ഗംഗാപൂര്‍ (മഹാരാഷ്‌ട്ര):ഹിന്ദു ധര്‍മ്മം, പാരമ്പര്യം, സംസ്‌കാരം, മൂല്യങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിനായി സമൂഹം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് .ഗംഗാപൂരില്‍ ഹിന്ദു സമ്മേളന സമിതി സംഘടിപ്പിച്ച മഹാ ഹിന്ദു സമ്മേളനത്തെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്താകെ പ്രഭാവം ചെലുത്തുന്ന ശക്തവും സദ്ഗുണപൂര്‍ണവുമായ ഒരു സമൂഹം കെട്ടിപ്പടുക്കണമെന്ന് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു. ഇത് നേടുന്നതിന്, നമ്മുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും മാറ്റം വരുത്തണം. മാറ്റം നമ്മില്‍ത്തന്നെ ആരംഭിക്കണം, അദ്ദേഹം പറഞ്ഞു.
പ്രസംഗമല്ല, പ്രവര്‍ത്തനമാണ് വേണ്ടത്. ജാതിഭേദമില്ലാത്ത സമരസഭാവം വളര്‍ത്തിയെടുക്കണം. എല്ലാവരുമായും സൗഹാര്‍ദ്ദം സൃഷ്ടിക്കണം. നമ്മുടെ കുടുംബങ്ങള്‍ക്കുള്ളില്‍ സംസ്‌കാരവും പാരമ്പര്യവും ചര്‍ച്ച ചെയ്യണം. പരിസ്ഥിതിക്ക് ദോഷം വരുത്താതെ ജീവിതം നയിക്കുന്നുവെന്ന് ഉറപ്പാക്കണം. വിദേശ വസ്തുക്കളേക്കാള്‍ തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. നമ്മള്‍ സ്വയംപര്യാപ്തരായെങ്കിലേ നമ്മുടെ ശക്തി വിലമതിക്കപ്പെടുകയുള്ളൂ. ഇതെല്ലാം പ്രായോഗികമാക്കിയാല്‍ സമൂഹം സുരക്ഷിതവും സമൃദ്ധവുമായിത്തീരുമെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു.
അപമാനങ്ങള്‍ സഹിച്ചും അവഗണനകള്‍ നേരിട്ടുമാണ് ആര്‍എസ്എസ് നൂറ് വര്‍ഷം പിന്നിട്ടതെന്ന് ശ്രീ ക്ഷേത്ര ദേവഗഡ് സന്‍സ്ഥാനിലെ ആചാര്യന്‍ ഭാസ്‌കര്‍ഗിരി മഹാരാജ് പറഞ്ഞു, ‘നൂറു വര്‍ഷമായി ജാതിയുടെ അടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ട ഹിന്ദു സമൂഹത്തെ സംഘം ഏകീകരിച്ചു. സാമൂഹിക ഐക്യം നിലനിര്‍ത്തിക്കൊണ്ട് മുന്നോട്ട് പോകാന്‍ ഹിന്ദു സമൂഹത്തോട് ആഹ്വാനം ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.ഗോവര്‍ധന്‍ ധാം മഠാധിപതി മഹന്ത് രാംഗിരി മഹാരാജ്, മഹന്ത് ശാന്തിഗിരി മഹാരാജ് തുടങ്ങിയവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
















