തിരുനാവായ: ശംഖധ്വനികളിലും മന്ത്രോച്ചാരണങ്ങളിലുമലിഞ്ഞ് നിളയുടെ തീരങ്ങള്‍. സംന്യാസി വര്യര്‍ക്കൊപ്പം വിശ്വാസികളും വേദമന്ത്രോച്ചാരണങ്ങളോടെ നിളയില്‍ പുണ്യസ്‌നാനം ചെയ്ത് ആത്മശുദ്ധി വരുത്തി… നൂറുകണക്കിന് ആളുകളാണ് തിരുനാവായ മഹാ മാഘാത്തിനു സാക്ഷികളാകാന്‍ നിള തീരത്തേക്ക് ഒഴുകിയെത്തുന്നത്. അയോദ്ധ്യയില്‍ നിന്നും കാശിയില്‍ നിന്നുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംന്യാസിമാര്‍ ഇവിടെയെത്തി സ്‌നാനം ചെയ്ത് പരിക്രമം ചെയ്യുന്നു. ദിവസങ്ങളോളം ഇവിടെ താമസിച്ചു ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുമുണ്ട്. അഗ്നിക്കും ജലത്തിനും വായുവിനും നശിപ്പിക്കാനാകാത്ത അനശ്വരസത്യമായി സ്വയം മാറാനുള്ള അവസരമാണ് മഹാമാഘം തുറന്നിടുന്നതെന്ന് അവര്‍ പറയുന്നു.
ഭാരതപ്പുഴ ആരംഭിക്കുന്ന തമിഴ്നാട്ടിലെ തിരുമൂര്‍ത്തി മലയില്‍നിന്ന് ശ്രീചക്രവുമായി പുറപ്പെട്ട രഥയാത്ര ഇന്ന് വൈകിട്ട് തിരുനാവായ ക്ഷേത്രത്തിലെത്തുന്നതോടെ മുഖ്യ ചടങ്ങുകള്‍ക്ക് തുടക്കമാകും. ഭാരതപ്പുഴയുടെ ഓളങ്ങളില്‍ ലയിക്കാന്‍, ശ്രീചക്രത്തിന്റെ ചൈതന്യം ഏറ്റുവാങ്ങാനും തിരുനാവായ ഒരുങ്ങിക്കഴിഞ്ഞു. ഇന്ന് ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ പ്രത്യേക പൂജകളും യജ്ഞങ്ങളും നടക്കും. രാവിലെ ഉദയത്തിന് മുമ്പ് ലക്ഷ്മണന്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍ സൂര്യ ഗണപതി സാധന നടക്കും. പ്രഭാതത്തില്‍ ജയന്‍ ഇളയത്ത് നേതൃത്വം നല്‍കുന്ന സുകൃത ഹോമം നടക്കും. എല്ലാ പ്രവര്‍ത്തനങ്ങളും വിജയകരമായി സമാപിക്കാനുള്ള ദൈവാനുഗ്രഹത്തിനായി അര്‍പ്പിക്കുന്നതാണ് സുകൃത ഹോമം.
തുടര്‍ന്ന് രാവിലെ 11 മുതല്‍ ഗായത്രി അക്ഷരദേവത പൂജയും യജ്ഞവും നടക്കും. അരുണ്‍ പ്രഭാകര്‍ നേതൃത്വം നല്‍കുന്ന ചടങ്ങില്‍, മന്ത്രങ്ങളുടെ ദേവതയായ ഗായത്രിയെ മഹാമന്ത്രമായി ആരാധിക്കുന്നു. പരിശുദ്ധ അക്ഷരങ്ങളുടെ ശക്തിയിലൂടെ ഉള്ളിലെ ദൈവിക ഊര്‍ജ്ജങ്ങളെ ഉണര്‍ത്തുകയും, ആത്മീയ ശക്തിയും ശുദ്ധിയും സമൃദ്ധിയും പ്രാപിക്കാനും സഹായിക്കുന്നനതാണ് ഈ പൂജ. വൈകിട്ട് 5.30 മുതല്‍ സര്‍വേശ്വര പൂജ നടക്കും. അശോകന്‍ കാണിയുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍. ദൈവിക ബോധമില്ലാതെ ജീവിതം ശൂന്യമായി മാറുന്ന സാഹചര്യങ്ങളില്‍ നിന്ന് ഉയര്‍ന്ന് വരാന്‍ ഈ പൂജ സഹായിക്കുമെന്നാണ് സങ്കല്‍പ്പം. ഐക്യം, സമൃദ്ധി, സമാധാനം എന്നിവ കൈവരിക്കാന്‍ ദൈവാനുഗ്രഹം തേടുന്നതാണ് ഈ അനുഷ്ഠാനം. ശേഷം സന്ധ്യയ്‌ക്ക് ഭാരതപ്പുഴയുടെ മധ്യത്തില്‍ മണല്‍ത്തിട്ടയില്‍ നിളാ ആരതിയും നടക്കും.
തിരുനാവായയിലെ, ഭക്തിയും വിശ്വാസവും ഒത്തുചേരുന്ന ഈ പുണ്യനിമിഷങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാവുകയാണ്. നിളയുടെ തീരത്ത് തെളിയുന്ന യാഗാഗ്നിയും ശ്രീചക്രത്തിന്റെ സാന്നിധ്യവും വരുംകാലത്തേക്കുള്ള വലിയൊരു ആത്മീയ മുന്നേറ്റത്തിന്റെ വിളംബരം കൂടിയാണ്. കേരളീയ നവോത്ഥാന നായകന്മാര്‍ കാണിച്ചുതന്ന ആത്മീയപാതയിലൂടെയുള്ള ഈ തിരിച്ചുപോക്ക്, ഓരോ വിശ്വാസിക്കും പകരുന്നത് പുതിയൊരു ഊര്‍ജ്ജമാണ്.
















