തിരുവനന്തപുരം: കൊറിയര്‍ കമ്പനികളുടെ പേരിലോ അപരിചിതരായ ആളുകളുടെ പേരിലോ ഉള്ള എസ്എംഎസിലൂടെയോ കോള്‍ വിളിച്ചോ കോഡുകള്‍ ഡയല്‍ ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ ഒരിക്കലും ചെയ്യരുതെന്ന് പൊലീസിന്‌റെ മുന്നറിയിപ്പ്. ഫേസ് ബുക്കിലൂടെയാണ് ജാഗ്രതാ സന്‌ദേശം പൊലീസ് നല്‍കുന്നത്.
ഫേസ് ബുക്ക് സന്‌ദേശത്തിന്‌റെ പൂര്‍ണ്ണ രൂപം:
കോള്‍ ഫോര്‍വേഡിങ് തട്ടിപ്പ്: ജാഗ്രത!
ബ്ലൂ ഡാര്‍ട്ട് പോലുള്ള കൊറിയര്‍ കമ്പനികളുടെ പേരില്‍ വരുന്ന വ്യാജ SMS-കളിലൂടെയാണ് ഈ തട്ടിപ്പ് നടക്കുന്നത്.
കൊറിയര്‍ വിവരങ്ങള്‍ക്കായി *21* <മൊബൈല്‍ നമ്പര്‍> # എന്ന കോഡ് ഡയല്‍ ചെയ്യാന്‍ ഇവര്‍ നിങ്ങളോട് ആവശ്യപ്പെടും.
ഓര്‍ക്കുക ഈ കോഡ് ഡയല്‍ ചെയ്താല്‍ നിങ്ങളുടെ കോളുകളും മെസേജുകളും (OTP ഉള്‍പ്പെടെ) തട്ടിപ്പുകാരുടെ നമ്പറിലേക്ക് ഫോര്‍വേഡ് ചെയ്യപ്പെടും. ഇത് നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യാനും ബാങ്ക് വിവരങ്ങള്‍ ചോര്‍ത്താനും ഇടയാക്കും.
അനാവശ്യ ലിങ്കുകളിലോ കോഡുകളിലോ ക്ലിക്ക് ചെയ്യരുത്.
ഫോര്‍വേഡിങ് ഒഴിവാക്കാന്‍ ഉടന്‍ ##002# ഡയല്‍ ചെയ്യുക.
തട്ടിപ്പിനിരയായാല്‍ ഉടന്‍ 1930 എന്ന നമ്പറിലോ cybercrime.gov.in വഴിയോ പരാതിപ്പെടുക.
കോള്‍ ഫോര്‍വേഡിങ് തട്ടിപ്പ്: ഇക്കാര്യങ്ങളും ശ്രദ്ധിക്കുക
കൊറിയര്‍ കമ്പനികളുടെ പേരില്‍ മാത്രമല്ല, ബാങ്കില്‍ നിന്നുള്ള ആളാണെന്ന വ്യാജേന, നിങ്ങളുടെ സിം കാര്‍ഡിലെ പ്രശ്നം പരിഹരിക്കാനുള്ള ആളെന്ന വ്യാജേന, എന്തെങ്കിലും ഓഫര്‍ ആക്ടീവാക്കാന്‍ എന്ന വ്യാജേന ഒക്കെ കോള്‍ ഫോര്‍വേഡിങ് തട്ടിപ്പ് സംഘങ്ങളുടെ വിളിയോ എസ്എംഎസോ നിങ്ങളെ തേടിയെത്താം. ഇവര്‍ നിങ്ങളോട് എന്തെങ്കിലും കോഡ് ഫോണില്‍ ഡയല്‍ ചെയ്യാന്‍/അമര്‍ത്താന്‍ ആവശ്യപ്പെടുന്നതിലാണ് ഈ തട്ടിപ്പിന്റെ തുടക്കം. എന്നാല്‍ ഇത്തരത്തില്‍ ആളുകള്‍ ഡയല്‍ ചെയ്യുന്നതോടെ ഫോണ്‍ കോളുകള്‍ തട്ടിപ്പ് സംഘത്തിന്റെ മൊബൈല്‍ ഫോണിലേക്ക് ഫോര്‍വേഡ് ചെയ്യപ്പെടും. പിന്നാലെ, തട്ടിപ്പ് സംഘം കോളുകളിലേക്ക് കടന്നുകയറുകയും ഒടിപികള്‍ സ്വന്തമാക്കുകയും ബാങ്ക് അക്കൗണ്ട് ആക്സസ് നേടുക പോലും ചെയ്യാം. അതിനാല്‍, അപരിചിതരായ ആളുകള്‍ എസ്എംഎസിലൂടെയോ കോള്‍ വിളിച്ചോ കോഡുകള്‍ ഡയല്‍ ചെയ്യാന്‍ നിങ്ങളോട് ആവശ്യപ്പെട്ടാല്‍ ഒരിക്കലും നിങ്ങള്‍ അതിന് മുതിരരുത്.
















