മട്ടാഞ്ചേരി: വെര്‍ച്വല്‍ അറസ്റ്റ് മുതല്‍ വ്യാപാരി പോര്‍ട്ടല്‍ വരെയുള്ള സൈബര്‍ തട്ടിപ്പുകളിലൂടെ 2025 ല്‍ മലയാളിക്ക് നഷ്ടപ്പെട്ടത് 775 കോടി, പ്രതിദിന ശരാശരി നഷ്ടം 2.2 കോടി രൂപ.
മലയാളിയുടെ ചെറുകിട സമ്പാദ്യങ്ങള്‍ മുതല്‍ വിരമിച്ച തുകയുടെ ബാങ്ക് നിക്ഷേപങ്ങളടക്കമാണ് തട്ടിപ്പ് സംഘം കൈക്കലാക്കിയത്. പ്രായമായവരാണ് തട്ടിപ്പിനിരയായവരില്‍ ഏറെയും. ഭീഷണികളില്‍പ്പെട്ടാണ് പലരും നിക്ഷേപത്തുകകള്‍ കൈമാറുന്നത്. ആഭ്യന്തര- വിദേശ സംഘങ്ങളാണ് പിന്നില്‍. ഇരുനൂറിലേറെ രേഖപ്പെടുത്തിയിരിക്കുന്നത്. സൈബര്‍ പോലീസ് സംഘങ്ങള്‍ മുന്നൂറോളം പേരെ പിടികൂടിയിട്ടുണ്ട്.
2025ല്‍ കേസുകളുടെ എണ്ണം വര്‍ദ്ധിച്ചതായാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്. ഇരകളായതും നിക്ഷേപം നഷ്ടപ്പെട്ടതും പലരും ഏറെ വൈകിയാണ് അറിയുന്നത്. ആറ് മണിക്കൂര്‍ മുതല്‍ രണ്ട് ദിവസം വരെ നീണ്ട വെര്‍ച്വല്‍ അറസ്റ്റില്‍ ഇരകള്‍ വഴങ്ങിയതായാണ് അന്വേഷണ സംഘം കണ്ടെത്തിയത്. വ്യക്തിഗത നിക്ഷേപ നഷ്ടങ്ങളാണ് ഏറെ. ട്രേഡിങ് പോര്‍ട്ടല്‍ തട്ടിപ്പിലൂടെ കൊച്ചിയിലെ വ്യാപാരിക്ക് നഷ്ടപ്പെട്ട 24.76 കോടിയാണ് പോയ വര്‍ഷത്തെ ഉയര്‍ന്ന തുക.
















