തൃശൂര്‍ : സംസ്ഥാന സ്‌കൂള്‍ കലോത്സവവേദിയില്‍ എച്ച് എസ് ചാക്യാര്‍കൂത്ത് മത്സരത്തില്‍ സ്വര്‍ണക്കൊള്ള ഉള്‍പ്പെടെയുള്ള സമകാലിക വിഷയങ്ങളും പാഞ്ചാലി സ്വയംവരവും അര്‍ജുനന്‍ വില്ലൊടിച്ച കഥയും കോര്‍ത്തിണക്കിയതായിരുന്നു മിക്കവരുടെയും അവതരണ വിഷയം.
കലോത്സവത്തില്‍ ഇക്കുറിയും സജീവമാണ് പൈങ്കുളം നാരായണ ചാക്യാര്‍ . ഇത്തവണ നാരായണ ചാക്യാരുടെ ആദ്യ ശിഷ്യനായ ഡോ. സഞ്ജു പാലശ്ശേരിയുടെ മകന്‍ ഗൗരാങ്ക് കൃഷ്ണനും എച്ച് എസ് വിഭാഗം മത്സരരംഗത്തുണ്ടായിരുന്നു.
സഞ്ജു 88ല്‍ കലാതിലകമായിരുന്നു. താന്‍ പഠിച്ച ഗുരുവിനു കീഴില്‍ തന്നെ മകനെയും പരിശീലിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും സഞ്ജു പറഞ്ഞു. ഗൗരാംഗിന് എ ഗ്രേഡ് ലഭിച്ചു.
1987 മുതല്‍ കലോത്സവ വേദികളിലേക്ക് കുട്ടികളെ പരിശീലിപ്പിച്ച് കൊണ്ടുവന്നുതുടങ്ങിയതാണ്. അത് ഇന്നുംതുടരുന്നു . ആരില്‍ നിന്നും പണം ഈടാക്കില്ല. തീര്‍ത്തും സൗജന്യമാണ് പരിശീലനം. തനിക്ക് കല പകര്‍ന്നു നല്‍കിയ ഗുരുക്കന്മാര്‍ക്കുള്ള ഗുരുദക്ഷിണയാണ് പൈങ്കുളം നാരായണ ചാക്യാര്‍ക്ക് കുട്ടികളെ പരിശീലിപ്പിക്കല്‍.
പൈങ്കുളം നാരായണ ചാക്യാരുടെ ശിക്ഷണത്തില്‍ ഇത്തവണ 180 കുട്ടികള്‍ കൂടിയാട്ടം, ചാക്യാര്‍ കൂത്ത് , പാഠകം, നങ്യാര്‍കൂത്ത്തുടങ്ങിയ വിവിധ ഇനങ്ങളില്‍ മത്സരിക്കുന്നുണ്ട്.
എണ്‍പതുകളില്‍ കലാമണ്ഡലത്തില്‍ ചാക്യാര്‍കൂത്ത് പഠിച്ചാണ് പരിശീലന രംഗത്തേക്ക് നാരായണ ചാക്യാര്‍ എത്തുന്നത്. കലോത്സവങ്ങളിലേക്ക് ചാക്യാര്‍ കൂത്ത് എത്തുന്നത് അവയുടെ ജനകീയതയ്‌ക്ക് വഴിയൊരുക്കുമെന്ന തിരിച്ചറിവില്‍ നാരായണചാക്യാര്‍ അതിനായി പരിശ്രമിച്ചു.
കൂത്ത് മത്സര വിഭാഗമായി മാറിയെങ്കിലും മത്സരിക്കാന്‍ ആളില്ലായിരുന്നു തുടക്കകാലത്ത്. 90കളില്‍ സ്വന്തം കയ്യില്‍ നിന്ന് പണം ചെലവിട്ട് നാരായണ ചാക്യാര്‍ കുട്ടികളെ കൊണ്ടുവന്ന് മത്സരിപ്പിച്ചിട്ടുണ്ട്.
കുട്ടികളെ പരിശീലിപ്പിക്കുന്നതിനും നാരായണ ചാക്യാര്‍ക്ക് ചിട്ടവട്ടങ്ങളുണ്ട്. ഗുരുകുല സമ്പ്രദായ മാതൃകയിലാണ് പരിശീലനം.
സൗജന്യമായി പഠിപ്പിക്കുന്നതിലൂടെ കലാപ്രചാരണമാണ് നാരായണ ചാക്യാര്‍ ലക്ഷ്യമിടുന്നത്. അമ്പതോളം സ്കൂളുകളില്‍ നിന്നായി വിവിധ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിച്ച് മല്‍സരത്തിന് എത്തിച്ചിട്ടുണ്ട് നാരായണ ചാക്യാര്‍. കുട്ടികള്‍ തമ്മില്‍ മത്സരിക്കുന്നു എന്ന പ്രയോഗത്തോടു തന്നെ നാരായണ ചാക്യാര്‍ക്ക് യോജിപ്പില്ല. മത്സരമല്ല പകരം കലയോടുളള താല്‍പര്യം വളര്‍ത്തുക മാത്രമാണിവിടെ സംഭവിക്കുന്നതെന്നും നാരായണ ചാക്യാര്‍ പറയുന്നു. സ്വന്തം ശിഷ്യരെ ചാക്യാര്‍ തന്നെയാണ് ഒരുക്കുന്നത്.
ഓരോ വരയും കിറുകൃത്യമായിരിക്കും. അരി ഉണക്കി പൊടിച്ച് അതും കുങ്കുമവും കരിയും ചേര്‍ത്ത് വരക്കുന്നതാണ് ശരീരത്തിലെയും മുഖത്തെയും ചായം. എല്ലാം ചിട്ടയായി അതിന്റെ തനതായ ശൈലിയില്‍ തന്നെ നടക്കണം. ചാക്യാരുടെ ഭാര്യയും കുട്ടികള്‍ക്ക് വേണ്ട സഹായവുമായി കൂടെ ഉണ്ട്.
















