ബാങ്കോക്ക്: തായ്‌ലൻഡിലുണ്ടായ വൻ ട്രെയിൻ അപകടത്തിൽ 22 പേർ മരിച്ചു. ക്രെയിൻ മറിഞ്ഞതിനെ തുടർന്ന് ട്രെയിൻ പാളം തെറ്റിയതായി വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു. ബാങ്കോക്കിൽ നിന്ന് 230 കിലോമീറ്റർ വടക്കുകിഴക്കായി റാച്ചസിമ പ്രവിശ്യയിലെ സിഖിയോ ജില്ലയിൽ ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രാദേശിക പോലീസും രക്ഷാപ്രവർത്തകരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്.
അപകടസ്ഥലത്ത് അതിവേഗ ട്രെയിൻ പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ബാങ്കോക്കിൽ നിന്ന് ട്രെയിൻ എത്തുമ്പോൾ ഒരു നിർമ്മാണ ക്രെയിൻ നേരിട്ട് അതിന് മുകളിൽ വീണു. തുടർന്ന് ട്രെയിന് പാളം തെറ്റി അതിലെ ചില ബോഗികൾക്ക് തീ പിടിക്കുകയായിരുന്നു.
അതേ സമയം അപകടത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് തായ് സർക്കാർ എക്‌സിൽ ഒരു പ്രസ്താവന പുറത്തിറക്കി. തീ നിയന്ത്രണവിധേയമായതായും രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും പ്രസ്താവനയിൽ പറഞ്ഞു. 30 ലധികം യാത്രക്കാർക്ക് പരിക്കേറ്റെന്നും പലരും ബോഗികൾക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണെന്നും പ്രസ്താവനയിൽ പറയുന്നു.
കൂടാതെ തായ് പോലീസ് ഒരു പ്രസ്താവനയിൽ 22 മരണങ്ങൾ സ്ഥിരീകരിച്ചു. അപകടത്തിൽ 79 പേർക്ക് പരിക്കേറ്റു, എട്ട് പേരുടെ നില ഗുരുതരമാണ്. കൂടാതെ 195 പേർ ട്രെയിനിലുണ്ടായിരുന്നുവെന്ന് തായ്‌ലൻഡ് റെയിൽവേ റിപ്പോർട്ട് ചെയ്തു. അതേ സമയം അപകടകാരണത്തെക്കുറിച്ച് പൂർണ്ണവും സമഗ്രവുമായ അന്വേഷണത്തിന് തായ്‌ലൻഡ് ഉപപ്രധാനമന്ത്രിയും ഗതാഗത മന്ത്രിയുമായ പിപാറ്റ് രത്ചകിത്പ്രകർൺ ഉത്തരവിട്ടിട്ടുണ്ട്.
















