നടൻ ആമിർ ഖാന്റെ സ്വപ്ന പദ്ധതിയാണ് മഹാഭാരതത്തെ ആസ്പദമാക്കി സിനിമ നിർമ്മിക്കുക എന്നത് . എന്നാൽ കൃത്യമായ തയ്യാറെടുപ്പോടെ മാത്രമേ താൻ ഈ ചിത്രം നിർമ്മിക്കൂവെന്നും , മോശമായി ചെയ്യാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ആമിർ ഖാൻ പറഞ്ഞു.
“ഇത് എന്റെ സ്വപ്നമാണ്. ഒരു ദിവസം അത് യാഥാർത്ഥ്യമാകുമോ എന്ന് നോക്കാം. എനിക്ക് ഈ സിനിമ നിർമ്മിക്കണം, പക്ഷേ അതൊരു വലിയ ഉത്തരവാദിത്തമാണ്. ഇന്ത്യക്കാർക്ക് അതിനോട് ആഴത്തിൽ ബന്ധമുണ്ട്. അത് നമ്മുടെ രക്തത്തിൽ അലിഞ്ഞുചേർന്നതാണ്. ഭഗവദ്ഗീതയും, മഹാഭാരതവും വായിക്കാത്ത ഒരു ഇന്ത്യക്കാരനും ഇല്ലെന്ന് ഞാൻ കരുതുന്നു. വളരെ ചുരുക്കം പേർ മാത്രമേയുള്ളൂ. അവർ അവരുടെ മുത്തശ്ശിമാരിൽ നിന്ന് ഇതിനെക്കുറിച്ച് കേട്ടിട്ടുണ്ടാകും.
ഇന്ത്യക്കാർക്ക് വളരെ പ്രധാനപ്പെട്ട വിഷയത്തിൽ സിനിമ നിർമ്മിക്കുക എന്നത് വലിയൊരു ഉത്തരവാദിത്തമാണ്. ഞാൻ പലപ്പോഴും പറയാറുണ്ട്, ‘നിങ്ങൾക്ക് മഹാഭാരതത്തെ നിരാശപ്പെടുത്താം, പക്ഷേ മഹാഭാരതം ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല. നിങ്ങൾ ഒരു മോശം പ്രവൃത്തി ചെയ്താൽ, അത് നിങ്ങളെ നശിപ്പിക്കും. ഓരോ ഇന്ത്യക്കാരനും യഥാർത്ഥത്തിൽ അഭിമാനിക്കുന്ന രീതിയിൽ ഈ സിനിമ നിർമ്മിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.മഹാഭാരതം എല്ലാ ഹോളിവുഡ് ഫാന്റസികളുടെയും മാതാവാണ്.
വർഷങ്ങളായി, മികച്ച എന്റർടെയ്‌നറായ നിരവധി ഹോളിവുഡ് സിനിമകൾ നമ്മൾ കണ്ടിട്ടുണ്ട്. അവതാർ പോലെ. ലോകം അവ കണ്ടിട്ടുണ്ട്. പക്ഷേ മഹാഭാരതം അവയുടെയെല്ലാം അമ്മയാണ്. അതിനാൽ, ഇന്ത്യക്കാർ അതിൽ അഭിമാനിക്കണമെന്ന് ഞാൻ കരുതുന്നു. അത് ശരിയായി ചെയ്യാൻ ഞാൻ എന്റെ സമയം ചെലവഴിക്കുന്നു.”-ആമീർ ഖാൻ പറയുന്നു.
















