കണ്ണൂർ∙ തയ്യിലിൽ ഒന്നരവയസ്സുകാരനെ കടലിലെറിഞ്ഞു കൊന്ന കേസിൽ അമ്മ ശരണ്യയ്‌ക്ക് ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ച് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി. രണ്ടാം പ്രതിയും ശരണ്യയുടെ കാമുകനുമായിരുന്ന നിധിനെ തെളിവുകളുെട അഭാവത്തിൽ വെറുതെ വിട്ടിരുന്നു. കാമുകനൊപ്പം ജീവിക്കാൻ വേണ്ടിയാണ് ഒന്നരവയസുകാരൻ വിയാനെ ശരണ്യ കടൽഭിത്തിയിൽ എറിഞ്ഞ് കൊലപ്പെടുത്തിയത്.
സ്വജീവൻ പണയംവച്ചു പരുന്തിനോടു പോരാടിയാണ് കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിലൊളിപ്പിച്ചു സംരംക്ഷിക്കുന്നതെന്നും അതു പ്രകൃതിനിയമമാണെന്നും ആ പ്രകൃതിനിയമത്തിന് എതിരായാണ് ഒന്നര വയസ്സുള്ള കുഞ്ഞിനെ കടലിലെറിഞ്ഞു കൊന്ന കേസിലെ പ്രതി ശരണ്യ പ്രവർത്തിച്ചതെന്നു ജഡ്ജി പറഞ്ഞു. ഇതു സമൂഹമനഃസാക്ഷിക്കുതന്നെയേറ്റ ആഘാതമാണെന്നും കോടതി വ്യക്തമാക്കി.
ഗൂഢാലോചന, കുറ്റകൃത്യം ചെയ്യാനുള്ള സഹായം, പ്രേരണ എന്നീ കുറ്റാരോപണങ്ങൾ തെളിയിക്കാനായില്ലെന്നു കോടതി കണ്ടെത്തി. ഇക്കാര്യത്തിൽ പ്രോസിക്യൂഷനും പൊലീസിനും വീഴ്ച പറ്റിയെന്നും കോടതി വിലയിരുത്തി. 2020 ഫെബ്രുവരി 17നാണ് ശരണ്യ മകനെ കൊലപ്പെടുത്തിയത്. നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിനൊടുവില്‍ ശരണ്യയുടെ വീട്ടില്‍നിന്ന് 50 മീറ്റര്‍ അകലെയുള്ള കടല്‍ ഭിത്തിയില്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യത്തെളിവുകൾ ഉപയോഗിച്ചാണ് കേസ് തെളിയിച്ചത്. എന്നാൽ രണ്ടാം പ്രതി നിധിനെതിരെ തെളിവുകൾ ശേഖരിക്കാൻ പൊലീസിനായില്ലെന്നു കോടതി വിലയിരുത്തി. സദാചാരഗുണ്ടകളെ പോലെയാണു പൊലീസ് പെരുമാറിയത്. ശരണ്യയും നിധിനും തമ്മിൽ സംസാരിക്കുന്നതിന്റെയും ഫോൺകോളുകളുടെയും തെളിവുകൾ പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ ഇതു കുട്ടിയെ കൊല്ലാനുള്ള ഗൂഢാലോചനയ്‌ക്കുള്ള തെളിവാകണമെന്നില്ല. അവർ തമ്മിൽ ബന്ധമുണ്ടായിരിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.
















