പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തില്‍ പീഡിപ്പിച്ചെന്ന് പരാതി നല്‍കിയ യുവതിക്കെതിരെ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കി പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗവും കോണ്‍ഗ്രസ് നേതാവുമായ ശ്രീനാദേവി കുഞ്ഞമ്മ.
ഇ-മെയിലിലൂടെ ആണ് പരാതി നല്‍കിയത്. തനിക്കെതിരെ തെറ്റായ പ്രചാരണം നടത്തുന്നു എന്ന് ശ്രീനാദേവി കുഞ്ഞമ്മ ആരോപിച്ചു.അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. പൊതുസമൂഹത്തില്‍ തന്നെ കരിവാരിത്തേക്കുന്ന തരത്തിലാണ് അതിജീവിത പരാതി നല്‍കിയത്. അതിജീവിത ആരാണെന്ന് തനിക്ക് അറിയില്ലെന്നും ശ്രീനാദേവി കുഞ്ഞമ്മ പരാതിയില്‍ പറയുന്നു.
അതിജീവിതയെ താന്‍ അധിക്ഷേപിച്ചിട്ടില്ല. എന്നും സത്യത്തിനൊപ്പം ആണ് നില്‍ക്കുന്നത്. അതിജീവിത എന്ന നിലയില്‍ നിയമം നല്‍കുന്ന സംരക്ഷണത്തെ വ്യാജ പരാതികളിലൂടെ തനിക്കെതിരെ ഉപയോഗിക്കാന്‍ ശ്രമിച്ചെന്നും ശ്രീനാദേവി കുഞ്ഞമ്മ പരാതിയില്‍ പറയുന്നു.
രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയെ പിന്തുണച്ചും എം എല്‍ എക്കെതിരെയുളള പരാതിക്കാരെ വിമര്‍ശിച്ചും ശ്രീനാദേവി കുഞ്ഞമ്മ രംഗത്തു വന്നതിനെ തുടര്‍ന്ന് ഒന്നാം ബലാത്സംഗക്കേസിലെ അതിജീവിത ഡി ജി പിക്ക് പരാതി നല്‍കിയിരുന്നു. ഇതാണ് ശ്രീനാദേവി കുഞ്ഞമ്മ അതിജീവിതയ്‌ക്കെതിരെ പരാതി നല്‍കാന്‍ കാരണം.
















