തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഒരുവയസുകാരന്‍ മരിച്ചതില്‍ കുഞ്ഞിന്റെ മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്യുന്നു. മരണകാരണം ആന്തരിക രക്തസ്രാവമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞിന്റെ വയറ്റില്‍ ക്ഷതം ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു.
ഈ പശ്ചാത്തലത്തിലാണ് മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്യുന്നത്.ശനിയാഴ്ചയാണ് ദുരൂഹ സാഹചര്യത്തില്‍ കുഞ്ഞ് മരിച്ചത്.
നേരത്തെ, മാതാപിതാക്കളെ അന്വേഷണസംഘം ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.ദുരൂഹതയൊന്നും കണ്ടത്താനായില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞത്. കുട്ടിയുടെ മാതാപിതാക്കള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് നിലവില്‍ കണ്ടത്തിയിട്ടുളളത്.
വെള്ളിയാഴ്ച രാത്രിയാണ് നെയ്യാറ്റിന്‍കര കവളാകുളം സ്വദേശികളായ ഷിജിന്‍- കൃഷ്ണപ്രിയ ദമ്പതികളുടെ മകനായ ഇഹാന്‍ കുഴഞ്ഞ് വീണത്. കുട്ടിയെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ശനിയാഴ്‌ച്ച പുലര്‍ച്ചെ കുട്ടി മരിച്ചു.
വെള്ളിയാഴ്‌ച്ച രാത്രി ഷിജിന്‍ വാങ്ങികൊണ്ടു വന്ന ബിസ്‌കറ്റ് കൃഷ്ണപ്രിയ കുട്ടിക്ക് നല്‍കി അരമണിക്കൂറിനുള്ളില്‍ കുഞ്ഞ് കുഴഞ്ഞ് വീണു. വായില്‍ നിന്ന് നുരയും പതയും വന്നു. ചുണ്ടിനും വായ്‌ക്കും നിറ വ്യത്യാസമുണ്ടായി. ഇതോടെയാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. ഒരാഴ്ച മുന്‍പ് കുട്ടി വീണ് കൈപൊട്ടിയെങ്കിലും മാതാപിതാക്കള്‍ അറിഞ്ഞിരുന്നില്ല എന്നത് ദുരൂഹതയാണ്.
















