്രൻ നിൽക്കുന്ന രാശിയുടെ പന്ത്രണ്ടിലും ജന്മത്തിലും രണ്ടിലും ശനി സഞ്ചരിക്കുന്ന കാലമാണ് ഏഴരശനി. ജാതകത്തിൽ ചന്ദ്രൻ നിൽക്കുന്നതിന്റെ നാലിലും ഏഴിലും പത്തിലും ശനി സഞ്ചരിക്കുന്ന സമയം കണ്ടകശനിയും. ഇതു മാറിമാറി വരും.
ഏഴരശനി കഴിഞ്ഞ് രണ്ടരവർഷം കഴിയുമ്പോൾ കണ്ടകശനി തുടങ്ങും. പിന്നെ അഞ്ചു വർഷം ദോഷമില്ല. വീണ്ടും കണ്ടകശനി, തുടർന്ന് അഞ്ചുവർഷം കുഴപ്പമില്ല. വീണ്ടും രണ്ടരക്കൊല്ലം കണ്ടകൻ. അതിന് ശേഷം രണ്ടരക്കൊല്ലം കഴിഞ്ഞ് ഏഴരശനി വീണ്ടും തുടങ്ങും.
സാധാരണ രീതിയിൽ ഒരാൾക്ക് മൂന്ന് പ്രാവശ്യം വരെ ഏഴര ശനി വരാം ഏതാണ്ട് തൊണ്ണൂറ് വയസ്സുവരെ ആയുസ്സുണ്ടെങ്കിൽ. ശനിദോഷ പരിഹാരമായി ശനിയാഴ്ച വ്രതം, ശനിഗ്രഹത്തിന് അർച്ചന, കറുത്ത വസ്ത്രം ചാർത്തൽ, നീരാജനം, എള്ളുപായസം നേദിക്കുക, കാക്കയ്‌ക്ക് ചോറു കൊടുക്കുക ഒക്കെയാണ് നിർദേശിക്കുക. ഇന്ദ്രനീല രത്നം ധരിക്കുന്നതും നല്ലതാണ്.
അപവാദം കേൾക്കുക, അപകടം സംഭവിക്കുക, സകലകാര്യങ്ങളും മന്ദഗതിയിലാവുക (മന്ദൻ – ശനി), നാടു വിട്ടു കഴിയേണ്ടിവരിക ഒക്കെയാണ് ശനിദോഷം കൊണ്ട് വരുന്ന കാര്യങ്ങൾ. വിദേശത്ത് കഴിയുന്നവർക്ക് ദുരിതങ്ങൾ കുറയും. അന്യദേശവാസം ദോഷഫലമായി ഉള്ളതാണെങ്കിലും ജോലി കിട്ടിയോ, ഉപരിപഠനാർത്ഥമോ, വിനോദയാത്ര, തീര്‍ഥയാത്ര എന്നീ രീതിയിലോ നാട്ടിൽ നിന്നും മാറി നിൽക്കുന്നത് ദോഷത്തെ ലഘൂകരിക്കുന്നതായി കണ്ടുവരുന്നു. മലമുകളിൽ, വനത്തിൽ, മരുഭൂമിയിൽ ഒക്കെ കഴിയുമ്പോൾ ശനിദോഷം ഒരു തരത്തിൽ പരിഹരിക്കപ്പെടുന്നു എന്നു കൂടി മനസ്സിലാക്കുക.















