തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന നിയമസഭാ സമ്മേളനത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നയപ്രഖ്യാപന പ്രസംഗം മുഴുവൻ വായിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർ വായിക്കാതെ വിട്ട ഭാഗങ്ങളും സഭ അംഗീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തുടർന്ന് ഗവർണർ വായിക്കാതെ വിട്ട ഭാഗങ്ങൾ മുഖ്യമന്ത്രി നിയമസഭയിൽ വായിച്ചു.
കേന്ദ്ര സർക്കാരിനെതിരായ വിമർശനം വായിക്കാതെ വിട്ടതിൽ എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ നീക്കം. പ്രസംഗത്തിൽ ഗവർണർ വായിക്കാതെ വിട്ട ഭാഗം മുഖ്യമന്ത്രി വായിക്കുകയായിരുന്നു. മന്ത്രിസഭ അംഗീകരിച്ച 12, 15, 16 ഖണ്ഡികകളാണ് മുഖ്യമന്ത്രി സഭയിൽ വായിച്ചത്.
ഖണ്ഡിക 12 ലെ ‘ഇത്തരം സാമൂഹികവും സ്ഥാപനപരവുമായ നേട്ടങ്ങൾ കൈവരിച്ചിട്ടും, ധനകാര്യ ഫെഡറലിസത്തിന്റെ ഭരണഘടനാപരമായ തത്വങ്ങളെ ദുർബലപ്പെടുത്തുന്ന യൂണിയൻ ഗവൺമെന്റിന്റെ തുടർച്ചയായ പ്രതികൂല നടപടികളുടെ ഫലമായി കേരളം ഗുരുതരമായ സാമ്പത്തിക ഞെരുക്കം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ ഭാഗം ഗവർണർ ഒഴിവാക്കിയിരുന്നു.
ഖണ്ഡിക 15 ലെ ‘സംസ്ഥാന നിയമസഭകൾ പാസാക്കിയ ബില്ലുകൾ ദീർഘകാലമായി കെട്ടിക്കിടക്കുകയാണ്. ഈ വിഷയങ്ങളിൽ എന്റെ സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയും അവ ഒരു ഭരണഘടനാ ബെഞ്ചിന് റഫർ ചെയ്തിരിക്കുകയുമാണ്. ഈ വാചകം ഗവർണർ ഒഴിവാക്കിയിട്ടുണ്ട്.
ഖണ്ഡിക 16 ലെ അവസാന വാചകം ഇപ്രകാരമാണ്, നികുതി വിഹിതവും ധനകാര്യ കമ്മീഷൻ ഗ്രാന്റുകളും സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളാകുന്നതും, ഔദാര്യമല്ലാത്തതും, ഈ ചുമതല ഏൽപ്പിക്കപ്പെട്ടിട്ടുള്ള ഭരണഘടനാ സ്ഥാപനങ്ങൾക്ക് മേലുള്ള ഏതൊരു സമ്മർദ്ദവും ഫെഡറൽ തത്വങ്ങളെ ദുർബ്ബലപ്പെടുന്നതുമാണ്. ഈ വാചകത്തിനോടൊപ്പം ‘എന്റെ സർക്കാർ കരുതുന്നു’ എന്ന് ഗവർണർ കൂട്ടിച്ചേർത്തിട്ടുണ്ട്.
നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ഒഴിവാക്കിയവ ഉൾപ്പെടുത്തിയും, കൂട്ടിച്ചേർക്കലുകൾ ഒഴിവാക്കിയും, മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗം അച്ചടിച്ച് വിതരണം ചെയ്തിട്ടുണ്ട്. ഇത് ആധികാരികമായ നയപ്രഖ്യാപന പ്രസംഗമായി അംഗീകരിക്കണമെന്ന് സ്പീക്കറോട് മുഖ്യമന്ത്രി അഭ്യർത്ഥിക്കുകയായിരുന്നു.
മന്ത്രിസഭായോഗം പാസാക്കിയ നയപ്രഖ്യാപന പ്രസംഗം പൂർണമായും അംഗീകരിക്കുന്നുവെന്ന് സ്പീക്കർ അറിയിക്കുകയും ചെയ്യുകയായിരുന്നു.
കേന്ദ്ര സര്‍ക്കാറിനെതിരായ വിമര്‍ശത്തില്‍ നേരത്തെ തന്നെ ഗവർണർ വിയോജിപ്പറിയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാറിനെതിരായ വിമര്‍ശം അടങ്ങുന്ന ഭാഗത്ത് തിരുത്തല്‍ വേണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രസംഗം സര്‍ക്കാറിന് അയച്ചിരുന്നു. മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തില്‍ ഭേദഗതി വരുത്തില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഗവര്‍ണര്‍ തിരിച്ചയച്ച പ്രസംഗം തിരുത്താതെ തന്നെ സര്‍ക്കാര്‍ ഇന്നലെ വീണ്ടും മടക്കി നല്‍കിയിരുന്നു.
കഴിഞ്ഞ 10 വർഷത്തിൽ കേരളം മികച്ച മുന്നേറ്റം നടത്തിയെന്നു പറഞ്ഞ ഗവർണർ അതിദാരിദ്ര‍്യ നിർമാർജനം അടക്കമുള്ള വിഷയങ്ങൾ നയപ്രഖ‍്യാപന പ്രസംഗത്തിൽ പരാമർശിച്ചിരുന്നു. തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്രം കൊണ്ടുവന്ന ഭേദഗതി തിരിച്ചടിയായെന്നും പദ്ധതി പഴയ നിലയിൽ തന്നെ നടപ്പാക്കണമെന്ന് സർക്കാർ കേന്ദ്രത്തോട് ആവശ‍്യപ്പെട്ടതായും ഗവർണർ വ‍്യക്തമാക്കി.
സംസ്ഥാനങ്ങളുടെ അധികാരത്തിൽ കേന്ദ്രം കൈകടത്തുന്നുവെന്നും ആരോഗ‍്യരംഗത്തെ അടക്കം കേന്ദ്ര നടപടികൾ ബാധിച്ചെന്നും വിവിധ പദ്ധതികളിൽ നിന്നുമായി സംസ്ഥാനത്തിന് ലഭിക്കാനുള്ളത് 5650 കോടി രൂപയാണെന്നും ഗവർണർ പറഞ്ഞു.
















