കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ ദേവസ്വം മന്ത്രിയും നിലവില്‍ എം എല്‍ എയുമായ കടകംപ്പള്ളി സുരേന്ദ്രനും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മിലുള്ള കൂടിക്കാഴ്ചകളെക്കുറിച്ചും സാമ്പത്തിക ഇടപാടുകള്‍ ഉണ്ടോ എന്നതിലും വിശദമായ പരിശോധന തുടങ്ങി പ്രത്യേക അന്വേഷണ സംഘം.ശബരിമലയിലെ സ്‌പോണ്‍സര്‍ എന്ന നിലയില്‍ മാത്രമാണ് സ്വര്‍ണക്കൊള്ളയിലെ പ്രധാന പ്രതിയായ പോറ്റിയുമായി തനിക്കുള്ള പരിചയമെന്നാണ് കടകംപള്ളിയുടെ മൊഴി.ഒരു തവണ മാത്രമാണ് തമ്മില്‍ കണ്ടതെന്നുമായിരുന്നു ഡിസംബര്‍ 28ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ കടകംപള്ളിയുടെ മൊഴി.
എന്നാല്‍, ഈ മൊഴിയില്‍ പൊരുത്തക്കേടുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘം കരുതുന്നത്. കടകംപള്ളി പോറ്റിയുടെ വീട്ടില്‍ രണ്ട് തവണ എത്തി എന്ന് പോറ്റിയുടെ അയല്‍വാസിയായ മഹസര്‍ സാക്ഷി വിക്രമന്‍ നായര്‍ മൊഴി നല്‍കിയിട്ടുണ്ട്. പോറ്റിയുടെ അച്ഛനെ സന്ദര്‍ശിക്കാനെത്തി. ഒരു തവണ പൊലീസ് അകമ്പടിയിലെത്തിയിരുന്നു.
കടകംപള്ളിക്ക് ഉപഹാരങ്ങള്‍ നല്‍കിയെന്ന് ചോദ്യം ചെയ്യലില്‍ പോറ്റി പറഞ്ഞിട്ടുണ്ട്.ഇതടക്കം ഇരുവരും തമ്മില്‍ 2019ല്‍ ഏതെങ്കിലും സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്നറിയാനും വീണ്ടും ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം ഒരുങ്ങുകയാണ്.
















