കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ പ്രതികളായ മുന്‍ ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബു, സ്വര്‍ണവ്യാപാരി ഗോവര്‍ദ്ധന്‍ തുടങ്ങിയവരുടെ ജാമ്യഹര്‍ജികള്‍ തള്ളിയ ഹൈക്കോടതി പ്രതികള്‍ക്കെതിരെ ആഞ്ഞടിച്ചു.
അദ്വൈതം എന്ന ചലച്ചിത്രത്തിലെ പഞ്ചാഗ്നി മധ്യേ തപസു ചെയ്താലും പാപകര്‍മത്തിന് പ്രതിക്രിയയാകുമോയെന്ന ഗാനം ഉദ്ധരിച്ച് പ്രതികളുടെ പാപകര്‍മ്മങ്ങള്‍ ചൂണ്ടിക്കാട്ടിയ കോടതി കൊള്ളയടിച്ച ബാക്കി സ്വര്‍ണം എവിടെയെന്നും ആരാഞ്ഞു. അയ്യപ്പന്റെ സ്വര്‍ണം പ്രതികള്‍ കൂട്ടം ചേര്‍ന്ന് കൊള്ളയടിച്ചുവെന്ന് തുറന്നടിച്ച കോടതി കൂടുതല്‍ പ്രതികളുണ്ടോയെന്ന് അന്വേഷിക്കണമെന്നും നിര്‍ദേശിച്ചു. ബോര്‍ഡ് മുന്‍ പ്രസിഡന്റായ പദ്മകുമാര്‍ ഒരു പാര്‍ട്ടിയംഗമാണെന്നും സ്വാധീനമുള്ളയാണാണെന്നും ജാമ്യം ലഭിച്ചാല്‍ അന്വേഷണത്തെ സ്വാധീനിക്കുമെന്നും കോടതി പറഞ്ഞു.
ജാമ്യ ഹര്‍ജിയില്‍ വാദം കേള്‍ക്കവേ തങ്ങള്‍ നിരപരാധികളാണെന്ന പ്രതികളുടെ വാദം കോടതി തള്ളി. കൂട്ടമായുള്ള കൊള്ളയാണ് നടന്നതെന്ന് എസ്‌ഐടിയുടെ രേഖകളില്‍ നിന്ന് വ്യക്തമാണ്. രണ്ടു കേസുകളിലായി ആറു ജാമ്യ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. 476 ഗ്രാം സ്വര്‍ണം മാത്രമാണ് കണ്ടെടുക്കാനായത്. ആകെ നാല് കിലോ 147 ഗ്രാം സ്വര്‍ണ്ണമാണ് കവര്‍ന്നത്. കോടതി പറഞ്ഞു. മുരാരി ബാബു ജാമ്യം ലഭിച്ച് പുറത്തറങ്ങാന്‍ സാധ്യതയുണ്ടെന്ന കാര്യത്തില്‍ കോടതി,ആശങ്ക പ്രകടിപ്പിച്ചു. പദ്മകുമാര്‍, വിജയകുമാര്‍, ശങ്കരദാസ് തുടങ്ങിയവരെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്ത് കൊള്ളയുടെ കൂടുതല്‍ വിശദാംശങ്ങള്‍ ശേഖരിക്കണമെന്നും കോടതി എസ്‌ഐടിയോട് നിര്‍ദേശിച്ചു.
















