വാഷിങ്ടണ്‍: ഭാരതത്തില്‍ നിന്നാണ് രാജ്യത്തേയ്‌ക്ക് നിക്ഷേപങ്ങള്‍ വരുന്നത്. പാകിസ്ഥാനില്‍ നിന്നല്ല. യുഎസ് ഭാരതത്തെ അകറ്റുന്നത് വലിയ കുഴപ്പങ്ങള്‍ സൃഷ്ടിക്കും, പറയുന്നത് യുഎസ് കോണ്‍ഗ്രസ് അംഗവും റിപ്പബ്ലിക്കന്‍ പാര്‍ട്ടി അനുയായിയുമായ റിച്ച് മക്‌കോര്‍മിക്.
ഭാരതം ഇന്ന് ആഗോള വിപണിയില്‍ ഒരു പ്രബല ശക്തിയായി മാറിക്കൊണ്ടിരിക്കുകയാണ്. അത്തരം ഒരു രാജ്യത്തെയാണ് സുഹൃത്തായി സ്വീകരിക്കേണ്ടത്, മക്‌കോര്‍മിക് പറഞ്ഞു. വാഷിങ്ടണില്‍ സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് (സിഎസ്‌ഐഎസ്) സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതം വിവിധ മേഖലകളില്‍ ആധിപത്യം പുലര്‍ത്തുന്നുണ്ട്. അവിടുത്തെ മധ്യവര്‍ഗ വിഭാഗത്തിന് ലോക വിപണിയില്‍ തന്നെ സ്വാധീനം ചെലുത്താന്‍ സാധിക്കും. കഴിവുള്ള ആളുകള്‍ ഭാരതത്തില്‍ നിന്നും യുഎസിലേക്കും എത്തുന്നുണ്ട്, ഇത് രാജ്യത്തിന് ഏറെ പ്രയോജനം ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പാകിസ്ഥാനോട് കൂടുതല്‍ അടുപ്പം കാണിക്കുന്നുണ്ട്. 30 കോടി ജനങ്ങള്‍ പാകിസ്ഥാനില്‍ ഉണ്ടെങ്കിലും അവര്‍ യുഎസിലേക്ക് നിക്ഷേപങ്ങളൊന്നും കൊണ്ടുവരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി അങ്ങേയറ്റം ദേശീയവാദിയാണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ വളര്‍ച്ചയ്‌ക്ക് വേണ്ടിയാണ്.
ഭാരതം കുറഞ്ഞ വിലയ്‌ക്ക് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയത് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്‌ക്കായാണെന്ന് ട്രംപ് മനസിലാക്കണം, മക്‌കോര്‍മിക് കൂട്ടിച്ചേര്‍ത്തു.
















