കൊച്ചി: റോഡിലുപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട വളര്‍ത്തുനായയെ ഉടമ കൊച്ചി സ്വദേശി സംഗീതിന് കൈമാറി.നായയെ ഉപേക്ഷിച്ചത് അല്ലെന്നും വീട്ടില്‍ നിന്ന് കാണാതാകുകയായിരുന്നുവെന്നും സംഗീത് പറഞ്ഞു.
എറണാകുളം സുഭാഷ് പാര്‍ക്ക് പരിസരത്ത് കണ്ടെത്തിയ നായയുടെ ഉടമ ചൊവ്വാഴ്ച വൈകിട്ട് 7 മണിയോടെയാണ് സൗത്ത് പൊലീസ് സ്റ്റേഷനില്‍ എത്തിയത്.നായയുടെ വിവരങ്ങള്‍ പരിശോധിച്ച ശേഷമാണ് നായയെ കൈമാറാന്‍ പൊലീസ് തീരുമാനിച്ചത്. തുടര്‍ന്ന് റെസ്‌ക്യൂ ഹോം അധികൃതര്‍ എത്തി നായയെ ഉടമയായ സംഗീതിന് കൈമാറി.എന്നാല്‍ നായയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് രേഖകള്‍ ഇല്ലാതെയാണ് നായയെ കൈമാറിയത് എന്ന് റെസ്‌ക്യൂ അധികൃതര്‍ പറഞ്ഞു
അപകടകാരിയായ അമേരിക്കന്‍ പിറ്റ്ബുളിനെ ഞായറാഴ്ച രാത്രിയാണ് സുഭാഷ് പാര്‍ക്ക് പരിസരത്ത് കണ്ടെത്തിയത്. അലഞ്ഞുതിരിഞ്ഞ നടന്ന നായയെ കണ്ട ആളുകള്‍ പരിഭ്രാന്തരായി. തുടര്‍ന്ന് എസ് പി സി എ സംഘവും പൊലീസും ചേര്‍ന്ന് നായയെ ഇവിടെ നിന്ന് പിടികൂടി റെസ്‌ക്യൂ ഹോമിലേക്ക് മാറ്റുകയായിരുന്നു.അതീവ ആക്രമണസ്വഭാവമുളള അമേരിക്കന്‍ പിറ്റ്ബുള്ളുകളുടെ വില്‍പ്പന ഇന്ത്യയില്‍ നേരത്തെ നിരോധിച്ചിരുന്നു.
















