ന്യൂദല്‍ഹി: തെരുവുനായകളുടെ ആക്രമണങ്ങളില്‍ ആര്‍ക്കെങ്കിലും പരിക്കേല്‍ക്കുകയോ മരിക്കുകയോ ചെയ്താല്‍ ഉത്തരവാദിത്തം തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഇത്തരം നായകളെ തീറ്റിപ്പോറ്റുന്ന നായപ്രേമികള്‍ക്കുമാണെന്നും സുപ്രീം കോടതി. തെരുവുനായ ആക്രമണങ്ങള്‍ക്ക് ഇവരെ ഉത്തരവാദികളാക്കി ഉത്തരവ് പുറപ്പെടുവിക്കുമെന്നും കോടതി സൂചിപ്പിച്ചു. നായശല്യം സംബന്ധിച്ച് സ്വമേധയ എടുത്ത കേസ് പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് എന്‍.വി. അന്‍ജാരിയ എന്നിവര്‍ വാക്കാല്‍ പ്രതികരിച്ചത്.
തെരുവുനായകളോട് പ്രേമമുള്ളവര്‍ അവയെ തെരുവില്‍ അലയാന്‍ വിടാതെ, ആരെയും കടിക്കാന്‍ അവസരം നല്കാതെ അവയെ വീടുകളില്‍ കൊണ്ടുപോയി പരിപാലിക്കാനും കോടതി പറഞ്ഞു. നായകള്‍ ആരെയെങ്കിലും കടിച്ചാല്‍, ആരെങ്കിലും പേവിഷ ബാധയേറ്റു മരിച്ചാല്‍, നായശല്യത്തിനെതിരേ ഒരു നടപടിയും എടുക്കാത്ത സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വലിയ പിഴ ചുമത്തുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. ഒരു കുട്ടിയെ നായ കടിച്ചാല്‍ ആരാണ് ഉത്തരവാദി. അവയെ തീറ്റിപ്പോറ്റുന്ന സംഘടനയല്ലേ? ഇത്തരം പ്രശ്‌നങ്ങള്‍ക്കു നേരേ ഞങ്ങള്‍ കണ്ണടയ്‌ക്കണമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്, ജസ്റ്റിസ് മേത്ത ചോദിച്ചു.
















