ന്യൂദല്‍ഹി: വിബി ജി റാം ജി നിയമം ജനങ്ങള്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടിയുള്ള പദ്ധതിയെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കൊണ്ടുവന്ന നിയമം തൊഴിലാളികളെ സംരക്ഷിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
2006 ലാണ് തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചത്. 2012 -13 ല്‍ 33,000 കോടി രൂപ ആണ് പദ്ധതിക്കായി വകയിരുത്തിയത്, 162 രൂപ ആയിരുന്നു കൂലി. 36 തൊഴില്‍ദിവസങ്ങളായിരുന്നു ലഭിച്ചത്. നരേന്ദ്രമോദി സര്‍ക്കാര്‍ വന്നശേഷം അത് നൂറു ദിവസമാക്കി ഉയര്‍ത്തി. 162 രൂപയില്‍ നിന്ന് കൂലി 369 രൂപയാക്കി ഉയര്‍ത്തി. വിബി ജി റാം ജി സ്‌കീമിനായി ഇപ്പോള്‍ 1.51 ലക്ഷം കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. തൊഴില്‍ദിനങ്ങള്‍ 125 ആക്കി വര്‍ദ്ധിപ്പിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് വ്യത്യസ്തമായി സ്ഥിരം ആസ്തിയാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങള്‍. ഉപജീവനവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍, തീവ്രമായ കാലാവസ്ഥാ പ്രശ്നങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള പ്രത്യേക പ്രവര്‍ത്തനങ്ങള്‍ എന്നീ നാല് മേഖലകളിലാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തിരക്കേറിയ കൃഷി സീസണുകളില്‍ പദ്ധതി നടപ്പാക്കുന്നത് 60 ദിവസം താത്കാലികമായി നിര്‍ത്തിവയ്‌ക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുവാദമുണ്ട്.
തൊഴിലുറപ്പ് പദ്ധതിയുടെ ഘടനാപരമായ ബലഹീനതകള്‍ പുതിയ നിയമം പരിഹരിക്കുന്നു. കൂലി നേരിട്ട് തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് എത്തുന്നത് സുതാര്യത ഉറപ്പാക്കുന്നു. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പങ്കാളിത്തം നല്‍കിക്കൊണ്ടാണ് പദ്ധതി നടത്തിപ്പില്‍ സംസ്ഥാന വിഹിതം 40 ശതമാനമാക്കി വര്‍ദ്ധിപ്പിച്ചത്. സംസ്ഥാനങ്ങള്‍ക്ക് അധികച്ചെലവെന്ന് ആരോപിക്കുന്ന പ്രതിപക്ഷം, പണം ചെലവഴിക്കുന്നത് തൊഴിലാളികള്‍ക്ക് വേണ്ടിയാണെന്ന് മനസിലാക്കണമെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.
















