കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ വ്യാപക റെയ്ഡിൽ നിർണായക കണ്ടെത്തലുകൾ. കേസുമായി ബന്ധപ്പെട്ട് 1.3 കോടി രൂപ മൂല്യമുള്ള ആസ്തികൾ മരവിപ്പിച്ചതായി ഇഡി ഔദ്യോഗികമായി അറിയിച്ചു. കേസിലെ പ്രധാന പ്രതികളുടെ സ്വത്തുക്കളാണ് മരവിപ്പിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
ഇന്നലെ സംസ്ഥാന വ്യാപകമായി നടന്ന പരിശോധനകൾക്ക് പിന്നാലെയാണ് ഈ നടപടി. ‘ഓപ്പറേഷൻ ഗോൾഡൻ ഷാഡോ’ എന്ന പേരിലാണ് ഇഡി റെയ്ഡ് നടത്തിയത്. പരിശോധനയിൽ സ്മാർട്ട് ക്രിയേഷൻസ് സ്ഥാപനത്തിൽ നിന്ന് 100 ഗ്രാം സ്വർണം പിടിച്ചെടുത്തു. സ്വർണ്ണ കട്ടികളാണ് കണ്ടെത്തിയതെന്ന് ഇഡി അറിയിച്ചു.
റെയ്ഡിനിടെ സ്വർണം ചെമ്പാക്കിയതുമായി ബന്ധപ്പെട്ട രേഖകളും ഇഡി കണ്ടെത്തി. ദേവസ്വം ബോർഡ് ആസ്ഥാനത്തുനിന്നാണ് നിർണായക രേഖകൾ പിടിച്ചെടുത്തത്. 2019 മുതൽ 2024 വരെ പുറപ്പെടുവിച്ച വിവിധ ഉത്തരവുകളും ഇഡി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദേവസ്വം ബോർഡിലെ ചില ഉദ്യോഗസ്ഥരുടെ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം.
















