തിരുനാവായ: ഒരു നൂറ്റാണ്ടിനു ശേഷം അപൂര്‍വ അനുഷ്ടാനമായ കാലചക്രം ബലി എന്ന പൂജാ കര്‍മം മൗനി അമാവാസ്യ മകര വാവായ ഇന്ന് മഹാമാഘ മഹോത്സവത്തിന്റെ ഭാഗമായി നടക്കും. ഇന്ന് വൈകിട്ട് ആറ് മുതല്‍ രാത്രി 11 വരെ നടക്കുന്ന കര്‍മത്തിന് ആചാര്യന്‍ കുഞ്ഞിരാമന്‍ പണിക്കര്‍ നേതൃത്വം നല്‍കും.
പരാ എന്ന ദേവതാഭാവത്തെ പ്രോജ്ജ്വലിപ്പിക്കുന്ന ആരാധനാസമ്പ്രദായമാണ് കാലചക്രം ബലി എന്നത്. ഈ ദേവത പ്രകൃതിയില്‍ തെളിച്ചമായുണര്‍ന്നാല്‍ ഭയം വിട്ടകലും. ഉള്ളില്‍ വീരഭാവം ഉണരും. അകാരണഭയം, മരണചിന്ത, കാര്യങ്ങള്‍ തീരുമാനിക്കാനുള്ള ശേഷിക്കുറവ് എന്നിവയെല്ലാം അകലാന്‍ ഈ പൂജ കൊണ്ട് സാധിക്കും. ആചാരപരമ്പരകളും കുടുംബ രേഖകളും വായ്‌മൊഴി പാരമ്പര്യങ്ങളും പ്രകാരം, പണ്ടുകാലത്ത് ഈ കര്‍മം പതിമൂന്നരക്കാവില്‍പ്പെടുന്ന മാടായിക്കാവില്‍ നടത്തിയിരുന്നുവെന്ന് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്ന സ്വാമി അഭിനവ ബാലാനന്ദ ഭൈരവ പറഞ്ഞു.
പിതാവിലും പിതാമഹന്മാരിലും നിന്നുള്ള വംശപരമ്പരാഗത പാരമ്പര്യത്തിലൂടെയാണ് ആചാര്യന്‍ കുഞ്ഞിരാമന്‍ പണിക്കര്‍ ഈ കര്‍മവിദ്യ അഭ്യസിച്ചതെന്ന് സംഘാടകര്‍ വ്യക്തമാക്കി. പല തലമുറകള്‍ക്കുശേഷമാണ് ഈ കര്‍മം വീണ്ടും നടത്തപ്പെടുന്നതിന് സാഹചര്യം ഒരുങ്ങിയതെന്നും അവര്‍ അറിയിച്ചു.
പിതൃ ആത്മാക്കളെ ശുദ്ധീകരിച്ച് വേദശ്രാദ്ധ കര്‍മം നടന്നു
മഹാമാഘ മഹോത്സവത്തിന്റെ ഭാഗമായി ഇന്നലെ രാവിലെ ആറ് മുതല്‍ ചതുര്‍ദശി തിഥിയിലും മൂലംപൂരാടം നക്ഷത്രയോഗത്തിലുമായി ചെറുമുക്ക് വൈദികന്‍ വല്ലഭന്‍ അക്കിത്തിരിപ്പാടിന്റെ ആചാര്യത്വത്തില്‍ വേദശ്രാദ്ധ കര്‍മം നടന്നു. പിതൃ ആത്മാക്കളെ ശുദ്ധീകരിച്ച് ദൈവിക നിലയിലേക്കുയര്‍ത്തുകയും സന്തതികള്‍ക്ക് സംരക്ഷകശക്തിയായി അനുഗ്രഹം ലഭ്യമാക്കുകയും ചെയ്യുന്നതാണ് ഈ കര്‍മത്തിന്റെ ലക്ഷ്യമെന്ന് ആചാര്യര്‍ അറിയിച്ചു.
മഹാമാഘ മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് രാവിലെ പിതൃകര്‍മ്മങ്ങള്‍ നടക്കും. രാവിലെ ആറു മുതല്‍ പൂരാടം നക്ഷത്രയോഗത്തില്‍ ശ്മശാന ശ്രാദ്ധം (പിതൃയാനം) എന്ന പിതൃകര്‍മ്മം നടക്കും.
ഐവര്‍മഠത്തിലെ ആചാര്യന്‍ കോരപ്പത്ത് രമേശ് നേതൃത്വം നല്‍കുന്ന ഈ കര്‍മം, പിതൃ ആത്മാക്കള്‍ക്ക് ശാന്തിയും തൃപ്തിയും പ്രാപ്തമാക്കുന്നതിനുള്ളതാണ്. പിതാക്കള്‍ക്കും ഭൂവനേശ്വരിക്കും നാഗങ്ങള്‍ക്കും തൃപ്തി ലഭിക്കാതെ മനുഷ്യപ്രയത്നങ്ങള്‍ ഫലപ്രദമാകില്ലെന്നും, പിതൃതൃപ്തിയിലൂടെ മാത്രമേ സന്തതികളുടെ ജീവിതത്തില്‍ ദൈവാനുഗ്രഹം പൂര്‍ണമായി പ്രവഹിക്കുകയുള്ളൂ എന്നാണ് വിശ്വാസം.
















