തിരുവനന്തപുരം:ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ടാം കേസിലും തന്ത്രി കണ്ഠര് രാജീവരരുടെ അറസ്റ്റ് രേഖപ്പെടുത്തി. ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപാളികള്‍ കടത്തിയ കേസിലാണ് നടപടി. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുന്ന തന്ത്രിയെ തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലില്‍ എത്തിയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്.
കട്ടിളപ്പാള്ളി കേസിലെ അറസ്റ്റ് രേഖപ്പെടുത്തിയ അതേ കുറ്റങ്ങള്‍ ചേര്‍ത്താണ് അറസ്റ്റ്.കട്ടിളപ്പാളി കേസില്‍ റിമാന്‍ഡിലുളള തന്ത്രിയെ ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപ്പാളികള്‍ കടത്തിയ കേസിലും പ്രതി ചേര്‍ക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു.
ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപ്പാളികള്‍ മാറ്റുന്നതിനായി ‘അനുജ്ഞാ കലശം’ നടത്തിയത് തന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരിന്നു.ശില്‍പങ്ങളിലെ സ്വര്‍ണ തിളക്കം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി അവ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിച്ചത് തന്ത്രിയായിരുന്നു. ഇതിന് പിന്നാലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഈ സ്വര്‍ണം കൈമാറാന്‍ തന്ത്രി അനുവാദം നല്‍കി.സ്വര്‍ണം മിനുക്കാനെന്ന വ്യാജേന ക്ഷേത്രത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ തന്ത്രി മൗനാനുവാദം നല്‍കുക വഴി ഗുരുതര ആചാര ലംഘനമുണ്ടായെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിനിടെ,ശബരിമലയില്‍ പഴയ കൊടിമരം മാറ്റി പുതിയത് സ്ഥാപിച്ചതിലും അഴിമതി നടന്നതായി പ്രത്യേക അന്വേഷണ സംഘം സംശയിക്കുന്നു. തന്ത്രിയുടെ വീട്ടില്‍ നിന്ന് പഴയ കൊടിമരത്തിന്റെ ഭാഗമായ സ്വര്‍ണം പൊതിഞ്ഞ വാജി വാഹനം കണ്ടെടുത്തതോടെയാണ് അന്വേഷണം ഈ വഴിക്ക് നീങ്ങിയത്. വാജി വാഹനം കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി. കൊടിമരം മാറ്റുന്ന സമയത്ത് ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ അന്വേഷണ സംഘം ചോദ്യം ചെയ്തു വരുന്നു.
















