ഇന്ന് മകരസംക്രാന്തി. ധര്‍മത്തിന്റെ, സമത്വത്തിന്റെ അയ്യനും അയ്യപ്പനും നീയും ഞാനും ഒന്നെന്നുള്ള മഹത്തായ ദര്‍ശനത്തിന്റെ പ്രഘോഷണമായ മകരവിളക്ക് നേരിട്ടും മാധ്യമങ്ങളിലൂടെയും ദര്‍ശിക്കാന്‍ ഭക്തകോടികള്‍ ശരണമന്ത്രങ്ങളോടെ കാത്തിരിക്കുന്നു. എന്നാല്‍ ഈ മകരവിളക്കു കാലം അയ്യപ്പഭക്തരെ സംബന്ധിച്ചിടത്തോളം വേദനയുടെ കാലം കൂടിയാണ്. 2018 ല്‍ അവിശ്വാസിയായ പിണറായി സര്‍ക്കാര്‍ യുവതീപ്രവേശനത്തിലൂടെ ആചാരലംഘനത്തിന് ശ്രമിച്ചപ്പോള്‍ ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ ലക്ഷക്കണക്കിന് അയ്യപ്പന്മാര്‍, വിവിധ ഹിന്ദു സമുദായസംഘടനകള്‍ ആചാരസംരക്ഷണത്തില്‍ അയ്യപ്പജ്യോതിയുമായി കേരളത്തിന്റെ അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെ തെരുവീഥികളില്‍ അണിനിരന്നു. സര്‍ക്കാരിന് മുട്ടുമടക്കേണ്ടിവന്നു. എന്നാലിന്ന് വീണ്ടും നിര്‍ഭാഗ്യവശാല്‍ എല്‍ഡിഎഫും യുഡിഎഫും നടത്തുന്ന ക്ഷേത്രക്കൊള്ളയ്‌ക്കെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ വിശ്വാസസംരക്ഷണത്തിനായി വീട്ടിലും നാട്ടിലും അയ്യപ്പജ്യോതി തെളിയിച്ച് പ്രതിരോധം തീര്‍ക്കേണ്ടിവന്നിരിക്കുന്നു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എല്‍ഡിഎഫിനും യുഡിഎഫിനും പങ്കുണ്ട്. ജയിലില്‍ കിടക്കുന്ന പോറ്റിയും ഗോവര്‍ധനും ഇരുകൂട്ടരുടെയും ദല്ലാളാണ് എന്നതിന്റെ പ്രത്യക്ഷ തെളിവാണ് ഇരുവരും സോണിയാഗാന്ധി, ആന്റോ ആന്റണി എം.പി., യുഡിഎഫ് കോ-കണ്‍വീനര്‍ അടൂര്‍ പ്രകാശ് എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം.
1950 ലെ കൊച്ചിന്‍ ഹിന്ദു റിലീജ്യസ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ആക്ട് പ്രകാരമാണ് തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ കേരളത്തിലെ ക്ഷേത്രങ്ങളുടെ ഭരണവും ഉടമസ്ഥതയും ഏറ്റെടുക്കുന്നത്. അന്നു മുതല്‍ ഇന്നുവരെ എല്‍ഡിഎഫ്, യുഡിഎഫ് സര്‍ക്കാരുകള്‍ മാറി മാറി ഭരിച്ചപ്പോള്‍ കണ്ടത് ക്ഷേത്രമുതലുകളുടെ കൊള്ളയാണ്, വില്‍പനയാണ്, കൈമാറ്റമാണ്, വിശ്വാസികളെ വ്രണപ്പെടുത്തലാണ്. കച്ചവടകേന്ദ്രങ്ങളാക്കി മാറ്റാനുള്ള വന്‍ ഗൂഢാലോചനയാണ് ഇപ്പോള്‍ നടക്കുന്നത്. ആദ്യ ഇഎംഎസ് സര്‍ക്കാരിന്റെ കാലത്ത് ആയിരക്കണക്കിനേക്കര്‍ വരുന്ന ക്ഷേത്രഭൂമികളും ഹിന്ദുവിന്റെ സ്വത്തുക്കളും പിടിച്ചെടുത്താണ് കൈമാറ്റം ചെയ്തത്. സമത്വം വിളംബരം ചെയ്ത് പിടിച്ചെടുത്തത് ഹിന്ദുവിന്റെ സ്വത്തുക്കള്‍ മാത്രമായിരുന്നു.
1950 മെയ് 20 ന് ശബരിമലയില്‍ നടന്ന ആസൂത്രിത തീവയ്‌പ്പില്‍ അയ്യപ്പന്റെ പഞ്ചലോഹവിഗ്രഹം പോലും തകര്‍ക്കപ്പെട്ടു. ശബരിമല തീവയ്‌പ്പ് സംബന്ധിച്ച യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരുമെന്ന ഉറപ്പ് ഹിന്ദുസമൂഹത്തിന് നല്‍കിക്കൊണ്ട് മലയരയരുടെയും ഈഴവരുടെയും ഉള്‍പ്പെടെ വലിയ തോതില്‍ വോട്ട് നേടി ഇഎംഎസിന്റെ നേതൃത്വത്തില്‍ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. കേശവമേനോന്‍ റിപ്പോര്‍ട്ട് തീവയ്‌പ് കേസില്‍ സമര്‍പ്പിക്കപ്പെട്ടെങ്കിലും അന്വേഷണമോ നടപടിയോ ഉണ്ടായില്ല. ഈ കബളിപ്പിക്കല്‍ ഇന്നും തുടരുന്നു.
വേണം ഹിന്ദു ബോര്‍ഡ്
കേരളത്തിലെ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍, ഗുരുവായൂര്‍, കൂടല്‍മാണിക്യം എന്നീ ദേവസ്വം ബോര്‍ഡുകളുടെ കീഴില്‍ 5000ത്തോളം ക്ഷേത്രങ്ങളാണുള്ളത്. ശബരിമലയില്‍ മാത്രമല്ല ബഹുഭൂരിപക്ഷം ക്ഷേത്രങ്ങളിലും അവിശ്വാസികളും കള്ളന്മാരും കൊള്ളക്കാരും കടന്നുകയറി നടത്തുന്ന കൊള്ളക്കഥകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ക്ഷേത്രസ്വത്തുക്കള്‍, വഴിപാട് വസ്തുക്കള്‍ ഓരോ ഹിന്ദുവിന്റെയും സമര്‍പ്പണമാണ്. ആഴിയില്‍ എരിയുന്ന നെയ്‌തേങ്ങ പോലെയാണ് ഓരോ ഭക്തന്റെയും ആത്മസമര്‍പ്പണം. ഭാരതീയ സംസ്‌കാരത്തിന്റെ ആധാരശിലകളാണ് ക്ഷേത്രങ്ങള്‍. ഭാരതീയ പാരമ്പര്യത്തില്‍ ക്ഷേത്രങ്ങള്‍ ഒരു നാടിന്റെ ആത്മീയവും സാമൂഹികവും, സാമ്പത്തികവും, സാംസ്‌കാരികവുമായ സ്പന്ദനങ്ങളുടെ പ്രഭവകേന്ദ്രങ്ങളും ശക്തികേന്ദ്രങ്ങളുമാണ്. ക്ഷേത്രസ്വത്തുക്കള്‍, വരവുകള്‍, വഴിപാട് സമര്‍പ്പണങ്ങള്‍ എന്നിവ കൃത്യമായി രേഖപ്പെടുത്തണം. വരുമാനം ക്ഷേത്രാവശ്യങ്ങള്‍ക്കും നടത്തിപ്പിനും ബാക്കി ഹിന്ദുകുടുംബത്തിന്റെ ഉന്നമനത്തിനുമായി ചിലവിടണം. അശരണരും നിരാലംബരും ദരിദ്രരുമായ ഹിന്ദുസമൂഹത്തിനു പാര്‍പ്പിടം, ചികിത്സ, വിദ്യാഭ്യാസം എന്നിവയ്‌ക്കായി ഉപയോഗിക്കണം. ക്ഷേത്രത്തിന്റെ മേല്‍നോട്ടം ഭക്തര്‍ക്കാവണം. ഭക്തിയുടെ മേല്‍ക്കുപ്പായം ധരിച്ച കൊള്ളക്കാര്‍ക്കും അവിശ്വാസികളായ രാഷ്‌ട്രീയക്കാര്‍ക്കും ഉള്ളതല്ല. ഇവിടെ ഭക്തര്‍ക്കായും വിശ്വാസ-ആചാര സംരക്ഷണത്തിനുമായി ഹിന്ദുബോര്‍ഡ് ഉണ്ടാകണം.
തന്ത്രി മാത്രമല്ല മന്ത്രിയും കസ്റ്റോഡിയന്‍
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍. വിജയകുമാര്‍, മുന്‍ ഓഫീസര്‍ മുരാരി ബാബു, മുന്‍ കമ്മിഷണര്‍ എന്‍. വാസു, മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍, ഒടുവിലായി തന്ത്രി കണ്ഠര് രാജീവരരും ജയിലില്‍. താന്ത്രിക കര്‍മങ്ങളുടെ ചുമതലക്കാരനായ തന്ത്രി ക്ഷേത്ര സ്ഥാവരജംഗമസ്വത്തുക്കളുടെ കസ്റ്റോഡിയനെങ്കില്‍, അവിടെനിന്നു കൊള്ളയടിക്കപ്പെട്ട വസ്തുക്കള്‍ക്ക് ഉത്തരവാദിയെങ്കില്‍ ദേവസ്വം മന്ത്രിയും കസ്റ്റോഡിയനാണ്. എസ്‌ഐടി രഹസ്യമായി ചോദ്യം ചെയ്ത് വിട്ടയച്ച മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മുന്‍ ദേവസ്വം മന്ത്രിയും ഇപ്പോള്‍ എം.പി.യുമായ കെ. രാധാകൃഷ്ണന്‍, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി. എസ്. പ്രശാന്ത്, ഇപ്പോഴത്തെ ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ എന്നിവരേയും കുറ്റക്കാരായി കരുതണം. അന്വേഷണവിധേയമായി ജയിലിലടയ്‌ക്കണം. സോണിയക്കും ആന്റോ ആന്റണിക്കും അടൂര്‍ പ്രകാശിനും കൊള്ളസംഘവുമായുള്ള ബന്ധം അന്വേഷിക്കുകയും വേണം.
തെളിയട്ടെ ധര്‍മ ജ്യോതി
യുഡിഎഫ്- എല്‍ഡിഎഫ് കുറുവ സംഘത്തിനെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ മകരവിളക്ക് ദിനത്തില്‍ വീടാകെ, നാടാകെ അയ്യപ്പജ്യോതി തെളിയിക്കുകയാണ്. ക്ഷേത്രക്കൊള്ളക്കാരില്‍നിന്ന് കേരളത്തെ രക്ഷിക്കാന്‍, പാവപ്പെട്ടവന് നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് കയ്യിട്ടുവാരുന്ന പിണറായി സര്‍ക്കാരില്‍നിന്ന്, വര്‍ഗീയധ്രുവീകരണത്തിന് ദേശവിരുദ്ധശക്തികളെ പ്രോത്സാഹിപ്പിച്ച് നാടിനെ അപകടത്തിലേക്കു തള്ളിവിടുന്നവരില്‍ നിന്ന് കേരളത്തെ മോചിപ്പിക്കാന്‍, മുഴുവന്‍ ഭക്തരും ജനാധിപത്യവിശ്വാസികളും ഒന്നിച്ച് ചേര്‍ന്ന് തെളിക്കാം വികസനത്തിന്റെ, സുരക്ഷിതത്വത്തിന്റെ, വിശ്വാസത്തിന്റെ അയ്യപ്പജ്യോതി.
















