തിരുവനന്തപുരം: വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് 17വിദ്യാർഥികൾക്ക് പരുക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ശനിയാഴ്ച പുലർച്ചെ കല്ലമ്പലം നാവായിക്കുളം യെദുക്കാടുണ്ടായ അപകടത്തിൽപ്പെട്ടവരെ പാരിപ്പള്ളി മെഡിക്കൽ കോളജിലും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തൃശൂർ സഹൃദയ എൻജിനീയറിങ് കോളേജിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. വിഴിഞ്ഞം പോർട്ടിലേക്ക് പഠനാവശ്യത്തിന് പോകുകയായിരുന്നു വിദ്യാർഥികൾ. 42 വിദ്യാർഥികളാണ് ബസ്സിലുണ്ടായിരുന്നത്. 17 പേർക്ക് പരിക്കേറ്റു. ഒരു വിദ്യാർഥിയുടെ ശരീരത്തിൽ കമ്പി തുളച്ചുകയറിയിട്ടുണ്ട്. ഈ വിദ്യാർഥിയുടെ നില ഗുരുതരമായി തുടരുകയാണ്. ഗുരുതര പരുക്കേറ്റ വിദ്യാർഥി ക്രിസ്റ്റോ പോൾ, അസിസ്റ്റൻറ് പ്രൊഫസർ നോയൽ വിൽസൺ എന്നിവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്നും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
റോഡിന്റെ സമീപത്തുള്ള വീടിന്റെ വശത്തേക്ക് ബസ് മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
















