സംസ്ഥാന കലോത്സവത്തില്‍ പാര്‍വതിക്ക് ഇത് കന്നിയങ്കമാണെങ്കിലും പാര്‍വതി എത്തിയത് കലാപാരമ്പര്യത്തിന്റെ പിന്‍ബലത്തോടെ. ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ ലളിതഗാന മത്സരത്തില്‍ പങ്കെടുക്കാനാണ് പാര്‍വതി എത്തിയത്. എ ഗ്രേഡ് സ്വന്തമാക്കുകയും ചെയ്തു. എട്ടിമുകള്‍ സെന്റ് പോള്‍സ് ജിഎച്ച്എസ് ഏറ്റുമാനൂര്‍ സ്‌കൂളിലെ 8ാം ക്ലാസ് വിദ്യാര്‍ത്ഥിയായ പി.വി. പാര്‍വതി കൃഷണ പ്രശസ്ത നാദസ്വര വിദ്വാന്‍ തിരുവിഴ ജയശങ്കറിന്റെ കുടുംബത്തിലെ അംഗമാണ്.
അച്ഛന്‍ പി.കെ. ജയകുമാറും സഹോദരന്‍ അനന്തകൃഷണനും മൃദംഗ കലാകാരന്മാര്‍ ആണ്. അമ്മ ശ്രീകലയാണ് പാര്‍വതിക്ക് സംഗീതത്തിന്റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു നല്‍കിയത്. കലാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നെത്തിയ പാര്‍വതി ഒപ്പന മത്സരത്തിലും പങ്കെടുക്കുന്നുണ്ട്.
റിയാലിറ്റി ഷോ താരങ്ങളുടെ സംഗമമായി ലളിതഗാന മത്സരം
റിയാലിറ്റി ഷോകളിലൂടെ മലയാളികളെ കൈയിലെടുത്ത നിരവധി കുട്ടികളാണ് സംസ്ഥാന കലോത്സവത്തിലെ ലളിതഗാന മത്സരത്തില്‍ മാറ്റുരയ്‌ക്കാനെത്തിയത്.
ആലാപനമികവ് കൊണ്ട് പ്രേക്ഷകപ്രീതി നേടിയ മിടുക്കന്മാരും മിടുക്കികളും കലോത്സവ വേദിയിലും ആ കഴിവ് തെളിയിച്ചു. റിയാലിറ്റി ഷോ ആയ ടോപ് സിങ്ങറിലൂടെയും സൂപ്പര്‍ സ്റ്റാറിലൂടെയും ലോകമെമ്പാടുമുള്ള മലയാളികളുടെ മനസ്സ് കീഴടക്കിയ ശ്രേയ ശ്രീകുമാര്‍, ദേവ നാരായണന്‍, ദേവനന്ദ രാജീവ്, തീര്‍ത്ഥ സുഭാഷ്, ബദ്രി വിശ്വനാഥ്, അഭിനവ് ഗൗതം എന്നിവരാണ് ലളിതഗാന മത്സരത്തില്‍ പങ്കെടുക്കാന്‍ സാംസ്‌കാരിക നഗരിയില്‍ എത്തിയത്.
റിയാലിറ്റി ഷോയിലെ കൂട്ടുകാരുമായുള്ള ഗെറ്റ് റ്റുഗദര്‍ ആണ് കലോത്സവ വേദികള്‍ എന്നാണ് ടോപ് സിംഗര്‍ സീസണ്‍ മൂന്നില്‍ മത്സരാര്‍ത്ഥിയായിരുന്ന ശ്രേയ ശ്രീകുമാര്‍ പറയുന്നത്. മത്സരിക്കാന്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ വീണ്ടും കാണാന്‍ സാധിച്ച അവസരമാണ് ഓരോ കലോത്സവവും. വേദിയില്‍ നിന്നിറങ്ങി സമയം ഒട്ടും കളയാതെ വിശേഷങ്ങള്‍ പങ്കിടുന്ന തിരക്കിലായിരുന്നു എല്ലാവരും.
















