നന്ദഗോവിന്ദം ഭജൻസിനെ ജനപ്രിയമാക്കിയ നവീൻ മോഹന്റെ സ്വപ്നത്തിലേക്കുള്ള യാത്ര പങ്കുവച്ച് കൂട്ടുകാരൻ ശ്രീ കൈമളുടെ ഫേസ് ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. ക്ഷേത്ര മതിൽക്കകത്ത് മാത്രം കേട്ടിരുന്ന ഒരു സംഗീത രൂപത്തെ ജനകീയമാക്കി തീർക്കാൻ നവീൻ മോഹനെന്ന ചെറുപ്പക്കാരൻ ആലോചിച്ചു കൂട്ടിയതിനെയും സഞ്ചരിച്ച വഴികളെയും ശ്രീകൈമൾ പോസ്റ്റിൽ വ്യക്തമാക്കുന്നു. ഉറങ്ങുമ്പോളല്ല, ഉണർന്നിരിക്കുമ്പോഴൊക്കെ നവീൻ കണ്ട സ്വപ്നമാണ് ഇപ്പോഴത്തെ നന്ദഗോവിന്ദത്തിന്റെ യാത്ര.
ഫേസ്ബുക്ക് പോസ്റ്റിലെ കുറിപ്പ്:
നന്ദഗോവിന്ദം ഒരു ലഹരിയായി പടരുന്നത് കാണുമ്പോൾ സന്തോഷത്തോടെ ചിലത് കുറിക്കാമെന്ന് കരുതി, ഞാനറിയുന്ന നവീനെ കുറിച്ച്…. 🥰 Naveen Mohan നവീൻ മോഹൻ, സഹോദരൻ, സുഹൃത്ത് അങ്ങനെ പലതുമാണ് എനിക്ക്. ഞങ്ങളൊരു കുടുംബമാണ്. നവീന്റെ അച്ഛനും, എന്റെ അച്ഛനുമൊക്കെ തമ്മിലുള്ള സ്നേഹം ഞങ്ങളിലൂടെ തുടരുന്നു… അത്ര തന്നെ. കോട്ടയത്ത് നിന്നും മോഹനൻ ചേട്ടൻ Mohanan K R Nair ഇടക്കൊക്കെ ഓടി വരും, അരിക്കുഴക്ക്. കാവിലും, തൃക്കയിലുമൊക്കെ തൊഴുത് ഞങ്ങളുടെയൊക്കെ വീടുകളിലെത്തി മടങ്ങും. ഈയടുത്ത ദിവസവും വന്നുവെന്ന് വീട്ടിൽ വിളിച്ചപ്പോൾ അച്ഛൻ പറഞ്ഞു. നവീനുമായി കൂട്ട് കൂടുന്നത് ദുബായിൽ വെച്ചാണ്. 2015 ൽ. ഭജനയിൽ മുഴുകി ജീവിക്കുന്ന നവീൻ അന്നൊക്കെ ഒരു കൗതുകം ആയിരുന്നു. അവന് സംസാരിക്കാൻ മറ്റൊരു വിഷയവുമില്ല. ദുബായിൽ നന്ദഗോവിന്ദം ആരംഭിക്കുന്ന കാലമൊക്കെ ഓർമയിലുണ്ട്. ആഴ്ചാവസാനങ്ങളിൽ ഒരുമിച്ച് കൂടിയുള്ള പ്രാക്ടീസിനെ കുറിച്ചും, സംഘത്തിലേക്ക് ആളെ ചേർക്കുന്നതിനെ കുറിച്ചുമൊക്കെ നവീനങ്ങനെ സംസാരിച്ചുകൊണ്ടിരിക്കും.
ഭജനയെ ജനപ്രിയമാക്കി അവതരിപ്പിക്കുക എന്ന ദൃഢനിശ്ചയമായിരുന്നു നവീന് അന്നും ഉണ്ടായിരുന്നത്. സംസാരിക്കുമ്പോഴെല്ലാം അവനത് പറയും. ജനത്തിൽ ജോലി ചെയ്യുമ്പോഴാണ്, സിനിമാ ഗാനങ്ങൾ കൂടി കോർത്തിണക്കിയുള്ള ഭജൻ അവതരണത്തെ കുറിച്ചൊരു സ്റ്റോറി ചെയ്യാമെന്ന് ഞങ്ങൾ തീരുമാനിക്കുന്നത്. അങ്ങനെ, ഡോലക്കും, കൈമണിയും, ഏറിപ്പോയാൽ ഹാർമോണിയവും ഉണ്ടായിരുന്ന ഭജന അവതരണത്തിനായി നവീൻ തബലയും, മൃദംഗവും, ഓടക്കുഴലും, ഗിറ്റാറും വരെ ഒരുക്കി ജനം ടിവിയിൽ ഒരു സ്റ്റോറി ചെയ്തു. ആ സ്റ്റോറി ചെയ്യുന്ന സമയത്തൊക്കെ യു എ ഇ യിലെ ചില വേദികളിൽ സാന്ദ്രാനന്ദാലയം എന്ന പേരിൽ നവീനും, കൂട്ടുകാരും പുതിയ ശൈലിയിൽ ഉള്ള ഭജനകൾ അവതരിപ്പിച്ചു തുടങ്ങിയിരുന്നു. ആ ശൈലിയിലൂടെ ഭജനകൾ കേൾക്കാത്തവരെ പോലും ആസ്വാദകരാക്കി മാറ്റാമെന്ന ഉറപ്പ് അന്നേ നവീനുണ്ടായിരുന്നു. ആ ഇച്ഛാശക്തിയും, സമർപ്പണവുമാണ് ഇന്ന് കേരളത്തിലെ ഏറ്റവും വിലയേറിയ പ്രോഗ്രാമുകളിൽ ഒന്നായി നന്ദഗോവിന്ദത്തെ മാറ്റിയത്.
അമൃതയിൽ എത്തിയതിന് ശേഷവും ഒന്നോ, രണ്ടോ സ്റ്റോറികൾ നന്ദഗോവിന്ദത്തെ കുറിച്ച് ചെയ്തു. അതിലൊന്ന്, സൂഫി സംഗീതവും, ഭജനും ചേർന്നുള്ള അവതരണത്തെ കുറിച്ചായിരുന്നു. ഒന്നാലോചിച്ചു നോക്കൂ, ക്ഷേത്ര മതിൽക്കകത്ത് മാത്രം കേട്ടിരുന്ന ഒരു സംഗീത രൂപത്തെ ജനകീയമാക്കി തീർക്കാൻ നവീൻ മോഹനെന്ന ചെറുപ്പക്കാരൻ ആലോചിച്ചു കൂട്ടിയതും, സഞ്ചരിച്ചതുമൊക്കെ എങ്ങനെയെന്ന്…! ആ ഫ്യൂഷൻ അവതരണത്തിനായി നവീൻ തിരഞ്ഞെടുത്ത ഒരു ഗാനം ഏതെന്നോ? വഞ്ചിഭൂമിപതേ… എന്ന സ്വാതന്ത്ര്യ ലബ്ധിക്കും മുൻപുള്ള തിരുവിതാംകൂർ രാജ്യത്തിന്റെ ദേശീയ ഗാനം!!!
ഒരു ഓൺലൈൻ അഭിമുഖത്തിൽ നവീൻ പറഞ്ഞു കണ്ടു, ഞങ്ങളുടെ സ്വപ്നമാണ് ഇപ്പോൾ യഥാർഥ്യമായിക്കൊണ്ടിരിക്കുന്നത് എന്ന്. സത്യമാണത്…. ഉറങ്ങുമ്പോളല്ല, ഉണർന്നിരിക്കുമ്പോഴൊക്കെ നവീൻ കണ്ട സ്വപ്നമാണ് ഇപ്പോഴത്തെ നന്ദഗോവിന്ദത്തിന്റെ യാത്ര.
നവീൻ മോഹന് പ്രകൃതി കൽപ്പിച്ചൊരു നിയോഗമുണ്ട്. ആ വഴിയിലാണ് അവൻ യാത്ര ചെയ്യുന്നത്. ❤️🫂
അഭിമാനം പ്രിയപ്പെട്ട സഹോദരാ… ❤️😘
















