ന്യൂദൽഹി: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഭാരതരത്‌ന ഡോ. എം.ജി. രാമചന്ദ്രന്റെ (എംജിആർ) ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.
തമിഴ്‌നാടിന്റെ സാമൂഹികസാമ്പത്തിക വികസനത്തിൽ എംജിആർ വഹിച്ച മഹത്തായ പങ്കും, തമിഴ് സംസ്‌കാരത്തെ ആഗോളതലത്തിൽ എത്തിക്കുന്നതിനായി അദ്ദേഹം നടത്തിയ പരിശ്രമങ്ങളും എടുത്തുപറഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ ബഹുമുഖമായ പൈതൃകത്തെ പ്രധാനമന്ത്രി പ്രകീർത്തിച്ചു.
എക്‌സിലെ വ്യത്യസ്ത പോസ്റ്റുകളിൽ പ്രധാനമന്ത്രി ഇങ്ങനെ കുറിച്ചു:
‘അസാമാന്യ വ്യക്തിത്വത്തിനുടമയായിരുന്ന എംജിആറിന് അദ്ദേഹത്തിന്റെ ജയന്തി ദിനത്തിൽ പ്രണാമം അർപ്പിക്കുന്നു. തമിഴ്‌നാടിന്റെ പുരോഗതിക്കായി സമാനതകളില്ലാത്ത സംഭാവനകളാണ് അദ്ദേഹം നൽകിയത്. തമിഴ് സംസ്‌കാരത്തെ ജനപ്രിയമാക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്കും ഒരുപോലെ ശ്രദ്ധേയമാണ്. സമൂഹത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ സാക്ഷാത്കരിക്കുന്നതിനായി നാം എപ്പോഴും പരിശ്രമിച്ചുകൊണ്ടേയിരിക്കും.’
















