തിരുവനന്തപുരം: ദമ്പതികള്‍ മരിച്ച കിളിമാനൂരിലെ വാഹനാപകടത്തില്‍ മൂന്നു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കിളിമാനൂര്‍ എസ്എച്ച്ഒ ഡി ജയന്‍, എസ്‌ഐമാരായ അരുണ്‍, ഷജീം എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. കേസ് കൈകാര്യം ചെയ്യുന്നതില്‍ ഗുരുതര വീഴ്ച വന്നെന്ന റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി.
അപകടം ഉണ്ടായ ദിവസം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല.വാഹനമോടിച്ച പ്രതി വിഷ്ണുവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ ഇയാളെ വിട്ടയച്ചത് ഗുരുതര വീഴ്ചയാണെന്നാണ് കണ്ടെത്തല്‍. പിറ്റേദിവസം വന്നാല്‍ മതിയെന്ന് പറഞ്ഞ് നോട്ടീസ് നല്‍കി വിട്ടയക്കുകയായിരുന്നു.
പ്രതി ഒളിവില്‍ പോവുകയും ചെയ്തു. തിരുവനന്തപുരം റേഞ്ച് ഐജിയാണ് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്.
അതേസമയം, കിളിമാനൂരില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ മുഖ്യപ്രതി വിഷ്ണുവിന്റെ സുഹൃത്ത് അറസ്റ്റിലായി. വിഷ്ണുവിനെ രക്ഷപ്പെടാന്‍ സഹായിച്ച ആദര്‍ശ് (29) ആണ് പിടിയിലായത്. കേസിലെ മുഖ്യപ്രതിയായ വിഷ്ണുവിനായി പൊലീസ് തമിഴ്‌നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
















