ക്രിക്കറ്റ് വേദികളിൽ ഭർത്താക്കന്മാർക്കൊപ്പം ലൈംലൈറ്റിൽ തിളങ്ങിനിന്നവരാണ് വിരാട് കോഹ്ലിയുടെ ഭാര്യയും നടിയുമായ അനുഷ്ക ശർമ്മയും മഹേന്ദ്ര സിങ് ധോണിയുടെ ഭാര്യ സാക്ഷി ധോണിയും. ഇരുവരും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ഇടയ്‌ക്ക് പ്രചാരണമുണ്ടായിരുന്നു. ഇരുവരും അടുത്തിടപഴകുന്നില്ല, പരസ്പരം സൗഹൃദം കാണിക്കുന്നില്ല എന്നൊക്കെയാണ് ഇതിന് കാരണമായി ഉയർത്തുന്നത്. സത്യത്തിൽ തെളിവുകളുടെ പിൻബലമില്ലാതെ സോഷ്യൽ മീഡിയയിൽ നടക്കുന്ന വ്യാചപ്രചാരണമാണിത്. ബാല്യകാലത്ത് സഹപാഠികളായിരുന്നു അനുഷ്കയും സാക്ഷിയും.
അനുഷ്കയുടെ അച്ഛൻ കേണൽ (റിട്ട.) അജയ് കുമാർ ശർമ്മ ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ചിരുന്നു. ജോലിയുടെ ഭാഗമായി കുടുംബത്തോടൊപ്പം പല സ്ഥലങ്ങളിലേക്ക് താമസം മാറിയിട്ടുണ്ട്. അദ്ദേഹം അസമിൽ ജോലി ചെയ്ത സമയത്ത്, അവിടുത്തെ സെയ്ന്റ് മേരീസ് സ്കൂളിൽ അനുഷ്ക ചേർന്നിരുന്നു. സാക്ഷിയും ഇതേ സ്കൂളിലെ പൂർവ്വവിദ്യാർഥിനിയാണ്. ഇടയ്‌ക്ക് ഇരുവരും ഒന്നിച്ചുള്ള ഒരു ചിത്രവും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. കുഞ്ഞുനാളിൽ അനുഷ്കയും സാക്ഷിയും മറ്റ് സഹപാഠികൾക്കൊപ്പം നിൽക്കുന്നതാണ് ചിത്രത്തിലുള്ളത്. ഇരുവരും കൂട്ടുകാരുമൊത്ത് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളുമുണ്ട്.
2013-ലെ ഒരു ലോഞ്ച് ഇവെന്റ് വേളയിൽ, സ്കൂൾ വിട്ട് വർഷങ്ങൾക്ക് ശേഷം സാക്ഷിയുമായി വീണ്ടും കണ്ടുമുട്ടിയതിനെക്കുറിച്ച് അനുഷ്ക സംസാരിച്ചിരുന്നു. “സാക്ഷിയും ഞാനും അസമിലെ ചെറിയൊരു പട്ടണത്തിൽ ഒരുമിച്ച് താമസിച്ചിരുന്നു. അവൾ താമസിച്ചിരുന്ന സ്ഥലം പറഞ്ഞപ്പോൾ ഞാൻ അത്ഭുതപ്പെട്ടു, ഞാനും അവിടെയാണ് താമസിച്ചിരുന്നത്! അവൾ പറഞ്ഞു ഞാൻ ഈ സ്കൂളിലാണ് പഠിച്ചതെന്ന്, ഞാനും പറഞ്ഞു ഞാൻ ഈ സ്കൂളിലാണ് പഠിച്ചതെന്ന്” അനുഷ്ക പറഞ്ഞു.
“ശേഷം, ഞാനൊരു ചിത്രം കണ്ടെത്തി, അതിൽ സാക്ഷി ഒരു ദേവകന്യയെപ്പോലെയും ഞാൻ എന്റെ പ്രിയപ്പെട്ട മാധുരിയെപ്പോലെയും വേഷമിട്ടു നിൽക്കുന്നു”-അനുഷ്ക പറഞ്ഞു. പഠനം കഴിഞ്ഞതിന് ശേഷം, അനുഷ്ക സിനിമയിൽ തന്റെ കരിയർ തിരഞ്ഞെടുത്തു. അതേസമയം സാക്ഷി ഹോട്ടൽ മാനേജ്മെന്റ് പഠിച്ചു. സാക്ഷി 2010-ൽ ധോണിയെ വിവാഹം കഴിച്ചു. അനുഷ്കയും വിരാട് കോഹ്ലിയും 2017-ലും വിവാഹിതരായി
















