തായ്‌വേര് തമിഴ്‌നാട്ടിലാണെങ്കിലും മലയാളിയുടെ മംഗളവാദ്യത്തില്‍ ഒന്നാംസ്ഥാനമലങ്കരിക്കുന്ന നാഗസ്വരത്തിലെ കേരളത്തിലെ ഒന്നാമനാണ് തിരുവിഴ ജയശങ്കര്‍. നാഗസ്വരത്തിന്റെ വാദനത്തില്‍ മാത്രമല്ല ഈ കലാരൂപത്തിന്റെ അപാരസാധ്യതകള്‍ പഠിക്കുകയും പ്രയോഗിക്കുകയും, അതിന്റെ ചരിത്രത്തിലേക്കിറങ്ങിച്ചെന്ന് ഗവേഷകന്റെ ജിജ്ഞാസയോടെ ആസ്വാദകരിലേക്കെത്തിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന അനുപമ പ്രതിഭയാണ് തിരുവിഴ.
പാരമ്പര്യവാസനകള പരിപോഷിപ്പിക്കുകയും നാദസ്വരത്തിന്റെ നാവായി മാറുകയും ചെയ്ത കലോപാസകനാണ് ജയശങ്കര്‍. ഏഴുപതിറ്റാണ്ടിലേറെയായി ദക്ഷിണേന്ത്യന്‍ സംഗീതശാഖക്ക് വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ പ്രതിഭയാണ് തിരുവിഴ. ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തലക്കടുത്ത തിരുവിഴയില്‍ നാഗസ്വര വിദ്വാനായിരുന്ന തിരുവിഴ രാഘവപ്പണിക്കരുടേയും കമലമ്മയുടേയും മകനായാണ് ജയശങ്കറിന്റെ ജനനം. കുട്ടിക്കാലംമുതല്‍ സംഗീതത്തിലും ചിത്രരചനയിലും ഏറെ തല്‍പ്പരനായിരുന്നു. മുത്തശ്ശനായ തിരുവിഴ ശങ്കുപ്പണിക്കര്‍, പിതാവ് രാഘവപ്പണിക്കര്‍ എന്നിവരില്‍നിന്നാണ് നാദസ്വരത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്.
1956 ല്‍ കായംകുളം പത്തിയൂര്‍ ദേവീക്ഷേത്രസന്നിധിയില്‍ പതിനാറാമത്തെ വയസ്സിലായിരുന്നു അരങ്ങേററം.18 വയസ്സില്‍ ആകാശവാണി നടത്തിയ സംഗീത മത്സരത്തില്‍ അന്ന് രാഷ്‌ട്രപതിയായിരുന്ന ഡോ. രാജേന്ദ്രപ്രസാദില്‍ നിന്ന് സുവര്‍ണമെഡല്‍ കരസ്ഥമാക്കി. 1958 ല്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി സംഗീത കോളേജില്‍നിന്ന് വായ്‌പ്പാട്ടില്‍ ഗാനഭൂഷണം പാസ്സായി. ഗാനഗന്ധര്‍വന്‍ കെ.ജെ.യേശുദാസ് സഹപാഠിയായിരുന്നു. ചിറ്റൂര്‍ ഗവ.കോളേജില്‍നിന്നാണ് ബിരുദം നേടിയത്. തിരുവനന്തപുരം സ്വാതിതിരുന്നാള്‍ സംഗീത കോളേജില്‍ സംഗീത കുലപതി ശെമ്മാങ്കുടി ശ്രീനിവാസയ്യരുടെ കീഴില്‍ ഒരു വര്‍ഷം ഗാനപ്രവീണ കോഴ്‌സ് അഭ്യസിച്ചു.
മൂന്ന് പതിറ്റാണ്ടുകാലം തിരുവനന്തപുരം ആകാശവാണി നിലയത്തില്‍ സ്റ്റാഫ് ആര്‍ട്ടിസ്റ്റായിരുന്നു. ഒരു പുരുഷായുസ്സ് മുഴുവന്‍ നാഗസ്വരത്തിനായ സമര്‍പ്പിച്ച തിരുവിഴ ജയശങ്കറിന്റെ ആത്മകഥാസ്പര്‍ശിയും ചിന്തോദ്ദീപകവുമായ ഉത്കൃഷ്ടകൃതിയാണ് നാദസ്വരത്തിന്റെ ആത്മകഥ. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച ഈ പഠനഗ്രന്ഥം സുഷിരവാദ്യമായ നാഗസ്വരത്തിന്റെ ചരിത്രവും പരിണാമങ്ങളും അടയാളപ്പെടുത്തുന്നതോടൊപ്പം ഈ രംഗത്തെ കലാകാരന്‍മാരെക്കുറിച്ചും പ്രതിപാദിക്കുന്നു. ഒരു പുരുഷായുസ്സു മുഴുവന്‍ നാഗസ്വരവായനക്കായി ആത്മസമര്‍പ്പണം ചെയ്ത തിരുവിഴ നവതിയുടെ നിറവിലും നിത്യവും നാഗസ്വരം സാധകം ചെയ്യുന്നു എന്നത് ഏറെ പ്രസക്തമാണ്.
അയ്യപ്പഭക്തിഗാനങ്ങള്‍ ഉപകരണസംഗീത രൂപത്തില്‍ പുറത്തിറക്കിയ ആല്‍ബങ്ങളില്‍ തിരുവിഴയുടെ പങ്ക് വലുതാണ്. അയ്യപ്പകീര്‍ത്തനങ്ങളുടേയും ശരണമന്ത്രങ്ങളുടേയും നാഗസ്വരത്തിലുള്ള ആവിഷ്‌കാരം തിരുവിഴയുടെ എടുത്തുപറയേണ്ട സംഭാവനകളാണ്. അയ്യപ്പഭക്തിഗാനങ്ങളില്‍ ക്ഷേത്രോത്സവങ്ങളുടെ അന്തരീക്ഷം സൃഷ്ടിക്കാന്‍ ജയശങ്കറിന്റെ നാഗസ്വര വാദനത്തിനു സാധിച്ചു. ഹരിവരാസനം, പമ്പാനദിയുടെ തീരം എന്നിങ്ങനെ തുടങ്ങുന്ന ഗാനങ്ങള്‍ക്ക് നാഗസ്വരത്തില്‍ ഭക്തിസാന്ദ്ര ഭാവമേകാന്‍ തിരുവിഴയുടെ വാദനത്തിനായി. നാഗസ്വരസംഗീതത്തെ സാധാരണക്കാരിലേക്കെത്തിക്കുന്നതില്‍ തിരുവിഴയുടെ പങ്ക് ചെറുതല്ല.
നാഗസ്വരത്തെ ജനകീയമാക്കിയതിലും അതിലൂടെ ഭക്തിഗാനശാഖക്ക് നല്‍കിയ സംഭാവനയുടെ പരിഗണിച്ചാണ് സംസ്ഥാനസര്‍ക്കാരിന്റെ ഹരിവരാസനം പുരസ്‌കാരം തിരുവിഴയെ തേടിയെത്തിയിരിക്കുന്നത്. കേന്ദ്ര-കേരളസംഗീത നാടക അക്കാദമി അവാര്‍ഡ്, തമിഴ്‌നാട് സംഗീതനാടക അക്കാദമിയുടെ കൈലമാമണി അവാര്‍ഡ്, ചെന്നൈ അണ്ണാമലൈ മന്റ് റം തമിഴ് സംഘത്തിന്റെ ഇശൈപേരറിജ്ഞര്‍ അവാര്‍ഡ്, കേരളസംഗീതനാടക അക്കാദമി ഫെല്ലോഷിപ്പ്, ശ്രീഗുരുവായൂരപ്പന്‍ പുരസ്‌കാരം, ചെമ്പൈ പുരസ്‌കാരം, വിശ്വഹിന്ദുപരിഷത്ത് പുരസ്‌കാരം, ക്ഷേത്രകലാപീഠം ഹരിവരാസനം പുരസ്‌കാരം, പൂര്‍ണത്രയീശ സംഗീതസഭ പുരസ്‌കാരം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കലാപീഠം രജതജൂബിലി പുരസ്‌കാരം, നാഗസ്വരത്തിനുള്ള സമഗ്രസംഭാവനക്ക് ചെന്നൈ തിരുവയ്യാര്‍ സംഗീത സഭയുടെ ഇശൈ ആഴ്‌വാര്‍ അവാര്‍ഡ്, മണ്ണാറശാല നാഗരാജ പുരസ്‌കാരം, തുടങ്ങി ഒട്ടനവധി പുരസ്‌കാരങ്ങള്‍ ഈ നാഗസ്വരത്തിന്റെ നാദവിസ്മയത്തെ തേടിയെത്തി.
നാഗസ്വരം എന്ന സുഷിരവാദ്യത്തിലേക്ക് വായ്‌പ്പാട്ടിന്റെ ഭാവാത്മകതയെ സവിശേഷ പ്രതിഭകൊണ്ട് സന്നിവേശിപ്പിച്ച സംഗീതപുണ്യമായ തിരുവിഴ ജയശങ്കര്‍ നവതിയുടെ നിറവിലാണ്.













