കോഴിക്കോട് :നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ മണ്ഡലത്തില്‍ പിവി അന്‍വറിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും. അന്‍വറിനെതിരെ മത്സരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് സി ജി ഉണ്ണി അറിയിച്ചു. ദേശീയ നേതൃത്വവുമായി കൂടിയാലോചിക്കാതെ, അനുമതിയില്ലാതെയാണ് അന്‍വര്‍ യുഡിഎഫ് അസോസിയേറ്റ് അംഗമായതെന്ന് സി ജി ഉണ്ണി പറഞ്ഞു.
ഇടതുമുന്നണിയില്‍ നിന്നും പുറത്തുപോയി എംഎല്‍എ സ്ഥാനം രാജിവച്ച അന്‍വര്‍ ബേപ്പൂരില്‍ മത്സരിക്കുമെന്ന പ്രഖ്യാപനം നടത്തിയിരുന്നു. ബേപ്പൂരില്‍ നിലവിലെ എംഎല്‍എയായും മന്ത്രിയുമായ മുഹമ്മദ് റിയാസിനോടാകും അന്‍വര്‍ പ്രധാനമായും ഏറ്റുമുട്ടാന്‍ സാധ്യത.
ബേപ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫ് പിന്തുണയോടെ സ്ഥാനാര്‍ത്ഥിയാകാനാണ് പിവി അന്‍വറിന്റെ നീക്കം. ഇതിനായി പ്രചാരണവും തുടങ്ങിയിരുന്നു.
തന്റെ മത്സരം കുടുംബാധിപത്യത്തിന് എതിരെയാണെന്നും മരുമോനിസമാണ് മുഖ്യമന്ത്രിയെ തകര്‍ത്തതെന്നും നേരത്തേ പിവി അന്‍വര്‍ പറഞ്ഞിരുന്നു. മരുമോന്‍ വന്ന ശേഷമാണ് സഖാവ് പിണറായി സഖാവ് പിണറായി അല്ലാതായി മാറിയത്. മരുമോനെ കൊണ്ടുവന്നപ്പോള്‍ കോഴിക്കോട് ജില്ലയിലെ പല നേതാക്കളും അവഗണിക്കപ്പെട്ടെന്നും അവരുടെയെല്ലാം പിന്തുണ തനിക്ക് കിട്ടുമെന്നും അന്‍വര്‍ അവകാശപ്പെട്ടു.
















