തിരുനാവായ: ഭക്തിമുഖരിതമായ അന്തരീക്ഷത്തില്‍ ദീപങ്ങള്‍ ഉയര്‍ന്നു… മന്ത്രങ്ങള്‍ മുഴങ്ങി…. നിളാ തീരത്ത് ശംഖനാദത്തിന്റെയും മന്ത്രധ്വനികളുടെയും മണിനാദത്തിന്റെയും സംഗീതലയം. സൂര്യാസ്തമയത്തിന് പിന്നാലെ 6.45 ഓടെ നിളാ ആരതി ചടങ്ങുകള്‍ ആരംഭിച്ചു. പഞ്ചഭൂതങ്ങളെയും സമന്വയിപ്പിക്കുന്ന ഭക്തിസാന്ദ്രമായ നിമിഷങ്ങള്‍. ഡമരുനാദത്തിന്റെ ലയത്തില്‍ ദീപങ്ങള്‍ താളാത്മകമായി ഉയര്‍ന്നു താഴ്ന്നു. നിളയുടെ തീരവും നിളയും ദീപക്കാഴ്ചയിലമര്‍ന്നു. പുണ്യകാശിയിലെ ദിവ്യവെളിച്ചം നിളയുടെ തീരത്തൊഴുകിയ പ്രതീതി. കേരളത്തിലെ ഭാരതപ്പുഴയ്‌ക്ക് ഇത് പുനരുജ്ജീവനത്തിന്റെ കാലം.
ഭക്തജനങ്ങള്‍ ആത്മീയനിര്‍വൃതിയിലലിഞ്ഞ നിമിഷങ്ങള്‍. ദശാശ്വമേധ് ഘാട്ടിലെ 12 പണ്ഡിറ്റുമാരാണ് നിളാ ആരതി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കാന്‍ തിരുനാവായയില്‍ എത്തിയിട്ടുള്ളത്. ഏഴു പേരാണ് ദിവസവും ആരതി ചടങ്ങുകള്‍ നടത്തുന്നത്. മൂന്ന് പേര്‍ ഡമരു കൊട്ടും. രണ്ട് ഗുരുക്കന്‍മാര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.
പുഴയുടെ മധ്യഭാഗത്ത് ഒരുക്കിയ യജ്ഞശാലയ്‌ക്കു സമീപമാണ് നിളാ ആരതി നടക്കുന്നത്. പല തട്ടുകളുള്ള വിളക്കുകള്‍ ഉപയോഗിച്ചാണ് ആരതി. മോഹന്‍ജി ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ദിവസവുമുള്ള നിളാ ആരതി. ഭാരതപ്പുഴയുടെ മധ്യത്തിലുള്ള മണല്‍ത്തിട്ടിലാണ് നിളാ ആരതി നടക്കുന്നത്. തിരുനാവായ പടിഞ്ഞാറേക്കടവില്‍നിന്ന് നിളാ ആരതി നടക്കുന്ന സ്ഥലത്തേക്ക് താത്കാലിക പാലത്തിലൂടെ ഭക്തജനങ്ങള്‍ക്ക് എത്തിച്ചേരാം.
കൂടാതെ തോണിയിലും ഇങ്ങോട്ട് എത്താം. നാവാമുകുന്ദ ക്ഷേത്രത്തിന്റെ തെക്കുവശത്തെ പടവുകളിലിരുന്നു കാണാനുള്ള സൗകര്യമാണ് ഇവിടെ ഭക്തര്‍ക്ക് ഉള്ളത്. പുഴയില്‍ ആരതി നടക്കുന്നിടത്തുചെന്ന് ചടങ്ങ് ദര്‍ശിക്കണമെന്നുള്ളവര്‍ക്ക് തവനൂരിലൂടെ തീരത്തെത്താം. കുറ്റിപ്പുറം-തൃശൂര്‍ പാതയില്‍ കുറ്റിപ്പുറം പാലത്തിനടുത്തായുള്ള തവനൂര്‍റോഡ് ജങ്ഷനില്‍നിന്ന് അയങ്കലം വഴി തവനൂരിലെത്താം. മൂന്നു ദിവസമായി ആരതി ചടങ്ങുകള്‍ നടക്കുന്നുണ്ടെങ്കിലും ഇന്നലെ പാലം തുറന്നതോടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ചടങ്ങുകള്‍ നടക്കുന്നതിന് ചുറ്റിലും പുഴയിലുമുള്‍പ്പെടെ ഭക്തര്‍ ആരതി ചടങ്ങുകള്‍ കാണാന്‍ തടിച്ചുകൂടി. തിരുനാവായ ക്ഷേത്രത്തിന് മുന്‍വശത്ത് മറുകരയില്‍ നടക്കുന്ന ചടങ്ങുകള്‍ കാണാന്‍ നിരവധി പേരാണ് ഉണ്ടായത്.
















