അസാധാരണമായ പ്രസരണശേഷിയുള്ള ഭാഷാശൈലി. അപാരമായ പ്രഹരശേഷിയുള്ള വിമര്‍ശനരീതി. കൃത്യവും സൂക്ഷ്മവുമായ സാമൂഹ്യനിരീക്ഷണവും വിശകലനവും. സത്യസന്ധമായ സാംസ്‌കാരിക നിലപാടുകള്‍. ആദര്‍ശനിഷ്ഠമായ കാഴ്ചപ്പാട്. വ്യക്തിജീവിതത്തിലെ പരിശുദ്ധി. സ്വന്തം മനസ്സാക്ഷിക്ക് നിരക്കാത്ത ഒന്നിനും വേണ്ടി അക്ഷരച്ചാല് ഉഴുതിടാറില്ല. പ്രൊഫ. കെ.പി. ശശിധരനെ ഇങ്ങനെ അടയാളപ്പെടുത്താം.
മികവുറ്റ അധ്യാപകന്‍, പ്രമുഖനായ എഴുത്തുകാരനും സാംസ്‌കാരിക വിചിന്തകനും. ‘വാര്‍ത്തികം’ മാസികയുടെ മുഖപ്രസംഗങ്ങളിലൂടെ സാംസ്‌കാരികരംഗത്ത് ശ്രദ്ധേയനായിത്തീര്‍ന്ന പത്രാധിപര്‍. ‘തപസ്യ’ കലാ-സാഹിത്യവേദിയുടെ തുടക്കക്കാരില്‍ പ്രമുഖനും ആദ്യ സെക്രട്ടറിയും.
സാംസ്‌കാരിക പ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന കാലത്തും, നിശ്ശബ്ദനായി ഉള്‍വലിഞ്ഞിരിക്കുമ്പോഴും അദ്ദേഹത്തിന്റെ മനസ്സിനുള്ളില്‍ സചേതനമായ ഒരഗ്‌നിപര്‍വതം പുകഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. ക്രമരഹിതമായ ഇടവേളകളില്‍ ചിന്തകളില്‍നിന്ന് പൊട്ടിയൊഴുകുന്ന വാക്കിന്റെ ആ ലാവാപ്രവാഹത്തിലെ ധാതുസമ്പത്ത് അളവറ്റതായിരിക്കും. അതില്‍നിന്ന് പ്രസരിക്കുന്ന അണുവികിരണങ്ങള്‍ സാംസ്‌കാരിക പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുന്ന ഊര്‍ജസ്രോതസ്സാവുന്നതോടൊപ്പം സമൂഹശരീരത്തില്‍ മാരകമാംവിധം വളര്‍ന്നു തിടംവയ്‌ക്കുന്ന അര്‍ബുദകോശങ്ങളെ കരിച്ചുകളയുകയും ചെയ്യുന്നു.
പ്രമുഖ സാഹിത്യവിചക്ഷണനായ ഉണ്ണിക്കൃഷ്ണന്‍ ചേലേമ്പ്ര, വിഖ്യാത പണ്ഡിതനായ പ്രൊഫ. ഏട്ടനുണ്ണിരാജ എന്നിവര്‍ക്കൊപ്പം കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജില്‍ മലയാള വിഭാഗം അധ്യാപകനായിരുന്നു ദീര്‍ഘകാലം. നിറഞ്ഞുകവിയാറുള്ള ക്ലാസ്മുറികളായിരുന്നു അദ്ദേഹത്തിന്റേതെന്ന് ശിഷ്യര്‍ സാക്ഷ്യപ്പെടുത്തുന്നു. രണ്ടുതരത്തില്‍. മലയാളം പഠിക്കാത്ത വിദ്യാര്‍ഥികള്‍ പോലും വന്നിരുന്നുള്ള ഭൗതികമായ നിറഞ്ഞുകവിയല്‍. തന്റെ സ്വതസിദ്ധമായ ഭാഷണശൈലിയിലൂടെ സാഹിത്യവും ഭാഷയും സാംസ്‌കാരിക ചിന്തകളും വിദ്യാര്‍ഥികളുടെ മനസ്സിലേക്ക് അനുസ്യൂതം സംക്രമിപ്പിച്ചുകൊണ്ടുള്ള ആശയപരമായ നിറഞ്ഞുകവിയല്‍.
കുട്ടിക്കാലം മുതല്‍ തനിക്ക് ഏറെ പ്രിയപ്പെട്ട എഴുത്തിന്റെ മേഖലയില്‍ മുഴുകിയിരിക്കയാണ് ശശിമാഷ് തന്റെ വിശ്രമജീവിതത്തില്‍. സോഷ്യല്‍മീഡിയയുടെ വെര്‍ച്യുല്‍ ഓലയിലേക്കും അച്ചടിക്കടലാസിലേക്കും നിത്യാനിത്യം അക്ഷരങ്ങള്‍ പാകംചെയ്ത് വിളുമ്പുന്ന പുതുകാലത്തെ എഴുത്തുകാരെപ്പോലെയല്ല. വര്‍ഷങ്ങളുടെ യജ്ഞത്തിനു ശേഷമാണ് അദ്ദേഹത്തിന്റെ ഒരു പുസ്തകം വായനക്കാരിലെത്തുക. തന്റെ എഴുത്തുമൂലയില്‍ വാക്കിനുവേണ്ടി ദീര്‍ഘതപസ്സിരിക്കുന്ന എഴുത്താളന്‍.
പൊതുവഴിയിലൂടെയല്ല ശശിധരന്‍ മാസ്റ്ററുടെ ചിന്തകള്‍ സഞ്ചരിക്കാറ്. സത്യത്തെ അന്വേഷിച്ചുപോകാന്‍ തന്റേതായ വിചാരവഴികള്‍ അദ്ദേഹം കണ്ടെത്തുകയും, യുക്തിഭദ്രമായ കാഴ്ചപ്പാടിലൂടെ വിശകലനം ചെയ്ത് ഋജുവായ ഭാഷയിലൂടെ തന്റെ നിലപാട് വ്യക്തമാക്കുകയുമായിരുന്നു എഴുത്തിന്റെ തുടക്കം മുതലേ അദ്ദേഹം ചെയ്തിരുന്നത്. ‘കേസരി’ വാരികയിലാണ് അദ്ദേഹം എഴുതിത്തുടങ്ങിയത്.
അടിയന്തരാവസ്ഥയില്‍ ‘കേസരി’ക്കുവേണ്ടി, ജീവനക്കാരനല്ലാതെ, ജോലി ചെയ്തിരുന്നു ഞാന്‍. സ്ഥിരമായി കേസരി ഓഫീസില്‍ പോവുകയും അവിടെ വരുന്ന പത്രങ്ങളൊക്കെ വായിക്കുകയും ചെയ്യും. കേസരി പത്രാധിപരായിരുന്ന എം.എ സാര്‍ (എം.എ.കൃഷ്ണന്‍) അക്കാലത്ത് ഒളിവിലായിരുന്നതിനാല്‍ പി.കെ.സുകുമാരന്‍ ആയിരുന്നു പത്രാധിപരുടെ ചുമതല വഹിച്ചിരുന്നത്. സുകുമാരേട്ടന്‍ നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ പ്രസിദ്ധീകരണത്തിനായി എഴുതിക്കൊടുക്കുക പതിവായിരുന്നു. പുത്തൂര്‍മഠം ചന്ദ്രന്‍, സി.എം. കൃഷ്ണനുണ്ണി എന്നിവരും കൂടെ ഉണ്ടാവാറുണ്ടായിരുന്നു. അക്കാലത്ത് എഴുത്തിന് ഇന്നത്തേക്കാള്‍ വേഗത കൂടുതലായിരുന്നു. ഏതു കാര്യം ആവശ്യപ്പെട്ടാലും എന്റേതായ കാഴ്ചപ്പാടിലൂടെയായിരുന്നു എഴുതാറ്. സുകുമാരേട്ടന്‍ അതിന് സ്വാതന്ത്ര്യം തന്നിരുന്നു.
കരയുന്ന കടല്‍ത്തീരം
1978 ജൂലായ് മാസത്തില്‍ സായിബാബയെക്കുറിച്ച് പലരുടെയും ലേഖനങ്ങള്‍ കേസരി വാരികയില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചിരുന്നു. 1978 ജൂലായ് 29 ലെ ലക്കത്തില്‍ അവസാന ലേഖനമായി വന്നത് കെ.പി. ശശിധരന്റേതായിരുന്നു. ‘സായിബാബയും ഭക്തന്മാരും’ എന്ന പേരില്‍. കാഴ്ചപ്പാടിലും ആഖ്യാനത്തിലും അതുവരെ വന്നുകൊണ്ടിരുന്ന ലേഖനങ്ങളില്‍നിന്ന് വ്യത്യസ്തമായിരുന്നു അത്. ”ഈ ലേഖനം സായിബാബ ഭക്തന്മാരെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്” എന്ന പ്രസ്താവത്തോടെയാണ് അത് തുടങ്ങുന്നത്. ”നമ്മുടെ മതത്തില്‍ അദ്ഭുതകൃത്യങ്ങള്‍ക്ക് യാതൊരു സ്ഥാനവുമില്ല. ശുദ്ധമായ ജ്ഞാനത്തിന്റെ അടിത്തറയില്‍ കെട്ടിപ്പടുത്ത വിശ്വാസത്തെ അദ്ഭുതകൃത്യങ്ങള്‍കൊണ്ട് അരക്കിട്ടുറപ്പിക്കേണ്ട കാര്യവുമില്ല. സഹസ്രാബ്ദങ്ങള്‍ക്കു ശേഷവും ഹിന്ദുക്കളെ ഇക്കാര്യം ഓര്‍മ്മിപ്പിക്കേണ്ടി വരുന്നത് വേദനാജനകമാണെന്ന് പറഞ്ഞുകൊള്ളട്ടെ!” എന്നു സൂചിപ്പിച്ചുകൊണ്ടാണ് ലേഖനം അവസാനിക്കുന്നത്. ചിന്തിക്കാത്തവന് എന്തു സംശയം, സ്വാര്‍ഥഭക്തന്മാര്‍, മതേതരത്വം അവിടെയും, നമുക്ക് ജ്ഞാനികളാവാം എന്നീ ഉപശീര്‍ഷകങ്ങളോടെയുള്ള ചെറുലേഖനം. എഴുതിത്തുടങ്ങിയ കാലത്തുതന്നെ തന്റെ എഴുത്തുശീലത്തെ അദ്ദേഹം കൃത്യതപ്പെടുത്തിയിരുന്നു.
എഴുതുമ്പോള്‍ മറ്റുള്ളവര്‍ എന്തുകരുതും എന്നത് എനിക്ക് വിഷയമാവാറില്ല. പറയാനുള്ളത് സത്യസന്ധമായി തുറന്നു പറയും. പ്രസിദ്ധപ്പെടുത്തുന്ന പത്രത്തിന്റെ നിലപാടോ കൂടെയുള്ളവരുടെ വിചാരഗതികളോ പരിഗണിക്കാറില്ല. വായനക്കാരുടെ മനോഭാവത്തെയും കണക്കിലെടുക്കാറില്ല. എനിക്കു പറയാനുള്ളത് യുക്തിഭദ്രമായി അതിനു യോജിച്ച ഭാഷയില്‍ അവതരിപ്പിക്കുക എന്നതാവണം എഴുത്തുകാരന്റെ പ്രാഥമികധര്‍മ്മം എന്നാണ് എന്റെ പക്ഷം. എന്നോട് യോജിക്കുന്നവരോ വിയോജിക്കുന്നവരോ ഉണ്ടാവാം. ആശയങ്ങളോട് പക്ഷം ചേരുമ്പോള്‍ എന്റെ വിശ്വാസവും അതാണ്. എനിക്കും ചിലതിനോട് യോജിപ്പും വിയോജിപ്പും ഉണ്ടാവും. ഒന്നും ഒളിച്ചുവയ്‌ക്കാതെ അവതരിപ്പിക്കാനാണ് ഞാന്‍ തുടക്കം മുതല്‍ക്കേ ശ്രമിച്ചുതുടങ്ങിയത്.
”സഹസ്രാബ്ദങ്ങളിലൂടെ നടത്തിയ നിരന്തരമായ തപസ്യയുടെ ഫലമായിട്ടാണ് പ്രപഞ്ചശക്തിയെപ്പറ്റി മനസ്സിലാക്കുവാന്‍ നമ്മുടെ ഋഷിമാര്‍ക്ക് കഴിഞ്ഞത്. എന്നിട്ടും സംശയം വിട്ടുമാറാതെ അവര്‍ ‘നേതി നേതി’ (ഇതല്ല, ഇതല്ല) എന്നു പറഞ്ഞു. എന്നാല്‍ ആധുനികയുഗത്തിലെ ബാബാഭക്തന്മാര്‍ക്ക് അത്തരത്തിലുള്ള സംശയമേ ഇല്ല. ദൈവം സായിബാബതന്നെ?” ലേഖനത്തിലെ ഈ ഭാഗം ഇന്‍ട്രോ ആയി കൊടുത്തുകൊണ്ടാണ് ‘കേസരി’ ഈ ലേഖനം പ്രസിദ്ധീകരിച്ചത്.
”സത്യസായി സംഘത്തിന്റെ ചിഹ്നം എന്താണെന്ന് പരിശോധിക്കാം. ഓംകാരവും കുരിശും ചന്ദ്രക്കലയും നക്ഷത്രവും അഗ്‌നിശിഖയും എല്ലാമടങ്ങിയ വിശ്വമതസ്പര്‍ശിയായ ഒന്നാണ് അത്. മതേതരത്വത്തിന് സ്തുതി. കൃസ്തുമതത്തിന്നും ഇസ്ലാംമതത്തിന്നും അതിന്റേതായ പ്രത്യേകതയുണ്ട്. ഹിന്ദുധര്‍മ്മത്തിന് തനതായ വ്യക്തിത്വവും. ഏതായാലും ക്രിസ്ത്യാനിയേയും മുസല്‍മാനേയും സായി ആരാധകരായി കിട്ടുമെന്നു തോന്നുന്നില്ല. ഹിന്ദുക്കള്‍ മാത്രമാണ് സായിബാബയെ ആരാധിക്കാന്‍ മുന്നോട്ടുവരുന്നത്. എല്ലാ മതങ്ങളുടേയും ലക്ഷ്യം ഒന്നാണെന്നു വിളിച്ചുകൂവുന്നത് ഇപ്പോള്‍ ഒരു ഫാഷനായിത്തീര്‍ന്നിരിക്കുന്നു. ഇതു പറയുന്നവര്‍ക്കു വല്ല നിക്ഷിപ്തതാല്പര്യങ്ങളും കണ്ടേക്കും. ആധുനിക രാഷ്‌ട്രീയക്കാരുടെ തുറുപ്പുചീട്ടായ ഈ ‘അവിയല്‍ മനോഭാവം’ എന്തിനാ
ണ് ബാബ കൈക്കൊണ്ടത് എന്നു മനസ്സിലാകുന്നില്ല.” എന്ന വിമര്‍ശനം ലേഖനത്തില്‍ ശശിധരന്‍ മാസ്റ്റര്‍ അന്ന് ഉന്നയിച്ചത് അത്തരം പ്രവണതകള്‍ പ്രകടമാക്കുന്ന പല ആത്മീയസ്ഥാപനങ്ങളെ സംബന്ധിച്ച് ഇന്നും പ്രസക്തമാണ്.
പത്രപ്രവര്‍ത്തനത്തിന്റെ പാഠങ്ങള്‍ സ്വയം അനുശീലിക്കുകയായിരുന്നു കെ.പി. ശശിധരന്‍. അടിയന്താരാവസ്ഥക്കാലത്ത് ‘കേസരി’ക്കുവേണ്ടി എഴുതുമ്പോള്‍ വാര്‍ത്തകളുടെ പ്രഭവസ്ഥാനത്തേക്ക് സഞ്ചരിക്കുന്ന രീതി അദ്ദേഹം അനുവര്‍ത്തിച്ചിരുന്നു.
ആംചെയര്‍ ജേര്‍ണലിസം അല്ല നമുക്ക് വേണ്ടത്. വാര്‍ത്തയുടെ ഉറവിടത്തില്‍നിന്ന് നേരിട്ടറിയുന്ന വസ്തുതകള്‍ കൊരുത്ത അക്ഷരങ്ങളില്‍ മഷി പുരളുമ്പോഴേ അതിന്റെ ചൂര് വായനക്കാരന്റെ മനസ്സിനെ തപിപ്പിക്കുകയുള്ളൂ. ഇപ്പോഴും നമ്മള്‍ ആ മേഖലയില്‍ വളരെ വളരെ പിന്നിലാണെന്ന് തോന്നാറുണ്ട്. മറ്റുള്ള പുസ്തകങ്ങളില്‍നിന്നോ ലേഖനങ്ങളില്‍നിന്നോ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് പേജുകള്‍ നിറയ്‌ക്കുക എന്ന ശീലം നാം ഉപേക്ഷിച്ചിട്ടില്ല.
കേരളത്തിന്റെ കടല്‍ത്തീരത്ത് കടലുമായി ഇടപഴകി ജീവിക്കുന്നവരുടെ ജീവിതസത്യങ്ങള്‍ നേരിട്ടറിഞ്ഞ് പഠിച്ച് 1978ല്‍ ശശിമാഷ് എഴുതിയ അന്വേഷമാത്മക പരമ്പര വളരെയേറെ ശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി. മത്സ്യത്തൊഴിലാളിസംഘത്തിന്റെ സംസ്ഥാന നേതൃനിരയിലുണ്ടായിരുന്ന എന്‍.പി.രാധാകൃഷ്ണനും മറ്റും ശശിമാസ്റ്ററോടൊപ്പം കഴിഞ്ഞ ആ അനുഭവത്തെയും ലേഖനത്തെയും അമ്പതു വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോഴും സ്മരിക്കാറുണ്ട്. അതിനെക്കുറിച്ച് ശശിമാസ്റ്റര്‍ പറയുന്നു.
കോഴിക്കോട് പുതിയാപ്പയിലെ സി.പി.മാധവേട്ടന്‍ ഒരിക്കല്‍ പറഞ്ഞു, കടലില്‍ വരള്‍ച്ചയാണ്, മത്സ്യമൊന്നും കിട്ടുന്നില്ല. ഏതാണ്ട് കടല്‍ത്തീരം കൊടിയ ക്ഷാമത്തിലാണ്. പി.കെ. സുകുമാരേട്ടന്‍ പറഞ്ഞതനുസരിച്ച് പുതിയാപ്പയില്‍പ്പോവുകയും അവിടെ അരയസമുദായത്തോടൊപ്പം ചില ദിവസങ്ങള്‍ കഴിയുകയും, കടല്‍ത്തീരത്ത് കിടന്നുറങ്ങുകയും, അവരോടൊപ്പം കടലില്‍പ്പോവുകയും ചെയ്തു. രാവിലെ ബോട്ടില്‍ കടലിലേക്ക് പോകും. കുറേ ഉള്ളിലേക്ക് പോയാല്‍ കരയില്‍നിന്ന് കാണാന്‍ പറ്റാത്ത പല സ്ഥലങ്ങളും കടലില്‍നിന്നു കാണാം. അവരുടെ ദിനചര്യയുടെ ഭാഗമായി. ആ മനുഷ്യരുടെ മനസ്സറിഞ്ഞു. അവര്‍ എല്ലാ കാര്യങ്ങളും നേരെനേരെ ചെയ്യുന്നവരാണ്. ദേഷ്യം വന്നാല്‍ മറ്റൊന്നും നോക്കാതെ, കടലുപോലെ ക്ഷോഭിക്കും, കയര്‍ക്കും. സന്തോഷം വന്നാല്‍ ഉറഞ്ഞുതുള്ളി പ്രകടിപ്പിക്കും. ദുഃഖത്തില്‍ പൊട്ടിക്കരയും. ഒന്നും ഒളിച്ചുവയ്‌ക്കാന്‍ അവര്‍ക്കറിയില്ല. അവരുടെ ദുരിതങ്ങള്‍ നേരിട്ടറിഞ്ഞു. നിരവധി പേരുടെ ഒരു ദിവസത്തെ അധ്വാനത്തിന്റെ ഭാരമറിഞ്ഞു. ദിവസം അവസാനിക്കുമ്പോള്‍ വലിയ സമ്പത്തൊന്നും അവര്‍ക്ക് കിട്ടുന്നില്ല എന്ന് തിരിച്ചറിഞ്ഞു. അതിനെക്കുറിച്ച് ഒരു ഫീച്ചര്‍ എഴുതി ‘കേസരി’യില്‍ പ്രസിദ്ധീകരിച്ചു. ‘കരയുന്ന കടല്‍ത്തീരം’ എന്ന പേരില്‍ തുടര്‍ച്ചയായ മൂന്ന് ലക്കങ്ങളില്‍.
കേസരിയിലെ എഴുത്തുകാലം
ആ ഫീച്ചറില്‍ കടല്‍ത്തീരത്തെ ദയനീയാവസ്ഥ ശശിധരന്‍ മാസ്റ്റര്‍ അക്ഷരത്തിലാക്കിയത് ഇങ്ങനെയാണ്:
”തുടര്‍ച്ചയായി ഭക്ഷണം ലഭിക്കാതെ, എപ്പോഴെങ്കിലും വല്ലതും കിട്ടുമ്പോള്‍, കിട്ടിയതെല്ലാം അകത്താക്കുന്നതുമൂലം ഗ്രഹണി ബാധിച്ച കിടാങ്ങള്‍ തങ്ങളുടെ പുള്ളുവന്‍കുടത്തിനൊത്ത വയറിനെ മടിയില്‍ ഉറക്കിക്കിടത്തി സ്വയം ഉറങ്ങുന്ന ദയനീയമായ കാഴ്ച നമ്മുടെ കടല്‍ത്തീരത്തിന്റെ മുഖമുദ്രയായി മാറിയിട്ടുണ്ട്. മുതിര്‍ന്നവര്‍ മുണ്ട് മുറുക്കിയുടുത്ത്, ചുണ്ടില്‍ കൃത്രിമ പുഞ്ചിരിവരുത്തി പട്ടിണിക്കുമുമ്പില്‍ മറപിടിക്കാന്‍ ശ്രമിക്കുന്നത് ദന്തഗോപുരത്തില്‍ വിലസുന്നവര്‍ക്കു മാത്രമേ മനസ്സിലാകാതെ പോകൂ. നമ്മുടെ സമാജത്തിലെ ഒരവിഭാജ്യഘടകമെന്ന നിലയില്‍ ഈ വിഭാഗത്തിന്റെ ദുഃസ്ഥിതിയില്‍ നിസ്സംഗത പാലിക്കുവാന്‍ നമുക്കു കഴിയുമോ? ഇന്നാട്ടിലെ ‘സേവനത്തൊഴിലാളി’കളില്‍ ഒരെണ്ണം പോലും ഈ ഭാഗങ്ങളിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. എന്തിനേറെ അവശരുടെ കണ്ണീരൊപ്പുന്നതിനുവേണ്ടി യുഗപുരുഷന്മാര്‍ രൂപം നല്‍കിയ സ്ഥാപനങ്ങളിലെ ആതുരസേവകര്‍ പോലും തങ്ങളുടെ ഏഴാംമാളികമുകളില്‍നിന്നും ഇറങ്ങിവരുന്നില്ല. പട്ടിണി, രോഗത്തിന്റെ ആദ്യത്തെ ചവിട്ടുപടിയാണ്. ഇന്നത്തെ അവസ്ഥയില്‍ കടല്‍ത്തീരത്തു തികയാന്‍ ഇനി അതൊന്നുമാത്രമേ ബാക്കിയുള്ളൂ. ഇരുപതിനപരിപാടിയുടെ വമ്പിച്ച വിജയത്തെത്തുടര്‍ന്നു ധാന്യച്ചാക്കുകള്‍ ‘അഹമഹമികയാ’ വന്നുനിറയുന്നതുമൂലം ഇപ്പോഴുള്ള ഗോഡൗണുകള്‍തന്നെ അപര്യാപ്തമായിത്തീര്‍ന്നിട്ടുണ്ടെന്നു സര്‍ക്കാരിന്റെ അറിയിപ്പില്‍ പറയുന്നു. ഇത് ശരിയാണെങ്കില്‍ പട്ടിണിക്കാരായ തിരദേശവാസികള്‍ക്ക് ഇന്നത്തെ ഈ വിപരീതകാലാവസ്ഥ മാറുന്നതുവരേക്കെങ്കിലും സൗജന്യറേഷന്‍ അനുവദിച്ചുകൂടേ? സേവന സന്നദ്ധസംഘക്കാര്‍ തങ്ങളുടെ കൂടെ പേടിക്കുകൂട്ടിനായി പത്രക്കാരും, ഫോട്ടോഗ്രാഫര്‍മാരും വന്നാല്‍ മാത്രമേ മുന്നോട്ടുനീങ്ങൂ എന്ന മനോഭാവം മാറ്റിയെടുക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.”
ഒരു വിഭാഗം മനുഷ്യരുടെ ദയനീയത നേരിട്ട് കണ്ടറിഞ്ഞ് സാമാന്യമായ പത്രഭാഷയുടെ അരോചകത്വമില്ലാത്ത അവതരണശൈലിയിലൂടെ പൊതുസമൂഹത്തിന്റെ മനോതലത്തില്‍ ആ ചിത്രം വരച്ചിടുന്ന രചനാരീതി അക്കാലം മുതല്‍ക്കേ അദ്ദേഹം സ്വയം ഉണ്ടാക്കിയെടുത്തിരുന്നു.
എഴുപതുകളില്‍ ‘കേസരി’ വാരികയില്‍ വ്യത്യസ്തമായ വിഷയങ്ങളില്‍ നിരന്തരമായി ലേഖനങ്ങള്‍ എഴുതിയിരുന്നു കെ.പി.ശശിധരന്‍. വിദ്യാഭ്യാസമേഖലയെക്കുറിച്ച് സമഗ്രമായ ഒരു സര്‍വേ നടത്തിയെഴുതിയ വിശകലന ലേഖനം, മലയാള പത്രപ്രവര്‍ത്തനരംഗത്തെ പ്രഗത്ഭരെക്കുറിച്ചുള്ള കുറിപ്പ്, കാളിദാസന്റെ ഭൂമിശാസ്ത്രനിരീക്ഷണം തുടങ്ങിയവ അതില്‍പ്പെടുന്നു. കൂടാതെ ഭാഷാപോഷിണി, മാതൃഭൂമി തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ക്കു വേണ്ടിയും ധാരാളം ലേഖനങ്ങള്‍ എഴുതിയിരുന്നു അക്കാലത്ത്. ചില ആംഗലേയകവിതകള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുകയുമുണ്ടായി.
ചന്ദനഗന്ധം പോലെ ഒരു മനുഷ്യന്‍
എഴുത്തിന് ധാരാളം അവസരം ലഭിക്കും എന്നതുകൊണ്ട് പത്രപ്രവര്‍ത്തകനാകനായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. മാതൃഭൂമി പത്രത്തില്‍ ജോലിക്കായി അപേക്ഷിച്ച് എഴുത്തുപരീക്ഷയില്‍ മികച്ച വിജയം കൈവരിക്കുകയും, ഇന്റര്‍വ്യൂവിന് ക്ഷണം ലഭിക്കുകയും ചെയ്തിരുന്നു. തനിക്ക് ശരിയെന്ന് ബോധ്യമുള്ള കാര്യങ്ങള്‍ ആരുടെ മുമ്പിലും മറ്റു പരിഗണനകളോ സന്ദര്‍ഭത്തിന്റെ ഔചിത്യമോ ഒന്നും നോക്കാതെ തുറന്നടിച്ചു പറയുന്ന ജന്മസ്വഭാവമുള്ളതു കാരണം അഭിമുഖത്തിലെ ആദ്യചോദ്യത്തിന് ഉത്തരം കൊടുത്തതോടെ ജോലി നിഷേധിക്കപ്പെടുകയായിരുന്നു. തന്റെ ആരാധ്യപുരുഷനായ വി.എം.കൊറാത്ത് ആ ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉണ്ടായിരുന്നിട്ടും, കുറിക്കുകൊള്ളുന്ന ആ ‘ഉത്തരം’ കൊറാത്തിന് അനുകൂല തീരുമാനമെടുക്കാനുള്ള അവസരം കൊടുത്തില്ല.
മാതൃഭൂമിയില്‍ ജോലിക്കായി അഭിമുഖത്തിന് ക്ഷണം ലഭിച്ചിരുന്നു. കൊറാത്ത് സാര്‍, വിംസി, വേണുക്കുറുപ്പ്, രാമചന്ദ്രന്‍ എന്നിവരായിരുന്നു ഇന്റര്‍വ്യൂ ബോര്‍ഡില്‍. മാതൃഭൂമിയുടെ അന്നത്തെ മുഖപ്രസംഗം വായിച്ചിട്ടുണ്ടോ, എന്താണ് അതേക്കുറിച്ചുള്ള അഭിപ്രായം എന്നായിരുന്നു ആദ്യചോദ്യം. വിദേശകാര്യമന്ത്രിയായ വാജ്പെയ് ചൈനയില്‍ പോയതിനെക്കുറിച്ചായിരുന്നു ആ മുഖപ്രസംഗം. വാജ്പെയ് എത്തിയ ദിവസമാണ് ചൈന വിയറ്റ്നാമിനെ ആക്രമിച്ചത്. ഒരു വിദേശകാര്യമന്ത്രിയെ അപമാനിക്കാനാണ് അവരത് ചെയ്തത് എന്ന മട്ടിലായിരുന്നു മുഖപ്രസംഗം. പത്രത്തിന്റെ ആ അഭിപ്രായത്തിന്റെ യുക്തിയില്ലായ്‌മയെ എന്റെ മറുപടിയില്‍ ചൂണ്ടിക്കാട്ടി. ഒരു യുദ്ധം തുടങ്ങാന്‍ ഏതൊരു രാജ്യവും ദീര്‍ഘനാളത്തെ തയാറെടുപ്പു നടത്തും. മറ്റൊരു രാജ്യത്തിലെ മന്ത്രിയുടെ വരവ് വളരെ ചുരുങ്ങിയ സമയത്തിനുള്ളിലെടുക്കുന്ന തീരുമാനമാവും. അതിനെ രണ്ടിനെയും കൂട്ടിവായിക്കുന്നതിലെ അപാകതയാണ് ഞാന്‍ ചൂണ്ടിക്കാട്ടിയത്. സ്വന്തം അഭിപ്രായം തുറന്നുപറയാനുള്ള മടിയില്ലായ്‌മ നാവില്‍ ഗുളികനായി കയറിവന്നതിനാല്‍ മറ്റൊന്നും ഞാന്‍ ചിന്തിച്ചില്ല. ആ ഒരൊറ്റ കാരണംകൊണ്ട് മാത്രം ജോലി കിട്ടിയില്ല. പത്രാധിപന്മാരെ ഇങ്ങനെ വിമര്‍ശിക്കുന്നവനെ ഇവിടെ ജോലിക്കു നിര്‍ത്തിയാല്‍ അപകടമാണെന്ന് അവര്‍ ചിന്തിച്ചിട്ടുണ്ടാവും. പിന്നീട് കണ്ടപ്പോള്‍ കൊറാത്ത് സാര്‍ ചോദിച്ചു: ‘താനെന്തൊരു വിഢിത്തമാണ് കാണിച്ചത്. ആ കൂട്ടത്തില്‍ ഒരാളാണ് അതെഴുതിയത് എന്നാലോചിക്കാനുള്ള ബുദ്ധി തനിക്കില്ലാതെ പോയോ.” വളരെക്കാലം കഴിഞ്ഞ് ‘തപസ്യ’യുടെ ഒരു യോഗത്തില്‍ അദ്ദേഹം എന്നെക്കുറിച്ച് പരാമര്‍ശിക്കവേ അക്കാര്യം ഓര്‍മ്മിച്ചു പറയുകയും ചെയ്തിരുന്നു.
വി.എം. കൊറാത്ത് ശശിധരന്‍ മാസ്റ്ററുടെ ആരാധ്യപുരുഷനാണ്. ‘തപസ്യ’ കലാ-സാഹിത്യവേദിയുടെ ആരംഭകാലത്താണ് കൊറാത്ത് സാറുമായി അടുത്തത്. തപസ്യയുടെ തുടക്കത്തിന് പ്രേരണ നല്‍കിയതില്‍ മുഖ്യപങ്കുവഹിച്ചയാളാണ് അന്ന് മാതൃഭൂമി പത്രത്തിന്റെ പത്രാധിപസമിതിയിലുണ്ടായിരുന്ന വി.എം.കൊറാത്ത്. ”കൊറത്ത് ഇല്ലായിരുന്നുവെങ്കില്‍ എനിക്ക് തപസ്യ തുടങ്ങാനാവില്ലായിരുന്നു” എന്നാണ് അതിന്റെ സ്ഥാപകനായ എം.എ.കൃഷ്ണന്‍ പറഞ്ഞത്. ദേശീയതയിലും ഭാരതീയ സംസ്‌കൃതിയിലും ആഭിമുഖ്യവും ആദര്‍ശശുദ്ധിയുമുള്ള അപൂര്‍വം പത്രപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു അദ്ദേഹം. സ്‌കൂള്‍ പഠനകാലത്ത് ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഷ്ഠിച്ചയാള്‍. പത്രപ്രവര്‍ത്തകരുടെ അവകാശങ്ങള്‍ക്കുവേണ്ടി സംഘടനാപ്രവര്‍ത്തനം തുടങ്ങി നേതൃത്വം കൊടുത്തയാള്‍. ഒന്നാംതരം കോളമിസ്റ്റും പത്രാധിപരും. യാതൊരുവിധ ബാഹ്യപ്രേരണകള്‍ക്കും വിധേയനാവാതെ തന്റെ നിലപാടുകളില്‍ അടിയുറച്ചുനിന്നിരുന്ന സാംസ്‌കാരികപ്രവര്‍ത്തകന്‍. എല്ലാറ്റിനുമുപരി വ്യക്തിശുദ്ധിയും തുറന്ന മനസ്സും എല്ലാവരെയും ഒരുപോലെ ചേര്‍ത്തുനിര്‍ത്തുന്ന സമീപനവുമുള്ള മനുഷ്യസ്നേഹി.
ജീവിതത്തില്‍ ഏറ്റവും മതിപ്പുതോന്നിയിട്ടുള്ള ഒരു വ്യക്തിയാണ് വി.എം. കൊറാത്ത്. കേളപ്പജിയും ആഗമാനന്ദസ്വാമിജിയുമാണ് അദ്ദേഹത്തിന്റെ വ്യക്തിത്വം പരുവപ്പെടുത്തിയെടുത്തത്. അതിന്റെ എല്ലാ ഗുണങ്ങളും അദ്ദേഹത്തില്‍ നിറഞ്ഞുനിന്നിരുന്നു. അത്രയും സംസ്‌കാരസമ്പന്നനും സ്നേഹസമ്പന്നനുമായ ഒരാളെ ജീവിതത്തില്‍ ഞാന്‍ വേറെ കണ്ടിട്ടില്ല. അദ്ദേഹം ആളുകളെ ഏതുരീതിയിലാണ് നോക്കിക്കണ്ടിരുന്നത്, സ്നേഹിച്ചിരുന്നത് എന്നതിന് ഒരുപാട് അനുഭവങ്ങള്‍ എനിക്കുണ്ട്. ശാഠ്യങ്ങള്‍ ഉണ്ടായിരുന്നില്ല എന്നതാണ് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ഒരു ഗുണം. ഇന്നതാണ് അവസാനത്തെ വാക്ക്, ഇത് പിന്തുടര്‍ന്നുകൊള്ളണം എന്ന് അദ്ദേഹം നിര്‍ബന്ധം പിടിക്കാറില്ല. നാം പറയുന്നത് അദ്ദേഹം ശ്രദ്ധയോടെ കേള്‍ക്കും. അത്രയും ശ്രദ്ധാലുവായ ഒരു മനുഷ്യനെ ഞാന്‍ വേറെ കണ്ടിട്ടില്ല. എല്ലാം കേട്ട ശേഷം നാം പറഞ്ഞതില്‍ എന്തെങ്കിലും പന്തികേടുണ്ടെങ്കില്‍ അത് നമ്മെ ബോധ്യപ്പെടുത്തും. ആ ഒരു ശ്രദ്ധ മറ്റാരില്‍നിന്നും എനിക്ക് കിട്ടിയിട്ടില്ല. തന്റെ നിലപാടുകളില്‍ ഇത്തിരി വിട്ടുവീഴ്ച ചെയ്യാന്‍ തയാറായിരുന്നെങ്കില്‍ ഏതൊക്കെയോ അത്യുന്നത സ്ഥാനങ്ങളില്‍ എത്തിപ്പെടുകയും ഇന്നും കൊട്ടിഘോഷിക്കപ്പെടുകയും ചെയ്യുമായിരുന്നു അദ്ദേഹം. അത്തരത്തില്‍ ആത്മവഞ്ചന ചെയ്യാന്‍ അദ്ദേഹം ഒരിക്കലും തയാറായിരുന്നില്ല എന്നതാണ് ആ വ്യക്തിത്വത്തിന്റെ മഹത്വം.
അടുത്തലക്കം: അടിയന്തരാവസ്ഥ മാതൃഭൂമിയിലും
















