ഭജൻ സന്ധ്യക്കിടെ അതീവ വികാരാധീനയായി പെരുമാറുന്ന നടിയും നർത്തകിയുമായ സുധ ചന്ദ്രന്റെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. പരിപാടിക്കിടെ അവർ നൃത്തം ചെയ്യുന്നതും പിന്നീട് വിങ്ങിപ്പൊട്ടുന്നതും ചുറ്റുമുള്ളവർ അവരെ ആശ്വസിപ്പിക്കുന്നതും വീഡിയോയിലുണ്ട്.ഇപ്പോഴിതാ ആ സംഭവത്തിൽ പ്രതികരിച്ചെത്തുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. അവരുടെ ജീവിതത്തെ കുറിച്ചും സംവിധായകൻ പ്രതികരിച്ചു. വായിക്കാം
നടി സുധാ ചന്ദ്രന്റെ ജീവിതം അത്ഭുതം ജനിപ്പിക്കുന്നതാണ്. ആത്മവിശ്വാസവും ധൈര്യവും നിശ്ചയദാർഢ്യവും കൊണ്ട് പടുത്തുയർത്തിയ ജീവിതം, ഇപ്പോൾ സുധാ ചന്ദ്രന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. മതപരമായ ചടങ്ങായ മാതാക്കി ചൗക്കിയിൽ ഭജൻ സന്ധ്യയിൽ പങ്കെടുക്കുമ്പോൾ അവിചാരിതമായി അവർ ഭക്തി ലഹരിയിൽ ആടാൻ തുടങ്ങി. അപ്പോൾ അവർക്കുണ്ടായ ഭാവമാറ്റം എല്ലാവരെയും ഞെട്ടിച്ചു. അവിടെ കൂടിയിരുന്ന ഭക്തർ എല്ലാവരും ചേർന്ന് അവരെ ബലമായി പിടിക്കുകയും ആ സമയത്ത് അവർ ഒരാളുടെ കയ്യിൽ കടിക്കുകയും ചെയ്യുന്നത് നമുക്ക് വീഡിയോയിൽ കാണാവുന്നതാണ്. സുധാചന്ദ്രൻ ഒരു സെലിബ്രിറ്റി ആയതുകൊണ്ടാകാം ഇത് വലിയ വാർത്തയായത്. ഞാനിത് തമിഴ്നാട്ടിൽ നിരവധി തവണ നേരിൽ കണ്ടിട്ടുള്ളതാണ്. അവിടെ അമ്മൻ തുള്ളുന്ന വേളയിൽ കയ്യിൽ വേപ്പിലക്കെട്ടുമായി തുള്ളുന്ന ചില സ്ത്രീകൾക്കൊക്കെ ഇത്തരം അവസ്ഥകൾ ഉണ്ടാകാറുണ്ട്. അവർ കുറേനേരം തുള്ളിയതിനുശേഷം ബോധം കെട്ടു വീഴാറുണ്ട്. അവരെ വെള്ളം കുടഞ്ഞ് ഉണർത്താറുമുണ്ട്.
അമ്മൻ ആവാഹിക്കുന്നതാണെന്നാണ് പലരും വിശ്വസിക്കുന്നത്. അത്തരത്തിൽ പെരുമാറുന്നവര ബഹുമാനിക്കണമെന്നും അവർ പറയുന്നുണ്ട്. ഇവിടെ സുധാചന്ദ്രൻ പറയുന്നത് അവർക്ക് ദൈവീകമായ ഒരു അനുഗ്രഹം ഉണ്ടായതാണെന്നാണ്. ഇക്കാര്യത്തിൽ എന്നെ ട്രോളിയവർ സന്തോഷിച്ചുകൊള്ളട്ടെ ഞാൻ കടുത്ത ഒരു ഈശ്വര വിശ്വാസിയാണ് അതിൻറെ അനുഗ്രഹമാണ് എനിക്ക് അവിടെ ലഭിച്ചത് എന്ന്. സുധാ ചന്ദ്രന്റെ ജീവിതത്തിലെ ഏതു കാര്യം എടുത്താലും ഇത്തരം ബഹുമാനവും സ്നേഹവും ഒക്കെ അർഹിക്കുന്നവരാണവർ. അവരുടെ ജീവിതം തന്നെ ആർക്കും ചിന്തിക്കാൻ പോലും പറ്റാത്ത രീതിയിലുള്ള പരിവർത്തനത്തിലൂടെ പടുത്തുയർത്തിയതാണ്.
ജീവിതം ആത്മവിശ്വാസവും മനക്കരുത്തും കൊണ്ട് കെട്ടിപ്പടുത്ത് ലോകപ്രശസ്തയായ ധീരവനിതയാണവർ. അമ്മയുടെ നിർബന്ധത്തിനും ആഗ്രഹത്തിനും വഴങ്ങിയാണ് സുധാ ചന്ദ്രൻ മൂന്നു വയസ്സു മുതൽ നൃത്തം അഭ്യസിച്ചു തുടങ്ങിയത്. ഏഴാം വയസ്സിൽ തന്നെ അരങ്ങേറ്റവും നടത്തി. ഇരിഞ്ഞാലക്കുട കെസി ചന്ദ്രന്റെയും പാലക്കാട് കുഴൽമന്നം സ്വദേശിനി തങ്കത്തിന്റെയും മകളാണ് സുധാചന്ദ്രൻ. അവർ പിതാവിന്റെ ജോലിയുമായി ബന്ധപ്പെട്ട് തൃശിനാപള്ളിയിലായിരുന്നു താമസം. തന്റെ സന്തോഷപ്രദമായ കൗമാരപ്രായം കടന്നുപോകുമ്പോഴാണ് തന്റെ സ്വപ്നങ്ങളെല്ലാം തകർത്തെറിഞ്ഞുകൊണ്ട് അവർ ഒരു അപകടത്തിൽ പെടുന്നത് .അപകടത്തിൽ അമ്മ മരിച്ചു എന്നാണ് അവർ ആദ്യം അറിഞ്ഞത് .എന്നാൽ പിന്നീട് അവർ ചെറുതായി ശ്വാസം വിടുന്നത് കണ്ടാണ് ഡോക്ടർ ജീവൻ രക്ഷിച്ചത്. തൃശിനാപള്ളിയിലെ ഗവൺമെൻറ് ആശുപത്രിയിലെ പല പല വാർഡുകളിൽ ആയിട്ടാണ് സുധാചന്ദ്രനും അമ്മയും അച്ഛനും ഒക്കെ കിടന്നിരുന്നത് .
അവർ പരസ്പരം കണ്ടുമുട്ടുന്നത് ഒരാഴ്ചക്ക് ശേഷമാണ്, കൂടുതൽ വിദഗ്ത ചികിത്സക്കായി അവരെ ചെന്നൈയിലേക്ക് മാറ്റുന്നു, അവിടെ വെച്ചാണ് സുധാചന്ദ്രന്റെ ഇൻഫെക്ഷൻ ആയ കാല് മറ്റു മാർഗ്ഗങ്ങൾ ഒന്നുമില്ലാതെ മുറിച്ചു മാറ്റപ്പെടുന്നത്. ജീവിതത്തിൽ ഒത്തിരി മധുര സ്വപ്നങ്ങളുമായി ഒരു പൂമ്പാറ്റയെ പോലെ പാറി പറന്നു നടന്ന 16 കാരി പതറിപ്പോയ നിമിഷം. തന്റെ ജീവിതത്തിൽ ഇനി ഒരിക്കലും നൃത്തം ചെയ്യാൻ ആവില്ല എന്ന് തോന്നിയ നിമിഷമായിരുന്നു അത്. അമ്മയുടെ നിർബന്ധത്തിന് വഴങ്ങി നൃത്തം ചെയ്തിരുന്ന സുധാചന്ദ്രന് കാൽ നഷ്ടപ്പെട്ടപ്പോൾ നൃത്തം ചെയ്യണമെന്ന് അതിയായ മോഹം മനസ്സിൽ ഉദിച്ചു. എനിക്കിനി നൃത്തം ചെയ്യാൻ ആകുമോ ഡോക്ടർ എന്ന് ചോദിച്ചപ്പോൾ ഡോക്ടർ വെറുതെ ആത്മവിശ്വാസം പകരാനായി പറഞ്ഞു നിനക്കിനിയും നൃത്തം ചെയ്യാനാകും, കൃത്രിമ കാൽ ഉപയോഗിച്ച്.
ഡോക്ടറുടെ ഈ വാക്കുകൾ ആ കൗമാരക്കാരിയിൽ ആത്മവിശ്വാസം പകർന്നു .അവൾ പതറിയില്ല. കൃത്രിമക്കാൽ ധരിച്ച് അവൾ നൃത്തം ചെയ്തു .അപ്പോഴാണ് നൃത്തം എത്ര വിലപ്പെട്ടതാണെന്ന് അവർക്ക് മനസ്സിലായത്. കൃത്രിമക്കാലിൽ ചുവട് വെക്കുമ്പോൾ വലിയ വേദന ഉണ്ടായിരുന്നു. പലപ്പോഴും ചോര ഒഴുകുന്നുണ്ടായിരുന്നു .എന്നാലും തോറ്റു കൊടുക്കാൻ അവർ തയ്യാറായില്ല .രണ്ടര വർഷക്കാലം കഠിനാധ്വാനം, കൃത്രിമക്കാലിൽ നൃത്തം പഠിക്കുന്ന സമയത്ത് പലരും ചോദിച്ചു, എന്തിനാ ഈ വേദനയൊക്കെ സഹിക്കുന്നത്, നൃത്തമൊന്നും വേണ്ട എന്ന് .പക്ഷേ തന്റെ സ്വപ്നം എന്ത് വില കൊടുത്തും നേടണമെന്ന വാശി അവർക്ക് മനസ്സിൽ ഉണ്ടായിരുന്നു. അങ്ങനെ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് വേദനകൾ, നിരാശപ്പെടുത്തുന്ന വാക്കുകൾ എല്ലാം അവഗണിച്ച് അവർ അരങ്ങിലെത്തുന്നു. ഏകദേശം മൂന്നു മണിക്കൂറോളമാണ് അവർ നിറഞ്ഞ സദസ്സിനു മുൻപിൽ നൃത്തം ചെയ്തത്. സദസ്സിൽ അവർക്കന്ന് ആത്മവിശ്വാസം പകർന്ന ഡോക്ടറും ഉണ്ടായിരുന്നു. ആ പ്രശസ്തിയിലൂടെ സിനിമയിലേക്കുള്ള അഭിനയത്തിലേക്കുള്ള വഴിയൊരുങ്ങി.
അവരുടെ ജീവിതകഥയെ ആസ്പദമാക്കി തെലുങ്കിൽ നിർമ്മിച്ച സിനിമയായിരുന്നു മയൂരി, ആ സിനിമയിലെ നായികയാകട്ടെ സുധാ ചന്ദ്രനും. അതുവരെ സിനിമ അഭിനയത്തെക്കുറിച്ച് ഒരു ധാരണയും അവർക്കില്ലായിരുന്നു, കൂടാതെ തെലുങ്ക് ഭാഷ ഒരക്ഷരം തനിക്കറിയുകയുമില്ല, അങ്ങനെ പകൽ മുഴുവൻ ഷൂട്ടിങ്ങും രാത്രി മുഴുവനും അടുത്ത ദിവസത്തെ തെലുങ്ക് ഡയലോഗുകൾ കാണാപാഠം പഠിച്ചും 20 ദിവസം ഉറക്കം ഒന്നോ രണ്ടോ മണിക്കൂറുകളിൽ ഒതുക്കിയും ആ സിനിമ അവർ അഭിനയിച്ചുതീർത്തു, ആ സിനിമയിൽ തന്റെ കഠിനാധ്വാനത്തിനുള്ള ഫലം കിട്ടി, സിനിമ സൂപ്പർ ഹിറ്റ്, സുധാ ചന്ദ്രൻ എന്ന നടിക്ക് ആദ്യ ചിത്രത്തിൽ തന്നെ നാഷണൽ അവാർഡും.
പിന്നീട് സുധാ ചന്ദ്രൻ എന്ന അത്ഭുത നടിയുടെ ഡേറ്റിനായി നിർമ്മാതാക്കളും സംവിധായകരും പരക്കം പാച്ചലിലായി, ഇന്ത്യയിലെ ആറു ഭാഷകളിലായി അവർ നിരവധി ചിത്രങ്ങളിൽ വേഷമിട്ടു.ഇതിനിടെ ശബരിമല വിഷയം വന്നപ്പോൾ സുധാചന്ദ്രൻ നമ്പിനാൽ കെടുവതില്ലേ എന്ന ചിത്രത്തിനു വേണ്ടി ശബരിമലയിലെ പതിനെട്ടാം പടിയിൽ കയറി നൃത്തം ചെയ്തു എന്ന് പറഞ്ഞ് വിവാദവും കേസും ഒക്കെ വന്നു. ശബരിമല സ്ത്രീ പ്രവേശനത്തെ ന്യായീകരിക്കാൻ വേണ്ടി പറഞ്ഞ കഥയായിരുന്നു ഇത്. ഇതിനെതിരെ സുധാചന്ദ്രൻ രംഗത്ത് വന്ന് വിശദീകരണം നൽകി കേട്ട വാർത്ത സത്യമല്ലെന്നും ചെന്നൈയിലെ ഒരു സ്റ്റുഡിയോയിൽ സെറ്റിട്ടാണ് ആ ഗാനരംഗം ചിത്രീകരിച്ചതെന്നും നടി വിശദീകരിച്ചു. ക്ഷേത്രവുമായി ബന്ധപ്പെട്ട മറ്റു രംഗങ്ങൾ ശബരിമലയ്‌ക്ക് താഴെയും പിന്നിലെ കവാടത്തിലുമാണ് ചിത്രീകരിച്ചതെന്നും സുധ വ്യക്തമാക്കി .
സുധാ ചന്ദ്രന്റെ ജീവിതത്തിൽ ഉടനീളം ഇത്തരം ശ്രദ്ധിക്കപ്പെടുന്ന വിഷയങ്ങൾ ഉണ്ടായിട്ടുണ്ട് അവരുടെ വിവാഹവും ഇതുപോലെ തന്നെയായിരുന്നു. രവി എന്ന ഒരു നോർത്ത് ഇന്ത്യൻകാരനായ അസിസ്റ്റന്റ് ഡയറക്ടറെ ആണ് അവർ വിവാഹം ചെയ്തത്. വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ചുകൊണ്ട് അവർ ഒന്നാകുകയാണ് ഉണ്ടായത്. 30 വർഷം നീണ്ട ദാമ്പത്യത്തിൽ അവർക്ക് ഇന്നും കുട്ടികൾ ഇല്ല. അതിൻറെ പിന്നിൽ അവർ വെളിപ്പെടുത്താത്ത ചില കാരണങ്ങൾ ഉണ്ടെന്ന് പറയപ്പെടുന്നു. എന്നാൽ ഇപ്പോൾ ആത്മീയ ചടങ്ങിൽ വികാരാധീനയായി കണ്ട സുധാ ചന്ദ്രനെ പലരും ട്രോളിയപ്പോൾ ചിലർ ആശങ്ക പ്രകടിപ്പിച്ചപ്പോൾ താൻ ഇതെക്കുറിച്ച് ആർക്കും വിശദീകരണം നൽകേണ്ട ആവശ്യമില്ലെന്നും ഭക്തിയാണ് തന്നെ നയിച്ചതെന്നും താരം വ്യക്തമാക്കി. അതൊരു സവിശേഷ നിമിഷമാണ് ആ ചൈതന്യം എന്നിലേക്ക് പ്രവേശിച്ചു, എന്നിലൂടെ മറ്റുള്ളവരിലേക്കും അനുഗ്രഹങ്ങൾ എത്തിയതും ജീവിതത്തിൽ ഏറ്റവും സന്തോഷകരമായ കാര്യമായിട്ടാണ് ഞാൻ കാണുന്നത്. അതുകൊണ്ടുതന്നെ ആ വീഡിയോ വൈറൽ ആയതിൽ തനിക്ക് വിഷമമില്ലെന്നാണ് സുധാ ചന്ദ്രൻ പറയുന്നത്’.
















