ന്യൂദല്‍ഹി: നൂതനാശയങ്ങള്‍, ഊര്‍ജ്ജം, ലക്ഷ്യം എന്നിവയാല്‍ രാഷ്‌ട്രനിര്‍മാണത്തില്‍ യുവാക്കള്‍ മുന്‍പന്തിയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
വികസിതഭാരതം യുവനേതൃസംവാദത്തിന്റെ സമാപന സമ്മേളനത്തെ ദേശീയ യുവജനദിനത്തില്‍ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. യുവാക്കള്‍ക്ക് പ്രചോദനത്തിന്റെ ഉറവിടമാണ് സ്വാമി വിവേകാനന്ദന്‍. അദ്ദേഹത്തിന്റെ വ്യക്തിത്വവും പ്രവര്‍ത്തനവും വികസിത ഭാരതത്തിനായുള്ള ദൃഢനിശ്ചയത്തിന് പുതിയ ഊര്‍ജം പകരുന്നത് തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
യുവാക്കളെ കേന്ദ്രീകരിച്ച്, എന്‍ഡിഎ സര്‍ക്കാരുകള്‍ തുടര്‍ച്ചയായ പദ്ധതികള്‍ ആവിഷ്‌കരിച്ചതായി മോദി ചൂണ്ടിക്കാട്ടി. ഭാരതത്തില്‍ സ്റ്റാര്‍ട്ടപ്പ് വിപ്ലവത്തിന് യഥാര്‍ത്ഥത്തില്‍ ആക്കം കൂട്ടിയത് ഇതാണ്. സംസ്‌കാരം, ഉള്ളടക്കം, സര്‍ഗാത്മകത എന്നിവയില്‍ വേരൂന്നിയ ഓറഞ്ച് സമ്പദ്‌വ്യവസ്ഥയായി ഭാരതം ശ്രദ്ധേയമായ വളര്‍ച്ച കൈവരിച്ചു. അടിമത്ത മാനസികാവസ്ഥയില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാന്‍ ഭാരതത്തിലെ യുവാക്കള്‍ ദൃഢനിശ്ചയം എടുക്കണമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്രയുവജനകാര്യ, കായിക മന്ത്രി ഡോ. മന്‍സൂഖ് മാണ്ഡവ്യ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.
















