പത്തനംതിട്ട: പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ യെ പിന്തുണച്ചതിന് ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയോട് പത്തനംതിട്ട ഡിസിസി വിശദീകരണം തേടി. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഇതേക്കുറിച്ച് ആരാഞ്ഞ പശ്ചാത്തലത്തിലാണിതെന്ന് സിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ അറിയിച്ചു.
സമൂഹമാധ്യമങ്ങള്‍ വഴി രാഹുലിനെ പിന്തുണച്ച് സ്വന്തം നിലയ്‌ക്ക് അഭിപ്രായങ്ങള്‍ പ്രചരിപ്പിച്ചത് പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയും അവമതിപ്പും ഉണ്ടാക്കിയെന്ന് നോട്ടീസില്‍ പറയുന്നു. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ അച്ചടക്ക നടപടിയെടുക്കുമെന്ന് നോട്ടീസില്‍ പറയുന്നു.
അതിജീവിതയ്‌ക്കൊപ്പം നില്‍ക്കുമ്പോള്‍ തന്നെ ‘അതിജീവിതന്റെ’ ഭാഗം കൂടി കേള്‍ക്കണമെന്നാണ് ശ്രീനാദേവി പറഞ്ഞത്. പിന്നാലെ, അതിജീവിത ഇവര്‍ക്കെതിരെ രംഗത്തു വരികയും ചെയ്തു. ഇതോടെ ശ്രീനാദേവി കുഞ്ഞമ്മ മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നല്‍കി.
















