തിരുവനന്തപുരം ജില്ലയില്‍ മണ്ണന്തലക്ക് സമീപം കേരളാദിത്യപുരത്ത് പടിഞ്ഞാറ് അഭിമുഖമായി ചതുര്‍ബാഹുവായി ധന്വന്തരമൂര്‍ത്തി ഭാവത്തില്‍ വാണരുളുന്നതും തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ളതുമായ ശ്രീകേളമംഗലം മഹാവിഷ്ണു ക്ഷേത്രത്തിനു സമീപമാണ് പ്രകൃതിരമണീയവും വൃക്ഷനിബിഡവും നൂറ്റാണ്ടുകള്‍ പഴക്കമുള്ളതുമായ വിഷ്ണുനഗര്‍ ശ്രീനാഗര്‍കാവ് സ്ഥിതിചെയ്യുന്നത്. ഇവിടെ നാഗരാജാവ്, നാഗയക്ഷി, നാഗകുഞ്ഞുങ്ങള്‍ എന്നിവര്‍ സകുടുംബഭാവത്തില്‍ വസിക്കുന്നു. ഈ കാവിലെ നാഗരാജാവ് തിരുവനന്തപുരം ചെന്തിട്ട ദേവിക്ഷേത്രത്തിലെ ചെന്തിട്ടയമ്മക്ക് കുടയായി തന്റെ ഫണം വിടര്‍ത്തി നില്‍ക്കുന്നുവെന്നാണ് വിശ്വാസം. പില്‍ക്കാലത്ത് കാവില്‍ നടത്തിയ ദേവപ്രശ്നത്തിലും ഇതേ കാര്യം തെളിഞ്ഞിരുന്നു. അതിനാല്‍ കാവിലെ ഏത് പുണ്യകര്‍മ്മവും ആരംഭിക്കുന്നതിനു മുന്നോടിയായി ഭരണസമിതി അംഗങ്ങള്‍ ചെന്തിട്ട ക്ഷേത്രത്തില്‍ എത്തി അമ്മയ്‌ക്ക് വേണ്ട സമര്‍പ്പണങ്ങള്‍ നടത്തി അനുവാദം വാങ്ങും. നാളിതുവരെയും ഈ പ്രവര്‍ത്തികള്‍ ഭരണസമിതി അംഗങ്ങള്‍ അണുവിട വീഴ്ചയില്ലാതെ ചെയ്തുപോരുന്നതുമാണ്. ചെന്തിട്ട അമ്മയുടേയും, നാഗരാജാവിന്റെയും അനുഗ്രഹമാണ് ക്ഷേത്ര നടത്തിപ്പിനെ മുന്നോട്ട് നയിക്കുന്ന ശക്തി.
വൈഷ്ണവ ചൈതന്യമാണ് കാവില്‍ കുടികൊള്ളുന്ന നാഗരാജാവിന്റെ മൂര്‍ത്തിസ്വരൂപം. തന്റെ വാസസ്ഥലത്ത് എത്തുന്ന ഭക്തജനങ്ങളോട്, ഒരമ്മയ്‌ക്ക് കുഞ്ഞുങ്ങളോടെന്ന പോലുള്ള വികാരമാണ് നാഗരാജാവിനുള്ളത്. സന്താനങ്ങള്‍ ഇല്ലാതെ വിഷമിക്കുന്ന ദമ്പതികള്‍ക്ക് ആശ്വാസവും അഭയകേന്ദ്രവുമാണ് ഈ പുണ്യനട. വിദൂരസ്ഥലങ്ങളില്‍ നിന്നുപോലും ഇവിടെയെത്തി മനമുരുകി പ്രാര്‍ത്ഥിക്കുകയും വഴിപാടുകള്‍ കഴിവിനനുസരിച്ച് സമര്‍പ്പിക്കുകയും ചെയ്ത് സന്താനഭാഗ്യം സിദ്ധിച്ച ധാരാളം ദമ്പതിമാര്‍ ഉണ്ട്. കൂടാതെ മംഗല്യതടസം, വസ്തുക്കച്ചവടം, തൊഴില്‍ അഭിവൃദ്ധി, കച്ചവടമേന്മ, ഗൃഹനിര്‍മ്മാണം, രോഗശാന്തി എന്നിവ സിദ്ധിക്കുന്നതിന് ധാരാളം ഭക്തര്‍ ഈ പുണ്യനടയില്‍ എത്തിച്ചേരുന്നു.
ഐതിഹ്യം
നൂറ്റാണ്ടുകള്‍ പഴക്കമുള്ള കാവില്‍ ആദ്യകാലങ്ങളില്‍ തലമുതിര്‍ന്ന സ്ത്രീയാണ് ഭരണത്തില്‍ തുടര്‍ന്നിരുന്നത്. ഒറ്റപ്പത്തിയുള്ള നാഗവിഗ്രഹം മാത്രമായിരുന്ന അക്കാലത്ത് കാവില്‍ ഉണ്ടായിരുന്ന പനമരത്തിന്റെ ചുവട്ടില്‍ മാടനെ സങ്കല്‍പ്പിച്ച് പൂജകള്‍ നടത്തിയിരുന്നു. സമീപത്തു തന്നെ കാവിന്റെ വസ്തുവില്‍ ഉപദേവതമാരായ ശ്രീഭദ്ര, യോഗീശ്വരന്‍ എന്നിവരെ ഓലകൊണ്ടുള്ള മേല്‍ക്കൂരയും മണ്ണുകൊണ്ട് തീര്‍ത്ത പുരയും കെട്ടി ഉടവാള്‍ സമര്‍പ്പിച്ച്, നാഗരാജാവിന് നല്‍കുന്ന അതേ പ്രാധാന്യത്തോടു കൂടി വച്ചാരാധന നടത്തിയിരുന്നു. പിന്നീട് തലമുറ മാറിയപ്പോള്‍ ഇവ അന്യംനിന്നു പോകുകയും ചെയ്തു. ദേവിയെ വേണ്ടരീതിയില്‍ ഉപാസിക്കാത്തതിനാല്‍ ഒരു പൂജാവേളയില്‍ പൂജാരി ഉടലോടെ ആകാശത്തേക്ക് ഉയരുകയും, നിങ്ങള്‍ക്ക് എന്നെ നിലനിര്‍ത്തി പരിപാലിക്കാന്‍ സാധിക്കാത്തതിനാല്‍ ഞാന്‍ ഇവിടം വിട്ട് കൊടങ്ങല്ലൂര്‍ക്ക് പോവുകയാണെന്നും ഇനി എന്നെ കാണണമെന്നുള്ളവര്‍ കൊടുങ്ങല്ലൂരില്‍ വന്ന് ദര്‍ശിക്കണമെന്നും പറഞ്ഞു. തുടര്‍ന്ന് സമീപം നിന്നിരുന്ന ഒരു കൂറ്റന്‍ മരത്തിന്റെ ശാഖ തകര്‍ത്ത് ഭൂമിയിലേക്ക് പതിപ്പിച്ചശേഷം ആ പൂജാരി വിഹായസില്‍ മറയുകയും ചെയ്തുവത്രെ. എന്നാല്‍ പില്‍ക്കാലത്ത് നടത്തിയ ദേവപ്രശ്‌നത്തില്‍ കാവിലെ വൃക്ഷലതാദികളില്‍ എല്ലാം ദേവീസാന്നിദ്ധ്യം ഉള്ളതായി തെളിഞ്ഞിരുന്നു.
ആദ്യകാലത്ത് നാഗങ്ങളുടെ ഏകവിഗ്രഹം പീഠത്തില്‍ സിമന്റ് മിശ്രിതം ഉപയോഗിച്ച് ഉറപ്പിച്ചു സ്ഥാപിച്ചതിനാല്‍ നാഗങ്ങളുടെ അരക്കെട്ട് തളര്‍ന്ന സ്ഥിതി ഉണ്ടാകുകയും ദേശത്ത് ധാരാളം ദോഷങ്ങള്‍ ഉണ്ടാകുകയും ചെയ്തു. ആയതിനാല്‍ 1995 ല്‍ പുനഃപ്രതിഷ്ഠ നടത്തി കുംഭ മാസം ഒന്നാം തീയതി ഉത്സവവും എല്ലാ മാസവും ആയില്യപൂജയുമായി കാവിന്റെ ഭരണകര്‍ത്താക്കള്‍ മുന്നോട്ടു പോയി. കാലാകാലങ്ങളില്‍ ദേവഹിതം അറിയാന്‍ ശ്രമിക്കാതെ വന്നതിനെ തുടര്‍ന്ന്, ദേശത്തും കുടുംബങ്ങളിലും അപമൃത്യു, ഉദര രോഗങ്ങള്‍, ആത്മഹത്യകള്‍, ചിത്തഭ്രമം എന്നിവ വന്നുചേര്‍ന്നു. ക്ഷേത്രഭൂമിയും ഉപദേവതമാരുടെ വാസസ്ഥലവും (തെക്കത്) കയ്യേറുകയും പണാപഹരണം എന്നിവയിലൂടെ കടന്നുപോകുകയും തുടര്‍ന്ന് മാടന്‍ നടയിലെ കൂറ്റന്‍ പനമരം പെട്ടെന്ന് നിലംപതിക്കുകയുമുണ്ടായി. ഇതിനു ശേഷം കാവ് ജീര്‍ണതയിലേക്ക് പോയി.
പിന്നീട് 2017 ല്‍ ഭക്തജനങ്ങളും നാട്ടുകാരും കൂടി ചേര്‍ന്ന് ഒരു ട്രസ്റ്റ് രൂപീകരിക്കുകയും അതിന്റെ ആദ്യപടിയെന്നോണം ദേവഹിതം അറിയാന്‍ അഷ്ടമംഗല ദേവപ്രശ്നം നടത്തുകയും ചെയ്തു. ദേവപ്രശ്നത്തില്‍ കണ്ടതുപ്രകാരം അഞ്ച് ഫണമുള്ള നാഗരാജാവ്, മദ്ധ്യത്തില്‍ ചിത്രകൂടം, മൂന്ന് ഫണമുള്ള നാഗയക്ഷി എന്നിവരെ കിഴക്ക് അഭിമുഖമായി പ്രതിഷ്ഠിച്ച് ആരാധന നടത്തി. ഉപദേവന്മാര്‍ക്ക് അവരുടെ പൂര്‍വ്വകാല വസ്തു തിരികെ ലഭിക്കുന്നതുവരെ യോഗീശ്വരന്‍, ശ്രീഭദ്ര, മാടന്‍ തമ്പുരാന്‍ എന്നിവരെ താത്കാലികമായി കാവിന് പുറത്തു (കാവിനോട് ചേര്‍ന്ന് തന്നെ) പ്രതിഷ്ഠിച്ച് ആരാധന നടത്തിപോരുന്നതുമാകുന്നു.
2017 ല്‍ ചുമതലയേറ്റതും നിലവില്‍ തുടര്‍ന്ന് വന്നതുമായ ക്ഷേത്ര ട്രസ്റ്റും ഭരണസമിതിയും ഇതിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേത്ര ഉപദേശക സമിതിയും, നാട്ടുകാരും ഭക്തജനങ്ങളും ചേര്‍ന്ന് ദേവന് പീഠനിര്‍മ്മാണം, സോപാന പടവ് നിര്‍മ്മാണം, തിടപ്പള്ളി നവീകരണം, ആചാരപ്രകാരമുള്ള ഗണപതിഹോമ കുണ്ഡം, ഓഫീസ് സമുച്ചയ നിര്‍മ്മാണം, പ്രതിഷ്ഠാ വാര്‍ഷികത്തില്‍ വിവിധ ക്ഷേത്രപൂജകളോടൊപ്പം (മകരമാസത്തിലെ അവിട്ടം നാള്‍) ദേവന്റെ തിരുനാമത്തില്‍ വിശിഷ്ട വ്യക്തിത്വങ്ങള്‍ക്ക് പുരസ്‌കാരം (ശ്രീ നാഗ രാജാ പുരസ്‌കാരം) നല്‍കിവരുന്നു. കൂടാതെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും, ഗുരുതരരോഗത്താല്‍ കഷ്ടപ്പെടുന്ന രോഗികള്‍ക്കും വേണ്ടി വിദ്യാഭ്യാസ- ചികിത്സാ ധനസഹായങ്ങള്‍, പ്രതിഭകളെ ആദരിക്കല്‍, സമൂഹപൊങ്കാല എന്നിവയോട്കൂടി സമുചിതം ആഘോഷിക്കുന്നു.
ആരാധനരീതി
എല്ലാ ദിവസവും ഏഴരവെളുപ്പിന് കല്‍വിളക്കില്‍ ദീപം തെളിയിക്കല്‍ മലയാളമാസങ്ങളിലെ ആയില്യം നാളില്‍ ആയില്യപൂജ, മറ്റ് വിശേഷദിവസങ്ങളില്‍ പ്രത്യേക നടതുറപ്പ് പൂജ, പായസനിവേദ്യം തുലാമാസത്തിലെ ആയില്യത്തിന് ഗണപതിഹോമം, വിശേഷാല്‍ നാഗരൂട്ട്, നൂറും പാലും സമര്‍പ്പണം, അഖണ്ഡനാമജപം, അന്നദാനം, പായസനിവേദ്യം.
മകര മാസത്തിലെ അവിട്ടം നാളില്‍ (ദേവന്റെ പ്രതിഷ്ഠ നക്ഷത്രത്തില്‍) രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവം, മഹാഗണപതി ഹോമം, ശുദ്ധികലശപൂജ, നൂറും പാലും സമര്‍പ്പണം, അഖണ്ഡ നാമജപം, വിശേഷാല്‍ നാഗരൂട്ട്, സമൂഹ പൊങ്കാല, പായസ നിവേദ്യം, അന്നദാനം, സംസ്‌കാരിക സമ്മേളനം, പുരസ്‌കാര വിതരണം, പ്രതിഭകളെ ആദരിക്കല്‍, വിദ്യാഭ്യാസ ചികിത്സാ ധനഹായങ്ങള്‍ എന്നിവയോടുകൂടി ആഘോഷിക്കുന്നു.
2026 ലെ ഉത്സവത്തിന് ജനുവരി 20 ന് വൈകിട്ട് 6 മണിക്ക് നാഗരാജാവിനും നാഗയക്ഷിക്കും ഉപദേവന്മാര്‍ക്കും പൂമൂടല്‍, 21 ന് ഉച്ചക്ക് ഈ ക്ഷേത്രത്തില്‍ ആദ്യമായി ഇക്കൊല്ലം നാഗരാജാവിനും, നാഗയക്ഷിക്കും അങ്കി ചാര്‍ത്തിയും മാടന്‍ തമ്പുരാന് തിരുവാഭരണം ചാര്‍ത്തിയും ദീപാരാധന.
ക്ഷേത്രത്തിലെത്താന്‍ തിരുവനന്തപുരം ജില്ലയില്‍ എം.സി. റോഡില്‍ മണ്ണന്തല ജംഗ്ഷനില്‍ നിന്നും രണ്ട് കിലോമീറ്റര്‍ (കേരളാദിത്യപുരം – വിഷ്ണുനഗര്‍ റോഡ്). നാഷണല്‍ ഹൈവേ റോഡില്‍ ശ്രീകാര്യത്ത് നിന്നും അഞ്ച് കിലോമീറ്റര്‍ (പൗഡിക്കോണം – വിഷ്ണുനഗര്‍റോഡ്).
















