ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ സ്വാതന്ത്ര്യ സമര പോരാളിയായ വി.ഡി. സവര്‍ക്കറുടെ ചിത്രം വച്ചതിനെതിരെ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി ഹര്‍ജിക്കാരന്‍ തന്നെ പിന്‍വലിച്ചു. ഇല്ലെങ്കില്‍ കോടതിയുടെ സമയം കളഞ്ഞതിന് പിഴയീടാക്കുമെന്ന് കോടതി വ്യക്തമാക്കിയതോടെ ഹര്‍ജി പിന്‍വലിക്കാന്‍ ഹര്‍ജിക്കാരന്‍ അനുമതി തേടി.
മുന്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസ് (ഐആര്‍എസ്) ഉദ്യോഗസ്ഥന്‍ ബി. ബാലമുരുകനാണ്, ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി, വിപുല്‍ എം. പാഞ്ചോളി എന്നിവരുടെ താക്കീതോടെ ഹര്‍ജി പിന്‍വലിച്ച് തലയൂരിയത്. പാര്‍ലമെന്റില്‍ സ്ഥാപിച്ചിട്ടുള്ള വീര സവര്‍ക്കറുടെ ചിത്രം മാറ്റാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടാണ് ഇയാള്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ ഒരു തരത്തിലും ഇടപെടില്ലെന്ന് വ്യക്തമാക്കിയ കോടതി ഇത്തരം ഹര്‍ജിയുമായി വന്നതിന് കനത്ത പിഴ ഈടാക്കുമെന്നും മുന്നറിയിപ്പ് നല്‍കി. വിശ്രമ ജീവിതം നിങ്ങള്‍ ആസ്വദിക്കൂ, മനുഷ്യര്‍ക്ക് ഉപകാരപ്രദമായ വല്ലതും ചെയ്യൂ. കോടതി ബാലമുരുകനെ ഉപദേശിച്ചു.











