കൊച്ചി: ശബരിമല തന്ത്രി കണ്ഠര് രാജീവരെ എസ്‌ഐടി അറസ്റ്റ് ചെയ്യുകയും കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്ത നടപടിയില്‍ ശബരിമല മാളികപ്പുറം മുന്‍ മേല്‍ശാന്തിമാരുടെ കൂട്ടായ്‌മയായ ശബരിമല മാളികപ്പുറം മേല്‍ശാന്തി സമാജം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ആരാധനാ, ആചാരങ്ങളിലും ധാര്‍മ്മിക ജീവിതത്തിലും അപര്യാപ്തതയോ അപചാരമോ ഒരിക്കലും ആരോപിക്കാനാകാത്ത നിസാരമെങ്കിലും സംശയത്തിന് ഇടനല്‍കാത്ത വ്യക്തിത്വമാണ് തന്ത്രി കണ്ഠര് രാജീവരുടേത്. ശബരിമലയുടെ പാരമ്പര്യവും ആചാരങ്ങളും കാത്തുസൂക്ഷിച്ചുവരുന്ന തന്ത്രിയുടെ മേല്‍ ഇത്തരമൊരു ക്രിമിനല്‍ നടപടി സ്വീകരിച്ചത് യുക്തിയുടെയും നീതിയുടെയും അടിസ്ഥാനങ്ങളെ ചോദ്യം ചെയ്യുന്നതാണ്.
നിലവില്‍ നടന്നിരിക്കുന്ന അറസ്റ്റ് യഥാര്‍ത്ഥ കുറ്റവാളികളെ മറച്ചുവെക്കാനും, ആരെയൊക്കെയോ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടുമാണ് എന്ന സംശയം പൊതുസമൂഹത്തില്‍ ശക്തമായി ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് ഈ നടപടി. അന്വേഷണത്തിന്റെ ദിശ തന്നെ തെറ്റായ രീതിയിലേക്ക് തിരിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണിതെന്നും ഇവര്‍ പറഞ്ഞു. തന്ത്രിയെ പ്രതിയാക്കി റിമാന്‍ഡ് ചെയ്തതിലൂടെ ശബരിമലയുടെ ആത്മീയതയെയും ആചാരവ്യവസ്ഥകളെയും അവമതിക്കുന്ന പ്രവണതയാണ് പ്രകടമാകുന്നത്. ഇത് ഒരു വ്യക്തിക്കെതിരായ നടപടി മാത്രമല്ല. മറിച്ച് ശബരിമലയുടെ വിശ്വാസ പാരമ്പര്യത്തോടുള്ള കടന്നാക്രമണമാണ്.
ശബരിമല മാളികപ്പുറം മേല്‍ശാന്തിസമാജം ഈ നടപടിയോട് ശക്തമായ വിയോജിപ്പും പ്രതിഷേധവും രേഖപ്പെടുത്തുന്നു. തന്ത്രി കണ്ഠര് രാജീവര് പൂര്‍ണമായും നിരപരാധിയാണ്. സത്യസന്ധമായ അന്വേഷണം നടന്നാല്‍ അത് വ്യക്തമായി പുറത്തുവരും.
നീതിന്യായ വ്യവസ്ഥ ഈ വിഷയത്തില്‍ നീതിപൂര്‍വവും നിഷ്പക്ഷവുമായ സമീപനം സ്വീകരിക്കണമെന്നും യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും മേല്‍ശാന്തി സമാജം പ്രസിഡന്റ് പുതുമന മനു നമ്പൂതിരി, സെക്രട്ടറി മാടമന പരമേശ്വരന്‍ നമ്പൂതിരി, ട്രഷറര്‍ ഇടമന എന്‍. ദാമോദരന്‍ പോറ്റി എന്നിവര്‍ ആവശ്യപ്പെട്ടു.















