‘സംസ്‌കൃതനാടക പാരമ്പര്യത്തില്‍ കേരളത്തിന്റെ അഭിമാനമായ നങ്യാര്‍കൂത്ത് അന്യം നിന്നുപോകരുത്, അത് ജനപ്രിയമാക്കാന്‍ തന്നാലാവുന്നതെല്ലാം ചെയ്യും…’ ഒമ്പതാം ക്ലാസുകാരിയായ ഗൗരീ കൃഷ്ണ ഇതു പറയുമ്പോള്‍ കൊച്ചുകുട്ടിയുടെ വാക്കുകളായി അതിനെ തള്ളിക്കളയാനാവില്ല. നങ്യാര്‍കൂത്ത് പോലുള്ള അപൂര്‍വ്വചാരുതയാര്‍ന്ന കേരളീയ ക്ഷേത്രകലകളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ ഒരു കലാകാരിയുടെ വാക്കുകളാണിത്. നങ്യാര്‍കൂത്തിന്റെ പ്രചാരത്തിനായി അവസരം ലഭിക്കുന്നിടത്തെല്ലാം ആ കലാരൂപം അവതരിപ്പിച്ചു വരികയാണ് കോഴിക്കോട് ഇരിങ്ങണ്ണൂര്‍ സ്വദേശി ഗൗരി കൃഷ്ണ. ഇങ്ങനെയൊരു കലാരൂപമുണ്ടെന്ന് പോലും പലര്‍ക്കും അറിയില്ല എന്നതാണ് നങ്യാര്‍കൂത്തു പഠിക്കാന്‍ കാരണമെന്ന് ഗൗരി പറയുന്നു.
ഇരിങ്ങണ്ണൂര്‍ എച്ച്എസ്എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഗൗരി. സ്‌കൂളിലെ അധ്യാപകനും ഗൗരിയുടെ സംഗീത അധ്യാപകനുമായ മണി ആണ് ഗൗരിയിലെ കലാവൈഭവവും താളബോധവും മനസ്സിലാക്കി നങ്യാര്‍കൂത്തിലേക്ക് എത്തിച്ചത്. മണിക്കൂറുകളോളം യാത്ര ചെയ്താണ് എല്ലാ ഞായറാഴ്ചകളിലും ഗൗരി പരിശീലനം നടത്തുന്നത്. കലോത്സവവേദികളിലെ മത്സരത്തേക്കാള്‍ നങ്യാര്‍കൂത്തെന്ന ഈ വിശിഷ്ടകലയുടെ പരിപോഷണത്തിനായി ജീവിതം സമര്‍പ്പിക്കാനുള്ള ആഗ്രഹമാണ് ഗൗരിക്ക്. കലാമണ്ഡലം അശ്വതിയാണ് ഗൗരിയുടെ ഗുരു. സാമ്പത്തിക പ്രതിസന്ധി വലിയ വെല്ലുവിളി ആണെങ്കിലും മകളുടെ ഉയര്‍ച്ച ഒന്നുമാത്രമാണ് ഞങ്ങള്‍ക്ക് പ്രധാനമെന്നാണ് മാതാപിതാക്കളായ വിജേഷ്,-ലിജിന ദമ്പതികള്‍ പറയുന്നത്. ഇത് ഗൗരിയുടെ രണ്ടാമത്തെ സംസ്ഥാന കലോത്സവമാണ്. എട്ടുവയസ്സുകാരിയായ അനിയത്തി ഗയയും നങ്യാര്‍കൂത്തു പഠിച്ചു വരുന്നു.
വയനാട് മാനന്തവാടിയില്‍ നിന്നുള്ള മറ്റൊരു മത്സരാര്‍ത്ഥിയായ പത്താം ക്ലാസുകാരി തന്മയയും അന്യംനിന്നു പോകുന്ന ഇത്തരം കേരളീയകലകള്‍ ജനങ്ങള്‍ അറിയാതെ പോകരുത് എന്ന അഭിപ്രായം പങ്കുവച്ചു. മാനന്തവാടി എംജിഎംഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥിയാണ് തന്മയ.
















