ആലപ്പുഴ: ഹൈന്ദവ സമുദായങ്ങളുടെ കൂട്ടായ്‌മ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഹിന്ദുവിഭാഗം ഭിന്നിച്ച് നില്‍ക്കുന്നത് കാലഘട്ടത്തിന് അനുയോജ്യമല്ല. എസ്എന്‍ഡിപി, എന്‍എസ്എസ് ഐക്യം കാലത്തിന്റെ നീതിയാണ്, ഐക്യം ജനം ആഗ്രഹിക്കുന്നു. എന്‍എസ്എസും എസ്എന്‍ഡിപിയും യോജിച്ചാല്‍ ഈ രാജ്യത്ത് സൂനാമി സംഭവിക്കുമോ? യോജിക്കേണ്ടവര്‍ യോജിച്ചേ തീരൂ. സമൂഹം രണ്ട് കൈയും നീട്ടി സ്വീകരിക്കുന്ന അവസ്ഥയിലേക്ക് അത് എത്തി. ഞങ്ങളുടെ ദൗത്യം അതാണ്.
എസ്എന്‍ഡിപി യോഗം നേതൃസമ്മേളനം 21ന് ആലപ്പുഴയില്‍ ചേരും. ഇതുസംബന്ധിച്ച തുടര്‍ കാര്യങ്ങള്‍ യോഗത്തില്‍ തീരുമാനിക്കും. എന്‍എസ്എസിനെ, എസ്എന്‍ഡിപിയുമായി തെറ്റിച്ചതിന്റെ പ്രധാനകണ്ണി മുസ്ലീം ലീഗ് നേതൃത്വമാണ്. ലീഗാണ് ഞങ്ങള്‍ തമ്മില്‍ യോജിക്കാന്‍ പാടില്ലെന്ന് പറഞ്ഞ് അകറ്റിനിര്‍ത്തി ഈ പണികളെല്ലാം ചെയ്തത്. ഭരണത്തില്‍ വന്നിട്ട് ഒരു പരിഗണനയും തന്നില്ല. ഈ അവഗണനയെല്ലാം അനുഭവിച്ചിട്ട് എവിടെയെത്തി. ഇന്ന് ഭൂരിപക്ഷ സമുദായത്തിന്റെ ഐക്യം മാത്രമല്ല. നായാടി തൊട്ട് നസ്രാണി വരെയുള്ളവരുടെ യോജിപ്പ് അനിവാര്യമാണെന്ന ചിന്തയിലേക്ക് കാര്യങ്ങള്‍ എത്തി. ഞാന്‍ മുസ്ലിം വിരോധിയല്ല. മുസ്ലിം സമുദായത്തിന് വിരോധമായിട്ട് ഒരു വാക്കുപോലും പറഞ്ഞിട്ടില്ല.
മലപ്പുറത്തെ എന്റെ സംസാരത്തെ വക്രീകരിച്ച് വര്‍ഗീയവാദിയാക്കി മാറ്റിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുസ്ലിംലീഗിന്റെ വര്‍ഗീയ സ്വഭാവത്തയൊണ് ഞാന്‍ എതിര്‍ത്തത്. എന്നെ വര്‍ഗീയവാദിയായി മുദ്രകുത്തി, ആടിനെ പട്ടിയാക്കി പേപ്പട്ടിയാക്കി തല്ലിക്കൊല്ലുക എന്നതാണ് നയം. ഇന്നലെ പൂത്ത ഒരു തകരയാണ് വി.ഡി. സതീശനെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. ഈ മാന്യന്റെ ഉപ്പാപ്പന്‍ വിചാരിച്ചാലും തന്നെ തകര്‍ക്കാന്‍ സാധിക്കില്ല. ലീഗീന്റെ ഗുഡ് ബുക്കില്‍ കയറാനാണ് സതീശന്റെ ശ്രമം.
യഥാര്‍ത്ഥ വര്‍ഗീയവാദികളെ കൂടെ നിര്‍ത്തിയിട്ട് ഞങ്ങളെ വര്‍ഗീയവാദിയാക്കുകയാണ്. കോണ്‍ഗ്രസിന് കേരളത്തില്‍ പ്രസക്തി ഇല്ലാതെ പോയതിന് ഞാനല്ല കാരണക്കാരന്‍. ലീഗ് പറയുന്നത് അനുസരിച്ച് ചാടികളിക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
















