പ്രവചനാതീതമായ സാഹചര്യത്തിലും ട്രംപ് ഒരുക്കുന്ന കെണിയിൽ വീഴാതെ ഇന്ത്യ സംയമനത്തോടെ സ്വന്തം നില സുരക്ഷിതമാക്കുന്നത് നയതന്ത്ര വൃത്തങ്ങളെ അത്ഭുതപ്പെടുത്തുന്നു.യൂറോപ്യൻ രാജ്യങ്ങളും ബ്രിട്ടനും ട്രംപിന്റെ കടുത്ത സാമ്പത്തിക നിലപാടുകൾക്ക് മുന്നിൽ പകച്ചുനിൽക്കുമ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംയമനവും ദീർഘവീക്ഷണവുമാണ് ഇന്ത്യയെ സുരക്ഷിതമാക്കിയതെന്ന് രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. വ്യാപാര കരാർ, റഷ്യൻ എണ്ണ തുടങ്ങിയ പല വിഷയങ്ങളിലും ട്രംപ് നേരിട്ടും അദ്ദേഹത്തിന്റെ ഭരണകൂടത്തിലെ പ്രമുഖരും ഇന്ത്യയ പ്രകോപിപ്പിക്കാൻ ശ്രമിച്ചെങ്കിലും നയതന്ത്ര നീക്കങ്ങളിലൂടെ ഇന്ത്യ യുഎസിനെ അത്ഭുതപ്പെടുത്തുകയാണ് ചെയ്തത്.
അമേരിക്കൻ ഉദ്യോഗസ്ഥർ ഇന്ത്യക്കെതിരെ കടുത്ത ഭാഷയിൽ വിമർശനങ്ങൾ ഉന്നയിച്ചപ്പോഴും ഇന്ത്യ ക്ഷമയോടെയുള്ള നയതന്ത്ര ചർച്ചകൾ തുടർന്നു.ഇന്ത്യ തുടക്കം മുതലേ നേരിട്ടുള്ള ഏറ്റുമുട്ടലുകൾ ഒഴിവാക്കി. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിലടക്കം ഇന്ത്യയ്‌ക്ക് മേൽ 50 ശതമാനം താരിഫ് ചുമത്തിയിട്ടും, ഇന്ത്യൻ മന്ത്രിമാരോ പ്രധാനമന്ത്രിയോ ട്രംപിനെതിരെ വാക്‌പോരിന് മുതിർന്നില്ല.രാജ്യത്തെ കാർഷിക-ക്ഷീര മേഖലകളെ ദോഷകരമായി ബാധിക്കുന്ന ഒരു വ്യാപാര കരാറിനും സമ്മർദ്ദങ്ങൾക്ക് വഴങ്ങി ഇന്ത്യ ഒപ്പിട്ടില്ല. താരിഫ് ഭീഷണി ഉയർത്തി ഇന്ത്യയെക്കൊണ്ട് കരാറിൽ ഒപ്പിടുവിക്കാനുള്ള ട്രംപിന്റെ നീക്കം വിജയിച്ചില്ലെന്ന് യുഎസ് കൊമേഴ്സ് സെക്രട്ടറി ഹൊവാർഡ് ലുട്നിക് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
പ്രധാനമന്ത്രി മോദി ട്രംപുമായി നേരിട്ട് സംസാരിക്കാൻ വിസമ്മതിച്ചതാണ് ഭാഗികമായ വ്യാപാര കരാർ പോലും പരാജയപ്പെടാൻ കാരണമായതെന്ന് ലുട്നിക് ചൂണ്ടിക്കാട്ടി. പാകിസ്താനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചുവെന്ന് ട്രംപ് പറഞ്ഞത് ഇന്ത്യയെ വെട്ടിലാക്കിയിരുന്നു. എന്നാൽ, നേരിട്ടുള്ള ബന്ധത്തിലൂടെയാണ് വെടിനിർത്തൽ സംഭവിച്ചതെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് ട്രംപിനെ ഇന്ത്യ നേരിട്ടു. തുടർന്നും അവകാശവാദങ്ങൾ ട്രംപ് തുടർന്നെങ്കിലും ഇന്ത്യ നിലപാട് മാറ്റിയില്ല.ഇതിന് പുറമെ യുഎസുമായുള്ള വ്യാപാര കരാർ വൈകുമ്പോഴും ഇന്ത്യയ്‌ക്ക് ഏറെ ഗുണം ചെയ്യുന്ന മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകൾ ഒപ്പുവെച്ചു.
ബ്രിട്ടൻ, ഒമാൻ,.ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളുമായി വ്യാപാര കരാറുകൾ ഉറപ്പിച്ച ഇന്ത്യ, യൂറോപ്യൻ യൂണിയനുമായുള്ള ചർച്ചകളും വേഗത്തിലാക്കി. യൂറോപ്യൻ രാജ്യങ്ങൾ ഇപ്പോഴും ട്രംപിന്റെ നയങ്ങൾ പഠിക്കാൻ ശ്രമിക്കുമ്പോൾ, ഇന്ത്യ മാസങ്ങൾക്ക് മുൻപേ ഇത് തിരിച്ചറിഞ്ഞ് പ്രതിരോധം തീർത്തുവെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.
















