തിരുവല്ല: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ബലാത്സംഗ പരാതിയില്‍ എസ്‌ഐടി കോടതിയില്‍ എത്തിയത് പ്രതിക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ ഉണ്ടാക്കി. ശാസ്ത്രീയ തെളിവുകള്‍ അടക്കം ശേഖരിക്കാതെയും ക്രിമിനല്‍ നടപടിച്ചട്ടങ്ങള്‍ പാലിക്കാതെയും തിടുക്കത്തിലുള്ള അറസ്റ്റ് പ്രതിക്ക് ശിക്ഷ ഉറപ്പാക്കുക എന്നതിനപ്പുറം രാഷ്‌ട്രീയ വിവാദത്തിലൂടെ ജനശ്രദ്ധ തിരിക്കാന്‍ മാത്രം. ഡിജിറ്റല്‍ പരാതി മാത്രം ആധാരമാക്കിയുള്ള അറസ്റ്റ് വിചാരണാ വേളയില്‍ പ്രതിക്ക് അനുകൂലമാകുമെന്ന് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
യുവതിയുടെ പരാതിയില്‍ പരാമര്‍ശിക്കുന്ന ഡിഎന്‍എ ഫലം അടക്കമുള്ള തെളിവുകള്‍ ഇതുവരെ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. എന്നാല്‍ ബലാത്സംഗ ദൃശ്യങ്ങള്‍ പ്രതിയുടെ ഫോണിലുണ്ടെന്ന യുവതിയുടെ പരാതിയെതുടര്‍ന്നാണ് അറസ്റ്റ് വേഗത്തിലാക്കിയതെന്ന് എസ്ഐടി വൃത്തങ്ങള്‍ പറയുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഈ ഫോണ്‍ കണ്ടെടുക്കേണ്ടതുണ്ട്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളിലും അന്വേഷണം നടത്തേണ്ടതുണ്ടെന്നും എസ്‌ഐടി കോടതിയെ അറിയിക്കും. നിലവില്‍ രാഹുലിനെ ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് എസ്‌ഐടി ആവശ്യപ്പെടുക.
ഈ ചുരുങ്ങിയ സമയം കൊണ്ട് കേസിന് ആവശ്യമായ തെളിവുകള്‍ ശേഖരിക്കുക പ്രായോഗികമല്ല. ശബരിമല കൊള്ളയില്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടിലായ അവസ്ഥ മറികടക്കാനാണ് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് അറസ്റ്റ് തിടുക്കത്തിലാക്കിയതെന്ന ആക്ഷേപം മശക്തമാണ്. വിവാദങ്ങളും വാര്‍ത്തകളും രാഹുലില്‍ കേന്ദ്രീകരിച്ചതോടെ താത്കാലിക ആശ്വാസത്തിലാണ് സര്‍ക്കാര്‍.
രാഹുല്‍ ഇപ്പോള്‍ കോണ്‍ഗ്രസുകാരനല്ല എന്ന നിലപാടാണ് കോണ്‍ഗ്രസിന്റേത്. എന്നാല്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച രാഹുലിനോട് പാര്‍ട്ടി എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെടാത്തിടത്തോളം അയാളെ കോണ്‍ഗ്രസ് എംഎല്‍എ എന്ന രീതിയിലേ ജനം പരിഗണിക്കൂ എന്നത് പാര്‍ട്ടിയെ വെട്ടിലാക്കുന്നു.
ബലാത്സംഗം നടന്നതായി പരാതിയില്‍ പറയുന്ന 2024 ഏപ്രില്‍ എട്ടിന് രാഹുല്‍ തിരുവല്ലയിലെ ആഡംബര ഹോട്ടലില്‍ എത്തിയതിന്റെ രേഖകള്‍ എസ്‌ഐടിക്ക് ലഭിച്ചിട്ടുണ്ട്.
ഹോട്ടല്‍ രജിസ്റ്ററില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നതിനു പകരം രാഹുല്‍ ബി.ആര്‍. എന്നാണ് എഴുതിയിരിക്കുന്നത്.
















