കൊല്ലം: അമൃത വിശ്വവിദ്യാപീഠം എട്ടാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ‘ഒരു ലോകം ഒരു ഹൃദയം’ പരിപാടിയുടെ ഫൈനല്‍ മത്സരങ്ങള്‍ സമാപിച്ചു.
ക്വിസ്, ഉപന്യാസരചന, ചിത്രരചന എന്നീ ഇനങ്ങളില്‍ സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി നടന്ന ഫൈനല്‍ മത്സരങ്ങളില്‍ സംസ്ഥാനത്തെ അഞ്ഞൂറോളം കുട്ടികളാണ് മത്സരിച്ചത്. ചിത്രരചനയില്‍ സിദ്ധാര്‍ഥ് കൃഷ്ണ, ഉപന്യാസ രചനയില്‍ ടി.എം. സന, എ.ഐ. പെയിന്റിങ്ങില്‍ മലീഹ സുല്‍ത്താന, ക്വിസ് മത്സരത്തില്‍ അഭിജിത്ത്, മദന്‍ മോഹന്‍ എന്നിവര്‍ വിജയികളായി. അമൃതപുരി കാമ്പസില്‍ നടന്ന സമാപന ചടങ്ങില്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു.
സര്‍വ്വകലാശാലാ ചാന്‍സലര്‍ കൂടിയായ മാതാ അമൃതാനന്ദമയി ദേവി വീഡിയോ സന്ദേശത്തിലൂടെ മത്സരാര്‍ത്ഥികള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു. കവി വി. മധുസൂദനന്‍നായര്‍ മുഖ്യാതിഥിയായ ചടങ്ങില്‍ മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തി.
സര്‍വ്വകലാശാലാ പ്രൊ വൈസ്ചാന്‍സലര്‍ ഡോ. മനീഷ വി. രമേഷ്, ആര്‍ട്ടിസ്റ്റ് മദനന്‍, ശ്രീജിത്ത് കെ. വാര്യര്‍, എന്നിവര്‍ പങ്കെടുത്തു. ഒരു ലോകം ഒരു ഹൃദയം പരിപാടിയുടെ ഭാഗമായി കേരളത്തിലെ മുന്‍നിര മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച മീഡിയാ കോണ്‍ക്ലേവും ശ്രദ്ധേയമായി. മാതാ അമൃതാനന്ദമയി ദേവി ഐക്യരാഷ്‌ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ മലയാളത്തില്‍ സംസാരിച്ചതിന്റെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് ‘ഒരു ലോകം ഒരു ഹൃദയം’ എന്ന പേരില്‍ മത്സരങ്ങള്‍ക്ക് പുറമെ പ്രദര്‍ശനങ്ങള്‍ ഉള്‍പ്പെടെ നിരവധി പരിപാടികളാണ് അമൃത വിശ്വവിദ്യാപീഠം സംഘടിപ്പിക്കുന്നത്.











